ബസ് സ്റ്റാൻഡ് ജംക്‌ഷൻ അപകട മേഖലയായി

Mail This Article
വടകര∙ ട്രാഫിക് സിഗ്‌നൽ എടുത്തു മാറ്റിയതോടെ ദേശീയപാതയിൽ പുതിയ ബസ് സ്റ്റാൻഡ് ജംക്‌ഷൻ അപകട മേഖല. ദേശീയപാതയിലൂടെ ചീറി വരുന്ന വാഹനങ്ങൾക്ക് മുന്നിൽ കാൽനട യാത്രക്കാരും തിരുവള്ളൂർ റോഡിലേക്ക് ഉള്ള വാഹനങ്ങളും അകപ്പെടുന്നതാണ് അപകട ഭീഷണിക്കു കാരണം. അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ ജംക്‌ഷൻ ഉള്ള കാര്യം അറിയുന്നില്ല. അതിനുള്ള അടയാളങ്ങൾ ഒന്നും എവിടെയും ഇല്ല.
ദേശീയപാത ആറു വരിയായി വികസിപ്പിക്കുന്ന പ്രവൃത്തി ആരംഭിച്ചതോടെ സിഗ്‌നൽ ലൈറ്റ് എടുത്തു മാറ്റി. അതോടെയാണ് വാഹനങ്ങൾ തലങ്ങും വിലങ്ങും പോകാൻ തുടങ്ങിയത്. ചെറിയ അപകടങ്ങൾ പതിവാണ്. വാഹനങ്ങളുടെ കുതിച്ച് പായലിനിടെ വേണം യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ. പ്രായമായവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും അതിന് കഴിയാത്ത സ്ഥിതിയാണ് ഉള്ളത്.
നിരനിരയായി പോകുന്ന വാഹനങ്ങൾക്ക് ഇടയിൽ ഇടിച്ചു കയറ്റിയാണ് തിരുവള്ളൂർ റോഡ് ഭാഗത്തേക്ക് അവിടെ നിന്നുള്ള വാഹനങ്ങളും പോകുന്നത്. ജംക്‌ഷനിൽ പ്രവൃത്തി ഇതുവരെ തുടങ്ങിയിട്ടില്ല. സർവീസ് റോഡ് നിർമാണമാണ് നടക്കുന്നത്. ഇവിടെ മേൽപ്പാതയാണ് നിർമിക്കുന്നത്.
റോഡ് പകുതിയിലേറെ അടച്ചു കെട്ടി അടക്കാതെരു ജംക്‌ഷനിൽ തൂണിന്റെ പൈലിങ് ആരംഭിച്ചിട്ടുണ്ട്. തിരക്കുള്ള റോഡിൽ ഡിവൈഡർ സ്ഥാപിച്ചും മുന്നറിയിപ്പ് നൽകിയും പരിഹാരം കാണണമെന്നാണ് ആവശ്യം.