കെപിപിഎൽ ഒന്നര വർഷം കൊണ്ട് 3,200 കോടി വിറ്റുവരവു നേടും, 3,000 പേർക്ക് തൊഴിൽ നൽകും; മന്ത്രി പി. രാജീവ്

Mail This Article
വെള്ളൂർ ∙ ഒന്നര വർഷത്തിനുള്ളിൽ 3,200 കോടി രൂപ വിറ്റുവരവുള്ളതും 3,000 പേർക്ക് തൊഴിൽ നൽകുന്നതുമായ സ്ഥാപനമായി കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിനെ (കെപിപിഎൽ) വളർത്തിയെടുക്കുമെന്ന് മന്ത്രി പി.രാജീവ്. നഷ്ടത്തിലോടിയ പഴയ ‘എച്ച്എൻഎൽ’ ആയി മാറാൻ കെപിപിഎല്ലിനെ അനുവദിക്കില്ല. പുതിയ തൊഴിൽ സംസ്കാരത്തിൽ, പ്രഫഷനലായും ലാഭകരമായും കെപിപിഎൽ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.ഇന്നലെ ഉദ്യോഗസ്ഥർക്കൊപ്പം ന്യൂസ് പ്രിന്റ് നഗറിലെ ഫാക്ടറി സന്ദർശിച്ച മന്ത്രി പ്രവർത്തനം പുനരാരംഭിക്കുന്നതിന്റെ മുന്നൊരുക്കം വിലയിരുത്തി. ഫാക്ടറിയിലെ യന്ത്രങ്ങൾക്ക് കാര്യമായ കേടുപാടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
‘സർക്കാർ എല്ലാ ബാധ്യതകളും തീർത്താണ് ഫാക്ടറി ഏറ്റെടുത്തത്. അതുകൊണ്ട് നിലവിലുള്ള ജീവനക്കാരെ തിരിച്ചെടുക്കാൻ സർക്കാരിനു ബാധ്യതയില്ല. അതേസമയം, എൽഡിഎഫ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായി ഫാക്ടറി പ്രവർത്തനം ആരംഭിക്കുന്ന മുറയ്ക്ക് നിലവിലുള്ള ജീവനക്കാരിൽ നിന്നു നിയമനം നടത്തും. ആദ്യഘട്ടത്തിൽ താൽക്കാലിക നിയമനങ്ങളായിരിക്കും. ഫാക്ടറിയുടെ വളർച്ചയ്ക്ക് അനുസരിച്ച് കൂടുതൽ പേർക്ക് തൊഴിൽ നൽകും.
നിലവിലുള്ള ജീവനക്കാർക്ക് തൊഴിൽ നൽകുന്നതു സംബന്ധിച്ച് തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തും. അറ്റകുറ്റപ്പണിക്കായി ജനുവരി ഒന്നിനു ഫാക്ടറി പ്രവർത്തനം തുടങ്ങും. മേയിൽ ഉദ്ഘാടനം നടത്തും. ഇറക്കുമതി ചെയ്ത പൾപ്പ് ഉപയോഗിച്ച് പേപ്പർ നിർമാണം ആരംഭിക്കും.– മന്ത്രി രാജീവ് പറഞ്ഞു.എച്ച്എൻഎൽ വളപ്പിൽ കേരള റബർ ലിമിറ്റഡിന്റെ (കെആർഎൽ) ഓഫിസ് മന്ത്രി രാജീവ് ഉദ്ഘാടനം ചെയ്തു. മലേഷ്യൻ മാതൃകയിലുള്ള റബർ സിറ്റിയായി കെആർഎൽ വികസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആദ്യ രണ്ടു ഘട്ടത്തിൽ കെപിപിഎൽ ഫാക്ടറി പ്രവർത്തിക്കുന്നതിനായി 109 കോടി രൂപ സർക്കാർ സഹായം നൽകും. മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനാവശ്യമായ 1,000 കോടി രൂപ ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ കണ്ടെത്തും. ന്യൂസ്പ്രിന്റിനു പുറമേ പാക്കിങ് കേസ്, ടിഷ്യൂ പേപ്പർ തുടങ്ങിയവയുടെ അച്ചടിയും തുടങ്ങും – മന്ത്രി പറഞ്ഞു.എംഎൽഎമാരായ മോൻസ് ജോസഫ്, സി.കെ. ആശ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെആർഎൽ സിഎംഡി ഷീല തോമസ്, കെപിപിഎൽ സ്പെഷൽ ഓഫിസർ പ്രസാദ് ബാലകൃഷ്ണൻ നായർ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് എന്നിവർ യോഗങ്ങളിൽ പങ്കെടുത്തു.