ഇത് കാലം കാത്തുവച്ച കഥ; അംബികാസുതൻ മാങ്ങാടിന് കഥയെഴുത്തിന്റെ 50–ാം വർഷം
Mail This Article
കാസർകോട് ∙ ചിതൽ തിന്നാതെ കാലം കാത്തുവച്ചൊരു കഥയുണ്ട് കാസർകോട് ഗവ. യു.പി.സ്കൂൾ ലൈബ്രറിയിൽ. കഥാകാരന്റെ പേര് അംബികാസുതൻ, ആറാം തരം. മലയാളിയുടെ പ്രിയ എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് തന്റെ കഥാ ജീവിതത്തിന് തുടക്കമിട്ട് 1973ൽ എഴുതിയ കഥ. ആ കഥാപിറവിക്ക് ഇത് 50ാം വർഷം. കാസർകോട് ഗവ.യുപി സ്കൂൾ വിദ്യാർഥി ആയിരിക്കെ ‘ജീവിത പ്രശ്നങ്ങൾ’ എന്ന പേരിലാണ് മാങ്ങാട് ആദ്യ കഥ എഴുതിയത്. 1974ൽ സ്കൂളിൽ നിന്നിറക്കിയ ‘സാഹിത്യ കുസുമം’ കയ്യെഴുത്തു മാസികയിൽ അത് പ്രസിദ്ധീകരിച്ചു. അംബികാസുതൻ പോലും മറന്നുപോയൊരു കഥയായിരുന്നു അത്. ഒരു വർഷം മാത്രമാണ് ഈ സ്കൂളിൽ അദ്ദേഹം പഠിച്ചത്. അതിനാൽ ഇങ്ങനെ ഒരു കഥ മാസികയിൽ പ്രസിദ്ധീകരിച്ചത് ഓർമയിൽ ഉണ്ടായിരുന്നില്ല.
2003ൽ കുട്ടികൾ സ്കൂളിലെ പഴയ അലമാരയിലെ പുസ്തകങ്ങൾ അടുക്കി വയ്ക്കുമ്പോഴാണ് ഇത്തരമൊരു പുസ്തകം കണ്ടത്. മറിച്ചു നോക്കിയപ്പോൾ അംബികാ സുതൻ എന്നൊരു പേര് കണ്ടു. അന്ന് സ്കൂളിലെ അധ്യാപകനായിരുന്ന ജി.ബി.വത്സനെ കുട്ടികൾ കഥ കാണിച്ചു. ഗജാനനവും സാധാരണ വേഷങ്ങളും കൂട്ടിലെ കുഞ്ഞുങ്ങളും സീതായനവും മാഷ് വായിച്ചു തന്ന മറ്റു കഥകളും എഴുതിയ എഴുത്തുകാരനല്ലേ ഇത് എന്ന് കുട്ടികൾ സംശയം ചോദിച്ചു. ജി.ബി.വത്സൻ ഉടൻ തന്നെ വിളിച്ചപ്പോൾ ആ കഥയെക്കുറിച്ച് ഓർമയേ ഉണ്ടായിരുന്നില്ലെന്ന് അംബികാ സുതൻ പറഞ്ഞു.
മാസികയുടെ വർഷം പരിശോധിച്ചപ്പോൾ താൻ സ്കൂളിൽ പഠിച്ച സമയമാണ് അത് പ്രസിദ്ധീകരിച്ചത്. അംബികാ സുതൻ എന്ന പേരും മറ്റാർക്കും അധികം ഇല്ലാത്തതിനാൽ അത് എന്റെ കഥയാണെന്ന് ഉറപ്പിച്ചു. ദാരിദ്രം പ്രമേയമാക്കി എഴുതിയ കഥയായിരുന്നു ‘ജീവിത പ്രശ്നങ്ങൾ’.അംബികാസുതൻ മാങ്ങാട് പറഞ്ഞു. കഥ പ്രസിദ്ധീകരിച്ച കാസർകോട് ഗവ.യു.പി.സ്കൂളിലെ കുട്ടികളുമായി സംവദിക്കാൻ അംബികാസുതൻ ഇന്ന് സ്കൂളിലെത്തും.