പരിശോധന നടന്നില്ല: കല്ലടയാറ്റിലെ മണൽവാരൽ അനിശ്ചിതത്വത്തിൽ
Mail This Article
കുളത്തൂപ്പുഴ∙ വനംവകുപ്പിന്റെ വനശ്രീ മണൽ കേന്ദ്രത്തിലേക്കു കല്ലടയാറ്റിൽ നിന്നു മണൽ വാരിയെത്തിക്കാനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ. വേനൽ ശക്തമായതോടെ നീരൊഴുക്ക് നിലച്ച കല്ലടയാറ്റിലെ മണൽ വാരുന്ന കടവുകളിൽ മണൽ നിറഞ്ഞു. അടുത്ത മഴക്കാലത്തിന് മുൻപ് മണൽ വാരിയില്ലെങ്കിൽ നഷ്ടക്കണക്കാകും. എത്ര തോതിൽ മണൽ വാരണം എന്നതിൽ കണക്കെടുപ്പു നടത്താൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് വനംവകുപ്പ് നൽകിയ സർവേ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പരിശോധന നടത്താൻ നടപടി ഉണ്ടായില്ല.
ഇതേത്തുടർന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതിയും വൈകുന്നു. വനംവകുപ്പ് മുൻപു നൽകിയ സർവേ റിപ്പോർട്ട് ജിയോളജി വകുപ്പ് തള്ളിയ ശേഷം പുതിയതു സമർപ്പിക്കാൻ നിർദേശം നൽകിയാണു പരിശോധന ഒഴിവാക്കിയത്. ജനുവരി അവസാന വാരം പരിശോധന നടത്തുമെന്നായിരുന്നു ജിയോളജി വകുപ്പിന്റെ അറിയിപ്പ്. പ്രളയത്തെത്തുടർന്നു നേരത്തേ നടത്താനിരുന്ന പരിശോധന നടന്നിരുന്നില്ല. കല്ലടയാറിന്റെ ചോഴിയക്കോട് മിൽപാലം കടവുകളിൽ നിന്ന് എത്ര തോതിൽ മണൽ വാരണം എന്നു ജിയോളജി വകുപ്പ് പരിശോധന നടത്തി തിട്ടപ്പെടുത്തണം.
ഈ റിപ്പോർട്ടിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വനംവകുപ്പിന് അനുമതി നൽകിയ ശേഷമേ നടപടികൾ തുടങ്ങാനാകൂ. റവന്യു വകുപ്പ് സർവേ നടത്തി നൽകുന്ന റിപ്പോർട്ടാണ് വനംവകുപ്പ് അംഗീകരിച്ച ശേഷം ജിയോളജി വകുപ്പിനു കൈമാറുക. മുൻപു നൽകിയ റിപ്പോർട്ട് തള്ളിയതോടെ റവന്യു വകുപ്പിന്റെ സർവേ വിഭാഗത്തിനോട് പുതിയ സർവേ നടത്തി റിപ്പോർട്ട് നൽകാൻ വനംവകുപ്പ് രേഖാമൂലം ആവശ്യപ്പെടും. മാർച്ചിൽ നടപടി പൂർത്തിയാക്കി അനുമതി ലഭിച്ചില്ലെങ്കിൽ വരുന്ന മഴക്കാലത്തിനു മുൻപ് മണൽ വാരിത്തീർക്കാനാകില്ല. വനസംരക്ഷണ സമിതികളിലെ തൊഴിലാളി ക്ഷാമം കാരണം അനുമതി ലഭിക്കുന്ന മണൽ പോലും നിശ്ചിത കാലയളവിൽ വാരാൻ കഴിയുന്നില്ല.
വേനൽ സീസണിൽ 1200 ലോഡ് (6000 എംക്യൂബ്) മണൽ വാരാനാണു മുൻവർഷങ്ങളിൽ അനുമതി ലഭിച്ചിരുന്നത്. തൊഴിലാളി ക്ഷാമം കാരണം 600 ലോഡ് മണൽ മാത്രമേ വാരിത്തീർക്കാൻ കഴിഞ്ഞിരുന്നുള്ളൂ. മണൽ വാരലിന് അനുമതി ലഭിക്കുന്നതിലും തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിലും വഴി കാണാതെ പ്രതിസന്ധികൾ വിട്ടുമാറില്ല. ജൂണിലെ മഴ സീസണിനു മുൻപ് മണൽ വാരിത്തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ കാര്യങ്ങൾ തകിടം മറിയും.
ബിപിഎൽ വിഭാഗക്കാർക്ക് 11,933 രൂപയും എപിഎൽ വിഭാഗക്കാർക്ക് 20,837 രൂപയുമാണു വനശ്രീ കേന്ദ്രത്തിലെ മണലിന്റെ വില. 1000 ചതുരശ്ര അടി വരെയുള്ള വീടുകൾ ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുത്തി മാനദണ്ഡങ്ങളിൽ വനംവകുപ്പ് ഇളവു വരുത്തിയിരുന്നു. ലൈഫ് ഭവന പദ്ധതിയിൽ അടക്കം വീടു പണിക്കായി അപേക്ഷകർ മണലിനായി കാത്തിരിപ്പു തുടരുകയാണ്. പുതിയ അപേക്ഷ സമർപ്പിച്ചാൽ മണൽ എന്നു കിട്ടുമെന്ന് ഉറപ്പില്ലാതെയായി പുതിയ അപേക്ഷകർക്ക്.