നീലേശ്വരത്ത് കാർ പാർക്ക് ചെയ്തു; കോഴിക്കോട്ട് എത്തിയപ്പോഴേക്കും കേസായി !!

Mail This Article
നീലേശ്വരം∙ റെയിൽവേ ട്രാക്കിനു സമീപം അലക്ഷ്യമായി കാർ നിർത്തിയിട്ട് ഉടമ കോഴിക്കോട്ട് പോയി; റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണിക്കായി ഓടിക്കൊണ്ടിരുന്ന എൻജിൻ നിർത്തിയിടേണ്ടി വന്നു. ഇന്നലെ നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിനു സമീപമാണ് സംഭവം. ട്രാക്ക് മെയിന്റനൻസ് എൻജിന് ഇതുവഴി കടന്നുപോകാൻ സാധിക്കാതായതോടെ കാസർകോട് റെയിൽവേ പൊലീസ് വിവരമറിയിച്ചതിനുസരിച്ച് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി.
എഎസ്ഐമാരായ എ.അജയകുമാർ, എം.മഹേന്ദ്രൻ, എം.സുമേഷ് കുമാർ എന്നിവർ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ പടന്നക്കാട് ഐങ്ങോത്ത് സ്വദേശിയാണ് ആർസി ഉടമസ്ഥനെന്നു തിരിച്ചറിഞ്ഞു. ഇദ്ദേഹത്തെ ബന്ധപ്പെട്ടപ്പോഴാണ് കോഴിക്കോട് ആണെന്നു വിവരം കിട്ടിയത്. വിവരം കൈമാറിയതോടെ റെയിൽവേ പൊലീസ് ഉടമയ്ക്കെതിരെ കേസ് എടുത്ത് വാഹനം കസ്റ്റഡിയിൽ എടുത്തു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local