എസ്എസ്എൽസി–പ്ലസ് ടു അവസാന പരീക്ഷ ഇന്ന്; ടെൻഷനടിച്ച് പൊലീസും പിടിഎയും
Mail This Article
കോഴിക്കോട്∙ എസ്എസ്എൽസി – പ്ലസ് ടു അധ്യയന വർഷം അവസാനിക്കുന്ന ഇന്നു ജില്ലയിലെ സ്കൂളുകളിൽ പൊലീസ്– പിടിഎ സംയുക്ത സുരക്ഷയും നിരീക്ഷണവും. എസ്എസ്എൽസി, പ്ലസ് ടു അവസാന പരീക്ഷ നടക്കുന്ന ഇന്നു രക്ഷിതാക്കളും സ്കൂൾ പിടിഎ അംഗങ്ങളും നിർബന്ധമായും പരീക്ഷാ സമയം അവസാനിക്കുന്നതിനു മുൻപ് സ്കൂളിൽ എത്തണമെന്നാണു പൊലീസ് നിർദേശം. പരീക്ഷ കഴിഞ്ഞു സ്കൂളിൽനിന്നു പുറത്തു പോകുന്ന വിദ്യാർഥികൾ തമ്മിൽ സംഘം ചേർന്നു ആഹ്ലാദം പങ്കുവയ്ക്കലും തുടർന്നുള്ള സംഘർഷ സാധ്യതയും കണക്കിലെടുത്താണു പൊലീസ് നടപടി.
സിറ്റിപരിധിയിൽ സ്കൂളുകൾക്കു മുന്നിൽ പൊലീസിനെ വിന്യസിക്കും. ഇതിനായി ക്രമസമാധാന ചുമതലയുള്ള പൊലീസും എആർ ക്യാംപ് പൊലീസും ഉൾപ്പെടെ 350 സേനാംഗങ്ങളെ വിനിയോഗിക്കും. സ്കൂൾ പിടിഎ അംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും സ്കൂൾ കോംപൗണ്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സ്കൂൾ ഗേറ്റിൽ പൊലീസ് കാവൽ ഏർപ്പെടുത്തും. വിദ്യാർഥികൾ പരീക്ഷയ്ക്കെത്തുന്ന സമയത്തു പരിസരം നിരീക്ഷണം മാത്രമായിരിക്കും. പരീക്ഷ അവസാനിക്കുന്ന സമയം മുതൽ പൊലീസ് സുരക്ഷ ഉണ്ടാകും. വിദ്യാർഥികൾ രക്ഷിതാക്കൾക്കൊപ്പം തിരിച്ചു പോകണമെന്നാണു സ്കൂൾ അധികൃതരും പറയുന്നത്.
നിലവിൽ സംഘർഷം ഉണ്ടായ സ്കൂൾ പരിസരത്തു കൂടുതൽ പൊലീസിനെ വിന്യസിക്കും. ലഹരിയുമായി ബന്ധപ്പെട്ടു വിദ്യാർഥികളുമായി പുറമേ നിന്ന് ആരെങ്കിലും ബന്ധപ്പെടുന്നത് പൊലീസ്, എക്സൈസ് നിരീക്ഷിക്കുന്നുണ്ട്. ഇന്നും പ്ലസ് വൺ പരീക്ഷ അവസാനിക്കുന്ന 29നും സംഘർഷത്തിനിടയാക്കുന്ന തരത്തിലുള്ള ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കാൻ സ്കൂൾ അധികൃതരുടെ സഹായത്തോടെ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തും.
സ്കൂൾ പരിസരങ്ങളിൽ അശ്രദ്ധവും അപകടകരവുമായ രീതിയിൽ 3 പേരുമായി വാഹനം ഓടിച്ചാൽ നടപടിയെടുക്കും. വിദ്യാർഥികൾ പരസ്പരം വസ്ത്രത്തിൽ ചായം തളിക്കുക, മഷി കുടയുക തുടങ്ങിയവ നടത്തിയാൽ നടപടി ഉണ്ടാകുമെന്നു പൊലീസ് പറഞ്ഞു.