ഫയർലൈൻ വാച്ചർക്ക് കരടിയുടെ കടിയേറ്റ സംഭവം: ആവശ്യമായ സഹായം നൽകിയെന്ന് വനംവകുപ്പ്
Mail This Article
തെന്മല∙ തെന്മല വാലി അമ്പനാട് ടീ ആർ ആൻഡ് ടീ തോട്ടത്തിലെ ബംഗ്ലാവിനു സമീപത്തെ വനത്തിൽ ജോലിക്കിടെ ഫയർ ലൈൻ വാച്ചർക്കു കരടിയുടെ കടിയേറ്റ സംഭവത്തിൽ സ്വകാര്യ ജീപ്പ് സൗകര്യവും ആവശ്യമായ സഹായങ്ങളും വനംവകുപ്പ് നൽകിയിരുന്നതായി വനംവകുപ്പ് പത്തനാപുരം റേഞ്ച് അധികൃതർ അറിയിച്ചു. വനംവകുപ്പിന്റെ വാഹനം സംഭവ സ്ഥലത്ത് എത്തുന്നതിനു മണിക്കൂറുകൾ വേണ്ടിവരുമെന്നതിനാലാണു സ്വകാര്യ ജീപ്പ് സൗകര്യം ഒരുക്കിയതെന്നും അറിയിച്ചു.
ഫയർ ലൈൻ വാച്ചർ മാമ്പഴത്തറ ഗിരിജൻ കോളനിയിൽ രാജുവിനാണു (47) കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12ന് ജോലിക്കിടെ കരടിയുടെ മുന്നിൽ അകപ്പെട്ടപ്പോഴാണ് കൈപ്പത്തിക്കു കടിയേറ്റത്. കൂട്ടാളിയായ അരുൺ ആയുധം ഉപയോഗിക്കാൻ ശ്രമിച്ചതോടെ കരടി കാട്ടിലേക്കു പിൻവാങ്ങുകയായിരുന്നു.പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജുവിനു പ്രാഥമിക ചികിത്സ നൽകിയ ശേഷം ആന്റി റാബീസ് വാക്സീന്റെ ആദ്യ കുത്തിവയ്പ് നൽകി.
നാളെയും 7നും ശേഷിച്ച കുത്തിവയ്പ്പുകൾ എടുക്കും. സംഭവത്തിൽ വനംവകുപ്പിന്റെ ധനസഹായം രാജുവിനു നൽകുമെന്നും വനംവകുപ്പ് അറിയിച്ചു. ആദിവാസി വിഭാഗക്കാർക്കു വനത്തിനുള്ളിലും പുറത്തും വന്യജീവികളുടെ ആക്രമണം നേരിട്ടാൽ ധനസഹായം ലഭിക്കും. മറ്റു വിഭാഗക്കാർക്കു വനത്തിനു പുറത്തു വച്ച് ആക്രമണം നേരിട്ടാലേ ധനസഹായം ലഭിക്കൂ.