സാനിറ്റൈസർ നിറയ്ക്കാവുന്ന പേന, ചൂടാറാ വെള്ളക്കുപ്പി, എൻ–95 കുട്ടി മാസ്ക്..; തുലാമഴക്കാലത്ത് സ്കൂൾ തുറക്കുമ്പോൾ..
Mail This Article
മലപ്പുറം ∙ സാനിറ്റൈസർ നിറയ്ക്കാവുന്ന പേന, ചൂടാറാ വെള്ളക്കുപ്പി, എൻ–95 കുട്ടി മാസ്ക്... ഇടവപ്പാതിയ്ക്കു പകരം തുലാമഴക്കാലത്ത് സ്കൂൾ തുറക്കുമ്പോൾ വിപണിയിലെ പുതുമകൾക്കും ജാഗ്രതയുടെ കയ്യൊപ്പ്. നോട്ടുപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും അധ്യയന വർഷാരംഭത്തിൽ തന്നെ വാങ്ങിയതിനാൽ രക്ഷിതാക്കളുടെ ശ്രദ്ധയും കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളിലാണ്. ഇപ്പോഴത്തെ അവസ്ഥയിൽ ഏറ്റവും സുരക്ഷിതം വീട്ടിൽ നിന്ന് വെള്ളം ചൂടാക്കി കൊണ്ടു പോകുന്നതാണല്ലോയെന്നോർത്താണ് പേരക്കുട്ടികൾക്ക് ചൂടാറാവെള്ളക്കുപ്പി വാങ്ങാനെത്തിയതെന്ന് റിട്ട. സർക്കാർ ഉദ്യോഗസ്ഥ കൂടിയായ മോങ്ങം സ്വദേശിനി സുശീല പറഞ്ഞു.
സാനിറ്റൈസർ പേനയെക്കുറിച്ചും കുട്ടി എൻ–95 മാസ്ക്കിനെ പറ്റിയുമറിഞ്ഞതോടെ അതും വാങ്ങി. പഠനത്തിനൊപ്പം കോവിഡ് ജാഗ്രതയും കൂടി ഇപ്പോൾ നോക്കേണ്ടതുണ്ടെന്ന് അവർ ശരിവച്ചു. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം കാരണം സ്കൂൾബാഗ്, കുട തുടങ്ങിയവയിൽ വലിയ പരീക്ഷണങ്ങൾ കുറവാണെന്ന് ആലത്തൂർപടിയിലെ വ്യാപാരിയായ ഫിർഷാദ് പറയുന്നു. എന്നാൽ മറ്റു പഠനോപകരണങ്ങളിൽ വെറൈറ്റികളുണ്ട്. ജൂണിൽ തന്നെ പലതും ഇറങ്ങിയിരുന്നെങ്കിലും ഇപ്പോഴാണ് കൂടുതൽ പേർ വാങ്ങിത്തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. വെള്ളക്കുപ്പികളിൽ ചില്ലു കൊണ്ടുള്ളവയ്ക്ക് ആവശ്യക്കാരേറെയുണ്ട്.
അൽപം മുതിർന്ന കുട്ടികളെ ഉദ്ദേശിച്ചാണിവ. ചെറിയ കുട്ടികൾക്കായി കൗതുകമുണർത്തുന്ന സ്റ്റീൽ കുപ്പികളുമുണ്ട്. കാറിന്റെയും ബൈക്കിന്റെയും മാതൃകയിലുള്ള പെൻസിൽ ബോക്സ്, പുസ്തകം പൊതിയാനുള്ള പേപ്പർ, കുട്ടിയുടെ ഫോട്ടോ അച്ചടിച്ച് തയാറാക്കാവുന്ന നെയിം സ്‌ലിപ് തുടങ്ങിയവയും വിൽപനയ്ക്കെത്തിയിട്ടുണ്ട്. കട്ടർ, ഇറേസർ തുടങ്ങിയവയിൽ ഒട്ടേറെ പരീക്ഷണങ്ങളുണ്ട്. ഇതിനു പുറമേ സ്നാക് ബോക്സ്, ടിഫിൻ ബോക്സ് തുടങ്ങിയവ സ്റ്റീലിലും അല്ലാതെയും ഗുണമേന്മയുടെ ഏറ്റക്കുറിച്ചിലുകളോടെ തിരഞ്ഞെടുക്കാം. പെൻസിൽ, കളർ പെൻസിൽ, പേന, പശ, വൈറ്റ്നർ തുടങ്ങിയവയിലും വ്യത്യസ്തകളുണ്ട്.