ADVERTISEMENT

കോട്ടയം ∙ തിരുനക്കര ക്ഷേത്രമൈതാനത്ത് സായാഹ്ന സൂര്യന്റെ പ്രഭയിൽ  22 മാതംഗസൂര്യന്മാർ ഉദിച്ചുയർന്നു. മൈതാനം നിറഞ്ഞു കവിഞ്ഞ പുരുഷാരം ആനച്ചന്തം കണ്ടാസ്വദിച്ചും പാണ്ടിമേളത്തിനൊപ്പം താളംപിടിച്ച് ഉത്സവം കൊണ്ടാടി.  തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു പൂരം. ക്ഷേത്ര മൈതാനത്തിനു ഇരുവശവുമായി 11 വീതം ഗജവീരന്മാരാണ് അണിനിരന്നത്. 21 ആനകളും അണിനിരന്ന ശേഷമാണ് തിരുനക്കരയപ്പന്റെ സ്വർണത്തിടമ്പേറ്റി തൃക്കടവൂർ ശിവരാജു കിഴക്കേഗോപുരനട വാതിൽ കടന്ന് ഇറങ്ങി വന്നത്. ഏറ്റുമാനൂർ ഉഷശ്രീ ശങ്കരൻകുട്ടി, ഭഗവതിയുടെ തിടമ്പേറ്റി. 

തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ പൂരത്തിന്റെ ഭാഗമായി കിഴക്കൻ ചേരുവാരത്തിൽ ഗജവീരന്മാർ അണിനിരന്നപ്പോൾ.  											ചിത്രം: അഭിജിത്ത് രവി ∙ മനോരമ
തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ പൂരത്തിന്റെ ഭാഗമായി കിഴക്കൻ ചേരുവാരത്തിൽ ഗജവീരന്മാർ അണിനിരന്നപ്പോൾ. ചിത്രം: അഭിജിത്ത് രവി ∙ മനോരമ

തന്ത്രി കണ്ഠര് മോഹനര്, മേൽശാന്തി ഇടമന നാരായണൻ നമ്പൂതിരി എന്നിവർ ചേർന്ന് ആൽത്തറയ്ക്കു സമീപം വിളക്ക് തെളിച്ചതോടെ ആഘോഷത്തിനു തുടക്കമായി.  കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിലായിരുന്നു പാണ്ടിമേളം.  ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ടി.സി.ഗണേഷ്, വൈസ് പ്രസിഡന്റ് പ്രദീപ് മന്നക്കുന്നം, ജനറൽ സെക്രട്ടറി അജയ് ടി.നായർ, ജനറൽ കോഓർഡിനേറ്റർ ടി.സി.രാമാനുജം, ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ ബി.മുരാരി ബാബു, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ എം.ജി.മധു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.കെ.ലീന എന്നിവർ നേതൃത്വം നൽകി. മന്ത്രി വി.എൻ.വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ലോക്സഭാ സ്ഥാനാർഥികളായ തോമസ് ചാഴികാടൻ (എൽഡിഎഫ്), കെ.ഫ്രാൻസിസ് ജോർജ് (യുഡിഎഫ്) തുടങ്ങിയവരും എത്തിയിരുന്നു.

തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ തിരുനക്കര പൂരത്തിന്റെ ഭാഗമായി ക്ഷേത്രമൈതാനത്ത് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ നടന്ന പാണ്ടിമേളം.			 ചിത്രം: മനോരമ
തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ തിരുനക്കര പൂരത്തിന്റെ ഭാഗമായി ക്ഷേത്രമൈതാനത്ത് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ നടന്ന പാണ്ടിമേളം. ചിത്രം: മനോരമ

തിരുനക്കരയിൽ ഇന്നു വലിയ വിളക്ക്
കോട്ടയം ∙ തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി ഇന്നു വലിയ വിളക്ക്. എട്ടാം ഉത്സവ ദിനമായ ഇന്നു വലിയ വിളക്ക് ദേശവിളക്കായിട്ടാണ് ആഘോഷിക്കുന്നത്. കിഴക്കേ ഗോപുരനടയിൽ വൈകിട്ട് 6നു അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ദീപം തെളിക്കും. ശബരിമല അയ്യപ്പ സേവാ സമാജം സ്ഥാപക ട്രസ്റ്റി വി.കെ.വിശ്വനാഥൻ സന്നിഹിതനായിരിക്കും.

പടിഞ്ഞാറേനട ഭക്തജന സമിതി, ചൈതന്യ റസിഡന്റ്സ് അസോസിയേഷൻ, തിരുനക്കരക്കുന്ന് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ദേശവിളക്ക് ആഘോഷിക്കുന്നത്. ക്ഷേത്രാങ്കണത്തിൽ രാത്രി 10 നാണ് ദർശന പ്രാധാന്യമുള്ള വലിയ വിളക്ക് എഴുന്നള്ളിപ്പ്. ആനിക്കാട് കൃഷ്ണകുമാറും സംഘവും സ്പെഷൽ പഞ്ചാരിമേളം ഒരുക്കും. ഇന്നു രാവിലെ 7.15നു ശ്രീബലിക്ക് വൈക്കം ഷാജിയും വൈക്കം സുമോദും നാഗസ്വരമേളവും കാവാലം ബി. ശ്രീകുമാർ, ചെറായി മനോജ് എന്നിവർ തകിലും മേളം ഒരുക്കും. തൃപ്രയാർ രമേശൻ മാരാരും സംഘവുമാണ് പഞ്ചവാദ്യം.

തിരുനക്കര ക്ഷേത്രത്തിൽ ഇന്ന്
ക്ഷേത്ര സന്നിധിയിൽ: ശ്രീബലി എഴുന്നള്ളിപ്പ് – 7.15, ഉത്സവബലി ദർശനം– 2.00, ദീപക്കാഴ്ച, ദേശവിളക്ക് – 6.00, വലിയ വിളക്ക് – 10.00.ശിവശക്തി കലാവേദിയിൽ: തിരുവാതിരക്കളി – 9.30, 12.30. സംഗീത സദസ്സ്– ഈര ജി.ശശികുമാർ– 10.00, ഗാന തരംഗിണി –11.00, പ്രഭാഷണം– ചി.എ. മണി– 12.00, സംഗീത സദസ്സ് – പ്രേംജി കെ. ഭാസി– 1.00, പ്രഭാഷണം– എസ്. ആര്യാട് ഗോപി– 2.00, സംഗീത സദസ്സ്– ഡോ.ആർഎൽവി ശ്രീകുമാർ തമ്പലക്കാട്– 2.30, കൈകൊട്ടിക്കളി – വനദുർഗ കലാസമിതി – 3.30, ഭജന– എൻഎസ്എസ് വനിത ഭജന സമിതി – 4.00, കുച്ചിപ്പുഡി –നാട്യപ്രിയ ഡാൻസ് അക്കാദമി –5.00, കാഴ്ചശ്രീബലി– 6.00, സംഗീത സദസ്സ്– പ്രശാന്ത് വി. കൈമൾ– 8.30, ആനന്ദ നടനം– നാട്യപൂർണ സ്കൂൾ ഓഫ് ഡാൻസ്– 9.30, ഭരതനാട്യം– പ്രദീക് ഷാജി – 11.30.

∙ പുരാണ ക്വിസ്  മത്സരം 
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മൈതാനത്ത് പ്രവർത്തിക്കുന്ന മലയാള മനോരമയുടെ സ്റ്റാളിൽ പുരാണ പ്രശ്നോത്തരി മത്സരം ഉണ്ട്. സ്റ്റാളിനു മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബോർഡിലെ ചോദ്യത്തിന് ശരിയുത്തരം എഴുതി ബോക്സിൽ നിക്ഷേപിക്കണം. ഓരോ ദിവസവും വിജയികളാവുന്ന 5 പേർക്കു പുളിമൂട്ടിൽ സിൽക്ക് ഹൗസ് നൽകുന്ന ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി ലഭിക്കും. കഴിഞ്ഞ ദിവസത്തെ (19.03.2024) മത്സര വിജയികൾ : സേതുലക്ഷമി (കിളിരൂർ), എം.സി.ഷെജിമോൾ (പുലിക്കുട്ടിശേരി), ദീപു എസ്.കുമാർ, എം.കെ ശശികുമാർ (തിരുവഞ്ചൂർ.),ഉപാസന സുശീലൻ(ചെങ്ങളം). തിരിച്ചറിയൽ രേഖയുടെ പകർപ്പുമായി മൈതാനത്തെ മനോരമയുടെ സ്റ്റാളിൽ എത്തി സമ്മാനം കൈപ്പറ്റാം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com