നന്നമ്പ്ര ജലജീവൻ മിഷൻ പദ്ധതി നിർമാണം നിലച്ചു

Mail This Article
നന്നമ്പ്ര ∙ പഞ്ചായത്തിലെ ജലജീവൻ മിഷൻ ശുദ്ധജല പദ്ധതി പ്രവൃത്തി നിലച്ച മട്ടിൽ. ശുദ്ധജല പ്ലാന്റ് നിർമാണം പാതിവഴിയിലാണ്. കിണർ നിർമാണത്തിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധജലം എത്തിക്കുന്ന പദ്ധതി ആരംഭിച്ചിട്ട് ഒന്നര വർഷത്തോളമായി. 2023 സെപ്റ്റംബറിലാണ് പദ്ധതി ആരംഭിക്കുന്നത്. 2024 ഡിസംബറിൽ കമ്മിഷൻ ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇതുവരെ നാലിലൊന്നു പോലും നടത്തിയിട്ടില്ല. കടലുണ്ടിപ്പുഴയിൽ ബാക്കിക്കയത്ത് കിണർ നിർമിച്ച് ഇവിടെ നിന്ന് കൊടിഞ്ഞി ചുള്ളിക്കുന്നിലെ പ്ലാന്റിലെത്തിച്ച് ഇവിടെ നിന്നും പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ശുദ്ധജലം വിതരണം ചെയ്യുന്നതാണ് പദ്ധതി.
ചുള്ളിക്കുന്നിൽ പ്ലാന്റിന്റെ നിർമാണം പാതിവഴിയിലാണ്. ഇതോടൊപ്പം തന്നെയാണ് ജലസംഭരണിയും നിർമിക്കുന്നത്. ഇതിന്റെ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നുണ്ട്. ബാക്കിക്കയത്ത് കിണർ നിർമാണം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നെങ്കിലും പ്രവൃത്തി ആരംഭിക്കാതെ ജോലിക്കാർ നിർത്തിവച്ചു പോയിരിക്കുകയാണ്. പദ്ധതി ഒരു വർഷം മുൻപ് ആരംഭിച്ച ഉടനെ ഗ്രാമീണ റോഡുകളെല്ലാം കീറി പൈപ്പിട്ടിരുന്നു. എന്നാൽ പ്രധാന പൈപ്പ് ലൈനോ ഗാർഹിക കണക‍്ഷനുള്ള പൈപ്പ് ലൈനോ സ്ഥാപിച്ചിട്ടില്ല. കിണർ നിർമാണം ആരംഭിക്കുന്നതിന് മുൻപ് തന്നെ റോഡുകളെല്ലാം പൊളിച്ച് പൈപ്പിട്ടത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
റോഡുകളെല്ലാം ഇപ്പോൾ തകർന്നു കിടക്കുകയാണ്. പൈപ്പ് ലൈൻ പ്രവൃത്തി പൂർത്തിയാകാത്തതിനാൽ റോഡ് പുനർനിർമാണം നടത്താനും അനുമതി കിട്ടുന്നില്ല. പഞ്ചായത്തിലെ ഗ്രാമീണ റോഡുകളെല്ലാം തകർന്ന് യാത്ര ദുഷ്കരമായിരിക്കുകയാണ്. കിണറിന് സ്ഥലം കണ്ടെത്തും മുൻപാണ് റോഡുകളിൽ പൈപ്പിട്ടത്. ഇപ്പോൾ കിണറിന് സ്ഥലം കണ്ടെത്തിയെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല.
കടലുണ്ടിപ്പുഴയിലാണ് കിണർ നിർമിക്കുന്നത്. ഇപ്പോൾ വെള്ളം കുറവായതിനാൽ കിണർ നിർമാണത്തിന് സൗകര്യമാണ്. പുഴയിൽ വെള്ളമെന്ന് പറഞ്ഞാണ് നേരത്തെ കിണർ നിർമാണം വൈകിപ്പിച്ചത്. ഇപ്പോൾ വെള്ളം കുറഞ്ഞപ്പോഴാണെങ്കിൽ പ്രവൃത്തി നടത്തുന്നുമില്ല.കിണർ നിർമാണത്തിന് ഐലൻഡ് സ്ഥാപിച്ചു പോയിട്ട് ഒരു മാസത്തിലേറെയായി. ഇനിയും വൈകാനാണ് സാധ്യത.
കൂടാതെ കല്ലക്കയത്ത് നിന്ന് ദേശീയപാത ക്രോസ് ചെയ്തു വേണം നന്നമ്പ്രയിലേക്ക് പൈപ്പ് ലൈൻ എത്തിക്കാൻ. എന്നാൽ ദേശീയപാത ക്രോസ് ചെയ്തു പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയും അനിശ്ചിതത്വത്തിലാണ്. 98 കോടി രൂപ ചെലവിലാണ് പ്രവൃത്തി നടത്തുന്നത്. റോഡിന്റെ പുനർനിർമാണത്തിനുള്ള ഫണ്ട് ഉൾപ്പെടെയാണിത്. കാസർകോടുള്ള കമ്പനിയാണ് കരാർ എടുത്തിരിക്കുന്നത്. എന്നാൽ ഇവർ ഉപകരാർ നൽകിയിരിക്കുകയാണ്.
എന്നാൽ ഇവരെ ആരെയും ബന്ധപ്പെടാൻ സാധിക്കാറില്ല. സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കാത്തതാണ് പ്രവൃത്തി വൈകാൻ കാരണമെന്നാണ് പറയുന്നത്. എന്നാൽ ബില്ല് സമർപ്പിച്ചതിൽ 2 കോടി രൂപ മാത്രമാണ് നൽകാനുള്ളതെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്.
ഏറ്റവും കൂടുതൽ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് നന്നമ്പ്ര. കൊടിഞ്ഞി, ചുള്ളിക്കുന്ന്, കുണ്ടൂർ, വെള്ളിയാമ്പുറം, ചെറുമുക്ക്, തട്ടത്തലം തുടങ്ങിയ പ്രദേശങ്ങളിൽ ഇപ്പോഴേ ശുദ്ധജലം കിട്ടാതായി. പഞ്ചായത്തിൽ പൊതുശുദ്ധജല പദ്ധതി ഇല്ലാത്തതിനാൽ ലോറിയിൽ ശുദ്ധജലമെത്തിക്കലാണ് ആശ്രയം.
ജലനിധി പദ്ധതി ഉണ്ടെങ്കിലും ഏതാനും യൂണിറ്റുകൾ മാത്രമാണ് പ്രവൃത്തിക്കുന്നത്. ഇതിൽ തന്നെ വേനൽ രൂക്ഷമാകുമ്പോൾ വെള്ളം കിട്ടാറുമില്ല. പ്രവൃത്തി വേഗത്തിലാക്കാൻ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടുത്ത വേനലിലെങ്കിലും പഞ്ചായത്ത് പദ്ധതിയിൽ ശുദ്ധജലം ലഭ്യമാക്കാൻ കഴിയട്ടെ എന്ന പ്രാർഥനയിലാണ് നാട്ടുകാർ.