തലശ്ശേരി– മാഹി ബൈപാസ്: ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിലെ ആശങ്ക അകലുന്നില്ല; അപകടങ്ങൾ പതിവ്
Mail This Article
മാഹി∙ തലശ്ശേരി– മാഹി ബൈപാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിലെ ആശങ്ക അകലുന്നില്ല. ദിവസവും രണ്ടോ അതിൽ കൂടുതലോ അപകടങ്ങൾ ഇപ്പോഴും നടക്കുന്നു എന്നത് നാട്ടുകാർക്ക് ഭീതി ആയി മാറി. ഇന്നലെ രാവിലെ 9.30നു തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന കാർ സിഗ്നൽ പോസ്റ്റിൽ നിന്നും അശ്രദ്ധയോടെ യു ടേൺ എടുക്കാൻ ശ്രമിച്ചതിൽ അപകടം ഒഴിവായത് ട്രാഫിക്കിൽ ഡ്യൂട്ടിയിൽ ആയിരുന്ന കോൺസ്റ്റബിൾ സന്ദീപിന്റെ ഇടപെടൽ കൊണ്ടു മാത്രമാണ്.
കാറിൽ കുട്ടികൾ ഉൾപ്പെട്ട യാത്രക്കാർ ആണ് ഉള്ളത്. ചൊക്ലി– പെരിങ്ങാടി റോഡ് ഒഴിഞ്ഞ നിലയിൽ കാണുമ്പോൾ സിഗ്നൽ പരിഗണിക്കാതെ ഡ്രൈവർമാർ ബൈപാസിൽ വാഹനം ഓടിച്ച് കയറ്റുന്നത് നെഞ്ചിടിപ്പ് ഉയർത്തുന്ന കാഴ്ചയാണ്. ട്രാഫിക് പൊലീസ് നിൽക്കുന്നതും ജീവൻ പണയം വച്ചാണ്. സിഗ്നൽ മനസ്സിലാവാതെ ഓടിച്ചു കയറുന്നവരെ നിയന്ത്രിക്കുന്നത് സൂക്ഷിച്ചില്ലെങ്കിൽ സ്വന്തം ജീവൻ അപകടത്തിൽ ആകുന്ന അവസ്ഥയാണ് നിലവിൽ. വെയിൽ ആയാലും മഴ ആയാലും കയറി നിൽക്കാൻ ട്രാഫിക് ബൂത്ത് ഇല്ല. ഇതിനിടയിൽ ആറു വരി പാതയിൽ ട്രാഫിക് ലംഘനം സിഗ്നൽ പോസ്റ്റിൽ നിന്നും നിയന്ത്രിക്കുക ഏറെ പ്രയാസമാണ്.
ക്യാമറകളില്ലെന്നത് ട്രാഫിക് ലംഘനം വർധിക്കാൻ കാരണമാകുന്നു. ട്രാഫിക് ബൂത്തും ക്യാമറയും വേഗം നടപ്പാക്കണമെന്നാണ് ആവശ്യം. തെരുവ് വിളക്കും ഇതുവരെ സ്ഥാപിച്ചിട്ടില്ല. ട്രാഫിക് ബോധവൽക്കരണം നാട്ടുകാർ ഡ്രൈവർമാർക്ക് നൽകാൻ ആവശ്യമായ നടപടി വേണം. മാഹി ട്രാഫിക് പൊലീസിന് ആവശ്യമായ അംഗ ബലമില്ല എന്നതും പ്രതിസന്ധിയാണ്. ദുരന്തം വരുമ്പോൾ മാത്രം ഉണരുന്ന അവസ്ഥ ശരിയല്ലെന്ന് നാട്ടുകാർ പറഞ്ഞു.