മണ്ഡലകാലത്തിന് തുടക്കം; ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്
Mail This Article
തെന്മല∙ ശരണം വിളികളുമായി ദർശനപുണ്യം തേടിയെത്തുന്ന ഭക്തജന ലക്ഷങ്ങൾക്കു വരവേൽപുമായി കാനനക്ഷേത്രങ്ങളായ കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ ശാസ്താ ക്ഷേത്രങ്ങളിൽ മണ്ഡലകാലത്തിനു ഭക്തിനിർഭരമായ തുടക്കം. മൂന്നു ക്ഷേത്രങ്ങളിലും മണ്ഡലകാലത്തിന്റെ ആദ്യദിനത്തിൽ രാവിലെ വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ഇന്നും നാളെയും തിരക്ക് വർധിക്കുമെന്നാണു പ്രതീക്ഷ. അച്ചൻകോവിൽ ശാസ്താ ക്ഷേത്രത്തിൽ മണ്ഡലകാലാരംഭത്തിൽ കൊച്ചുപതിനെട്ടാംപടിയുടെ താഴെയും കറുപ്പസ്വാമി കോവിലിലും കൊടിമരത്തിൽ കൊടിയേറ്റു നടന്നു. മേൽശാന്തി രാജേഷ് എമ്പ്രാന്തിരി കാർമികത്വം വഹിച്ചു. കുളത്തൂപ്പുഴയിൽ ക്ഷേത്ര ഉപദേശക സമിതി അന്നദാനം നടത്തി. മേൽശാന്തി എൻ.ശംഭു ശർമ കാർമികത്വം വഹിച്ചു. പുലർച്ചെ മുതൽ വ്രതാരംഭത്തിനായി മാലയിടാൻ നൂറുകണക്കിനു വിശ്വാസികൾ ക്ഷേത്രത്തിൽ എത്തി. ആര്യങ്കാവ് ക്ഷേത്രത്തിൽ മണ്ഡലകാലത്തിന്റെ ആരംഭം കുറിച്ചു കെടാവിളക്ക് തെളിയിച്ചു. മേൽശാന്തി പി.കെ.ഷിബു ശ്രീകോവിലിൽ നിന്നും തെളിയിച്ച കെടാവിളക്ക് പ്രദക്ഷിണം നടത്തി കളപ്പുരയിൽ സ്ഥാപിച്ചതോടെ 41 ദിവസത്തിലെ വൃശ്ചികച്ചിറപ്പിനു തുടക്കമായി. ഇതോടെ കളമെഴുത്തും പാട്ടിനും ആരംഭമായി.