സ്ത്രീയുടെ പേരിൽ വ്യാജ പ്രൊഫൈൽ, പരിചയപ്പെട്ട ശേഷം അശ്ലീല വിഡിയോ; യുവാവ് പിടിയിൽ

Mail This Article
കൊല്ലം ∙ സമൂഹമാധ്യമത്തിലൂടെ സ്ത്രീകൾക്ക് അശ്ലീല വിഡിയോ അയച്ച യുവാവ് പിടിയിൽ. പാലക്കാട് ചേർപ്പുളശേരിയിൽ താമസിക്കുന്ന കരുനാഗപ്പള്ളി കുലശേഖരപുരം കോട്ടയ്ക്കുപുറം തേവലശ്ശേരി മുക്ക് പീടികത്തറയിൽ സൈനുദ്ദീൻ കുട്ടി (ഷറഫുദ്ദീൻ–39) ആണു പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചശേഷം അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും അയച്ചു നൽകുകയായിരുന്നു.
കരുനാഗപ്പള്ളി സ്വദേശിനി ജില്ലാ പൊലീസ് മേധാവി ടി.നാരായണനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. കൊല്ലം സൈബർ ക്രൈം നടത്തിയ അന്വേഷണത്തിൽ ഇയാൾ വിദേശത്തായിരിക്കെ സ്ത്രീയുടെ പേരിൽ സൃഷ്ടിച്ച വ്യാജ പ്രൊഫൈൽ ഉപയോഗിച്ചാണു സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചതെന്നു കണ്ടെത്തിയിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.
അപരിചിതരായ സ്ത്രീകളുമായി സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദത്തിൽ ഏർപ്പെടുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അസ്വാഭാവികമായതു ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസ് സഹായം തേടണമെന്നും കമ്മിഷണർ അറിയിച്ചു. സി ബ്രാഞ്ച് എസിപി സോണി ഉമ്മൻ കോശിയുടെ നേതൃത്വത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എച്ച്.മുഹമ്മദ് ഖാൻ, എസ്ഐമാരായ മനാഫ്, അജിത്ത്, എഎസ്ഐ എ.നിയാസ്, എസ്‌സിപിഒമാരായ അരുൺ, സതീശ്, രാജിമോൾ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.