മിനിപമ്പ ജംക്ഷനിലെ മേൽപാലത്തിലൂടെ ഇരുവശത്തേക്കും കടന്നുപോകാം
Mail This Article
കുറ്റിപ്പുറം ∙ മദിരശ്ശേരി, വെള്ളാഞ്ചേരി നിവാസികളുടെ ആശങ്കകൾക്ക് പരിഹാരമാകുന്നു. പുതിയ ആറുവരിപ്പാതയിലെ മിനിപമ്പ ജംക്‌ഷനിൽ സർവീസ് റോഡുകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന മേൽപാലത്തിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾക്ക് കടന്നുപോകാം. വൺവേ സംവിധാനം മാത്രമായിരുന്ന മേൽപാലത്തിന്റെ ഘടനയിൽ മാറ്റംവരുത്തി. ഇരുവശത്തേക്കും വാഹന ഗതാഗത സൗകര്യം ഒരുക്കുംവിധം മേൽപാലം പുനക്രമീകരിച്ചു. നേരത്തേ പുറത്തുവിട്ട രൂപരേഖ അനുസരിച്ച് വീതികുറഞ്ഞ മേൽപാലമാണ് നിർമിക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇതിലൂടെ മദിരശ്ശേരി റോഡിന് സമീപത്തുനിന്ന് കെടിഡിസി മോട്ടലിനു സമീപത്തെ വളവിൽ എത്തിച്ചേരുന്ന തരത്തിൽ ഒരുവശത്തേക്ക് മാത്രമാണ് ഗതാഗതം ഉദ്ദേശിച്ചിരുന്നത്.
എന്നാൽ മേൽപാലത്തിലൂടെ ഇരുവശത്തേക്കും ഗതാഗത സൗകര്യം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. മിനിപമ്പ ജംക്‌ഷനിൽ ആറുവരിപ്പാതയ്ക്കു മുകളിലൂടെയാണ് മേൽപാലം നിർമിക്കുന്നത്. പൊന്നാനി ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് എടപ്പാൾ ഭാഗത്തേക്ക് പോകാനും വെള്ളാഞ്ചേരി, മദിരശ്ശേരി അടക്കമുള്ള പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് കുറ്റിപ്പുറം, എടപ്പാൾ അടക്കമുള്ള ഭാഗത്തേക്ക് പോകാനുമുള്ള മേൽപാലമാണിത്.
ഒരുവശത്തേക്ക് മാത്രമാണ് ഗതാഗത സൗകര്യമെങ്കിൽ കുറ്റിപ്പുറം, എടപ്പാൾ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ മദിരശ്ശേരി, വെള്ളാഞ്ചേരി അടക്കമുള്ള ഭാഗങ്ങളിലെത്താൻ അയങ്കലംവരെ സഞ്ചരിച്ച് അടിപ്പാതയിലൂടെ 7 കിലോമീറ്റർ ചുറ്റിത്തിരിയണം. ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. പാലത്തിലൂടെ ഇരുവശത്തേക്കും ഗതാഗത സൗകര്യം ഒരുക്കുന്നതോടെ യാത്രക്കാരുടെ ആശങ്കകൾക്കു പരിഹാരമാകും.
വീതിയേറിയ ഡിവൈഡറും ചെടികളും ഉണ്ടാകില്ല
പുതിയ ആറുവരിപ്പാതയുടെ മധ്യഭാഗത്തായി ഇരു ട്രാക്കുകളെയും വിഭജിച്ച് വീതിയേറിയ ഡിവൈഡർ സംവിധാനവും ചെടികളും ഉണ്ടാകില്ല. ഇത്തരത്തിലുള്ള പാതകൾക്കായി 60 മീറ്റർ സ്ഥലമാണ് ഏറ്റെടുത്ത് നൽകേണ്ടത്. എന്നാൽ ജില്ലയിൽ 45 മീറ്റർ മാത്രമാണ് പുതിയ പാതയ്ക്കായി അനുവദിച്ചത്. ഇതുകൊണ്ട് ഇരുവശത്തേക്കുമുള്ള 6 ട്രാക്കുകൾക്ക് നടുവിലായി വീതികുറഞ്ഞ കോൺക്രീറ്റ് ഡിവൈഡർ മാത്രമാകും ഉണ്ടാവുക. തൃശൂർ–എറണാകുളം പാതയിലേതുപോലെ വീതിയേറിയ ഡിവൈഡർ സംവിധാനവും ഇതിനുള്ളിലെ ചെടികൾ നിറഞ്ഞ ഉദ്യാനങ്ങളും പുതിയ ആറുവരിപ്പാതയിൽ ഇല്ല.