തിരൂർ നഗരസഭാ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ നാട്

Mail This Article
തിരൂർ ∙നഗരസഭയുടെ ബജറ്റ് യോഗം ഇന്നു ചേരും. ഏറെ പ്രതീക്ഷകളോടെയാണ് ബജറ്റ് പ്രഖ്യാപനത്തെ നഗരവാസികൾ കാത്തിരിക്കുന്നത്. നിലവിൽ ഭരണസമിതിയുടെ അവസാനത്തെ ബജറ്റും ഇതാണ്. ജില്ലയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് തിരൂർ. സാംസ്കാരികവും രാഷ്ട്രീയവുമായ ചരിത്രങ്ങളും കായികവും കലാപരവുമായ മുന്നേറ്റങ്ങളും ഇവിടെയുണ്ട്. എക്കാലത്തും ഇതിനെല്ലാം ഭരണസമിതി തന്നെ ചുക്കാൻ പിടിക്കുകയും ചെയ്യുന്നു. ഇനിയുമുണ്ട് തിരൂരിനു ഏറെ ദൂരം മുന്നോട്ടു പോകാൻ.
ഉപാധ്യക്ഷൻ രാമൻകുട്ടി പാങ്ങാട്ടാണ് ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നത്. നഗരസഭാധ്യക്ഷ എ.പി.നസീമ ആധ്യക്ഷ്യം വഹിക്കും. തിരൂരിലെ രാജീവ്ഗാന്ധി സ്റ്റേഡിയം നവീകരിക്കാനുള്ള നടപടി എന്താകുമെന്നാണു ജനങ്ങൾ ഏറെ ആകാംക്ഷയോടെ ഉയർത്തുന്ന ചോദ്യം. തകർന്നു കിടന്നിരുന്ന സ്റ്റേഡിയം നവീകരിക്കാൻ നാലരക്കോടി രൂപയോളം ചെലവിട്ടുള്ള പദ്ധതി നടപ്പാക്കുമെന്ന് നഗരസഭാധ്യക്ഷയും ഉപാധ്യക്ഷനും എംഎൽഎയും അടക്കമുള്ളവർ മുൻപു തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 2 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
നഗരത്തെ ചുറ്റിയൊഴുകുന്ന തിരൂർ പുഴയുടെ തീരങ്ങളെ വിനോദ സഞ്ചാരത്തിനു വേണ്ടി മാറ്റിയെടുക്കുമോയെന്നതാണു മറ്റൊരു പ്രധാന ചോദ്യം. ഇവിടെ നിലവിൽ ഡിടിപിസി പദ്ധതിയുണ്ടെങ്കിലും കാര്യക്ഷമമല്ല. തീരം മനോഹരമാക്കി സന്ധ്യാ സമയങ്ങളിൽ വിശ്രമിക്കാൻ കഴിയുന്ന തരത്തിൽ നല്ല പദ്ധതി പ്രഖ്യാപിക്കുമെന്ന് ജനം കരുതുന്നുണ്ട്.വാഗൺ ട്രാജഡി മ്യൂസിയം തയാറാക്കാനുള്ള നടപടി ബജറ്റിലുണ്ടായേക്കും. മാലിന്യ സംസ്കരണത്തിനുള്ള നടപടികളും വീടുകളും ശുദ്ധജല ലഭ്യതയ്ക്കുള്ള പദ്ധതികളും ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.