അജാനൂരിലെ ടൂറിസം വില്ലേജ് പദ്ധതി: നിക്ഷേപക കമ്പനി പിന്മാറി

Mail This Article
കാഞ്ഞങ്ങാട് ∙ അജാനൂർ പഞ്ചായത്തിലെ പൊയ്യക്കര, കൊത്തിക്കാൽ ഭാഗത്തെ ബേക്കൽ ടൂറിസം വില്ലേജ് പദ്ധതിയിൽ നിന്നു നിക്ഷേപക കമ്പനി പിന്മാറി. ടൂറിസം വകുപ്പിനു കീഴിലെ ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡുമായി (ബിആർഡിസി) പദ്ധതിക്ക് കരാർ ഒപ്പിട്ട മോറെക്സ് ഗ്രൂപ്പാണ് പദ്ധതിയിൽ നിന്നു പിന്മാറാൻ താൽപര്യം അറിയിച്ചത്.
ഔദ്യോഗികമായി കത്ത് നൽകുന്നതോടെ പുതിയ സംരംഭകരെ കണ്ടെത്താനുള്ള നടപടികളിലേക്കു ബിആർഡിസി കടക്കും.കരാർ കാലാവധി കഴിഞ്ഞിട്ടും പണി തുടങ്ങാത്തതിനെ തുടർന്ന് ബിആർഡിസി മോറെക്സ് ഗ്രൂപ്പിന് നോട്ടിസ് നൽകിയിരുന്നു. പിന്നെയും കാലതാമസം വന്നതോടെയാണ് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം യോഗം വിളിച്ചത്. ഈ യോഗത്തിലാണ് മോറെക്സ് ഗ്രൂപ്പ് പിന്മാറാൻ സന്നദ്ധ അറിയിച്ചത്.
നടപ്പിലാക്കാൻ ലക്ഷ്യമിട്ടത് 250 കോടിയുടെ പദ്ധതികൾ
ബേക്കൽ ടൂറിസം വില്ലേജിൽ രണ്ടു ഘട്ടങ്ങളിലായി 250 കോടിയുടെ പദ്ധതികളാണ് മോറെക്സ് ഗ്രൂപ്പ് നടപ്പിലാക്കാൻ ലക്ഷ്യമിട്ടത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആണ് മോറെക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഎംഡി ഷെരീഫ് മൗലക്കിരിയത്തിനു കരാറും ലൈസൻസും കൈമാറിയത്.
കരാർ പ്രകാരം കാസർകോട് ജില്ലയിലെ അജാനൂർ പഞ്ചായത്തിലെ 33.18 ഏക്കർ ഭൂമി 30 വർഷത്തേക്ക് മോറെക്സ് ഗ്രൂപ്പിനു കൈമാറിയിരുന്നു.അജാനൂർ പഞ്ചായത്തിലെ പൊയ്യക്കര, കൊത്തിക്കാൽ ഭാഗത്ത് 1996ൽ ബിആർഡിസി റിസോർട്ട് നിർമാണത്തിനായി വാങ്ങിയ സ്ഥലത്താണ് ബേക്കൽ ടൂറിസം വില്ലേജ് നിർമിക്കാൻ ലക്ഷ്യമിട്ടത്. ഇതിൽ 2 ഏക്കർ സ്ഥലം കൊത്തിക്കാലും ബാക്കിയുള്ള സ്ഥലം പൊയ്യക്കരയിലുമാണ് ഉള്ളത്.
പദ്ധതി ഇങ്ങനെ
പൂർണമായും കാർബൺ ന്യൂട്രൽ ആശയങ്ങൾ ഉൾക്കൊണ്ടുള്ള നിർമാണമാണ് ലക്ഷ്യമിട്ടത്. പ്രവേശന കവാടം കടന്നാൽ പിന്നെ 33 ഏക്കർ സ്ഥലത്തും മോട്ടർ വാഹനങ്ങൾ അനുവദിക്കില്ല. സൈക്കിൾ, വൈദ്യുതി വാഹനങ്ങൾ, നടവഴികൾ എന്നിവ മാത്രമേ ഉണ്ടാകൂ. ആകെയുള്ള 33.18 ഏക്കറിൽ 3.5 ഏക്കർ സ്ഥലത്ത് മാത്രമാണ് സിആർസെഡ് നിയമപ്രകാരം സ്ഥിര നിർമാണം നടത്തുക. ഇവിടെ ടൂറിസം കോട്ടേജുകൾ പണിയും.
90 മുറികൾ വരെയുള്ള കോട്ടേജുകളാണ് നിർമിക്കാൻ ലക്ഷ്യമിട്ടത്. ബാക്കിയുള്ളിടത്ത് താൽക്കാലിക ടെന്റുകൾ നിർമിക്കാനുമാണ് പദ്ധതി. ഇതെല്ലാം പ്രകൃതിദത്തമായ താൽക്കാലിക നിർമിതികളാണ്. ആദ്യ ഘട്ട നിർമാണം 2 വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.
കാടുമൂടിയ സ്ഥലം
പ്രസ്തുത സ്ഥലം റിസോർട്ട് നിർമാണത്തിനായി ആദ്യം ലീസിന് എടുത്തവർ ഉപേക്ഷിച്ചതോടെ തൃശൂരിലെ ജോയ്സ് ഗ്രൂപ്പിന് കൈമാറി. എന്നാൽ തീരദേശ പരിപാലന നിയമനം കർശനമായതോടെ ഇവിടെ നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.ഇതോടെ ജോയ്സ് ഗ്രൂപ്പും പദ്ധതി ഉപേക്ഷിച്ചു. റിസോർട്ട് നിർമാണം തടസ്സപ്പെട്ടതോടെ സ്ഥലം വർഷങ്ങളായി കാടു മൂടി കിടക്കുകയായിരുന്നു.പിന്നീട് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും ബിആർഡിസിയുടെയും ഇടപെടലിൽ പുതു ജീവൻ ലഭിച്ച പദ്ധതിയാണ് വീണ്ടും കുരുക്കിൽ പെട്ട് നടപ്പിലാക്കാൻ വൈകുന്നത്.
ബിആർഡിസിക്ക് 4 തീരദേശ പഞ്ചായത്തുകളിലായി (അജാനൂർ, പള്ളിക്കര, ഉദുമ, ചെമ്മനാട്) 6 റിസോർട്ട് സൈറ്റുകളാണുള്ളത്. ഇതിൽ 3 റിസോർട്ടുകളും ഉദുമ പഞ്ചായത്തിലാണ്. ചെമ്മനാട് പഞ്ചായത്തിലെ ചെമ്പരിക്കയിലെ നിലച്ചുപോയ റിസോർട്ട് നിർമാണം കാഞ്ഞങ്ങാട് രാജ് റസിഡൻസി ഗ്രൂപ്പ് ഏറ്റെടുത്ത് നിർമാണം പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. കൊളവയലിലെ ബേക്കൽ ടൂറിസം വില്ലേജ് പ്രവർത്തനവും ഇപ്പോൾ ത്രിശങ്കുവിലായി.