മറ്റൊരാളെ വിവാഹം കഴിച്ചതിന് യുവതിയുടെ വീടിന് തീയിട്ടു, ദമ്പതികളെ ആക്രമിച്ചു ; യുവാവ് അറസ്റ്റിൽ

Mail This Article
കൊല്ലം ∙ മറ്റൊരാളെ വിവാഹം കഴിച്ചതിന് യുവതിയുടെ വീടിനു തീയിട്ട കേസിൽ യുവാവ് അറസ്റ്റിൽ. തട്ടാർകോണം മേലൂട്ട് കാവ് ക്ഷേത്രത്തിന് സമീപം മനക്കര തൊടിയിൽ അഖിൽ (26) ആണ് പിടിയിലായത്. പ്രതി യുവതിയുമായി അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ യുവതി തൃശൂരിലെ ജ്വല്ലറിയിൽ ജോലി ലഭിക്കുകയും അവിടേക്ക് പോയി. അവിടെ വച്ച് വയനാട് സ്വദേശിയായ യുവാവുമായി പ്രണയത്തിലാവുകയും ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയും ചെയ്തു.
കഴിഞ്ഞ മാർച്ച് 8ന് ഇരുവരും കിളികൊല്ലൂരിലെ പെൺകുട്ടിയുടെ വീട്ടിലെത്തി. യുവതി വീട്ടിലെത്തിയത് അറിഞ്ഞ പ്രതി ദമ്പതികളെ ആക്രമിച്ചു. സംഭവത്തിനു ശേഷം അന്ന് തന്നെ ദമ്പതികൾ വയനാട്ടിലേക്കു പോയി. അന്നേ ദിവസം മദ്യപിച്ചെത്തിയ പ്രതി യുവതിയുടെ വീടിനു തീയിടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ഒളിവിൽ കഴിഞ്ഞ പ്രതി കിളികൊല്ലൂരിൽ എത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് ഇൻസ്പെക്ടർ എച്ച്.മുഹമ്മദ്ഖാന്റ നേതൃത്വത്തിൽ എസ്‌ഐമാരായ എ.പി.അനീഷ്, ശ്രീനാഥ്, ഗ്രേഡ് എസ്ഐ ജാനസ് പി ബേബി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.