നിലയ്ക്കാത്ത സ്നേഹമായി സിത്താരയിലേക്ക് പത്മവിഭൂൺ പുരസ്കാരവും

Mail This Article
കോഴിക്കോട് ∙ ഈ രാത്രി സിത്താരയുടെ പടികയറി പത്മവിഭൂഷൺ പുരസ്കാര വാർത്തയെത്തുമ്പോൾ അകത്തെ കസേരയിൽ ചാഞ്ഞിരുന്ന് ചെറുതായൊന്നു മന്ദഹസിക്കാൻ അദ്ദേഹമില്ല. മലയാളത്തിന്റെ പ്രിയപ്പെട്ട എംടി.എം.ടി.വാസുദേവൻനായർ ഓർമയായി കൃത്യം ഒരു മാസം തികയുന്ന ദിവസമായിരുന്നു ഇന്നലെ. മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകുമെന്ന വാർത്ത തേടിയെത്തിയത് ആ ശൂന്യതയിലേക്കാണ്. എന്നും അദ്ദേഹത്തോടുള്ള സ്നേഹം ഇവിടേക്ക് നിലയ്ക്കാതെ ഒഴുകിയെത്തുകയാണ്.
ചടങ്ങുകൾ പൂർത്തിയായ ശേഷം കഴിഞ്ഞ ഒരു മാസമായി വീട്ടിൽത്തന്നെ കഴിയുകയാണ് എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി. ഇന്നലെ വൈകിട്ട് മകൾ അശ്വതിയോടൊപ്പം പുറത്തേക്കിറങ്ങിയപ്പോഴാണ് പുരസ്കാരവാർത്ത തേടിയെത്തിയത്. എംടിയെന്ന വ്യക്തിക്കു പകരമാകാൻ ഒരു പുരസ്കാരത്തിനും കഴിയില്ലെന്നതാണ് സത്യം. എങ്കിലും വൈകിയെത്തിയ പുരസ്കാരത്തെ കുടുംബം നിറകണ്ണുകളോടെ സ്വീകരിക്കുകയാണ്. എംടിയുടെ സുഹൃത്തുക്കളും ശിഷ്യരും ആരാധകരുമടങ്ങുന്ന വലിയൊരു സമൂഹം പുരസ്കാര വാർത്തയറിഞ്ഞ് ആഹ്ലാദത്തിലാണ്.
‘‘പത്മവിഭൂഷണിലൂടെ അദ്ദേഹം വീണ്ടും അംഗീകരിക്കപ്പെട്ടതിൽ ഏറെ ആഹ്ലാദമുണ്ട്.’’ എം.ടിയുടെ സന്തസഹചാരിയും സുഹൃത്തുമൊക്കെയായിരുന്ന കെ.എസ്.വെങ്കിടാചലം പറയുന്നു. ‘‘പക്ഷേ ഒരു കാര്യത്തിൽ നേരിയ വിഷമവുമുണ്ട്. ഈ പുരസ്കാരം കുറച്ചു നേരത്തേ നൽകാമായിരുന്നു.’’ ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങൾ തേടിയെത്തിയ ഇടമാണ് നടക്കാവ് കൊട്ടാരം റോഡിലെ സിത്താര. ഏതു നേട്ടത്തിലും വലിയ ആഘോഷങ്ങൾ പതിവില്ല. അദ്ദേഹം ചെറുതായൊന്നു പുഞ്ചിരിക്കും. അതിനപ്പുറം ആഹ്ലാദ പ്രകടനങ്ങളും പതിവില്ല. ഇത്തവണ ആ മന്ദസ്മിതം കാണാനായില്ലെന്ന വിഷമം മാത്രമാണ് ബാക്കി.