അരുമനായയ്ക്ക് നേരെ പാഞ്ഞടുത്ത് പുള്ളിപ്പുലി; വീറോടെ നേരിട്ട് ദമ്പതികൾ, 15 മിനിറ്റോളം പുലിയുമായി മൽപിടിത്തം

Mail This Article
മുംബൈ ∙ രത്നാഗിരിയിലെ ചിപ്ലുണിൽ, വളർത്തുനായയെ ആക്രമിക്കാൻ ശ്രമിച്ച പുള്ളിപ്പുലിയെ നേരിട്ട് 56 വയസ്സുകാരനായ സൈക്യാട്രിസ്റ്റും ഭാര്യയും. മൽപിടിത്തതിനിടെ കുത്തേറ്റ വീണ് രണ്ടു വയസ്സുള്ള പുലി ചത്തു. ഏറ്റുമുട്ടലിനിടെ പരുക്കേറ്റ ആശിഷ് മഹാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞദിവസം പുലർച്ചെ, വളർത്തുനായയുടെ കുര കേട്ടാണ് ആശിഷ് വീടിനു പുറത്തേക്കു വന്നത്. ടോർച്ച് തെളിച്ച് പരിശോധിച്ചപ്പോൾ, നായയ്ക്കു നേരെ ചാടാനൊരുങ്ങുന്ന പുലിയെ കണ്ടു. ഓടിച്ചുവിടാൻ ശ്രമിച്ചതോടെ പുലി ആശിഷിനു നേരെ തിരിഞ്ഞു. തുടർന്ന് 15 മിനിറ്റോളം പുലിയുമായി മൽപിടിത്തം നടത്തി. അതിനിടെ, ഭാര്യ സുപ്രിയ മൂർച്ചയുള്ള ആയുധമെറിഞ്ഞ് നൽകുകയും ആശിഷ് അതുവച്ച് പുലിയെ കുത്തിവീഴ്ത്തുകയും ചെയ്തു. പിന്നീട്, സുഹൃത്തുക്കൾ എത്തിയാണ് ആശിഷിനെ ആശുപത്രിയിലെത്തിച്ചത്. ദമ്പതികളുടെ ധീരതയെ വനംവകുപ്പ് പുകഴ്ത്തി. ചികിത്സച്ചെലവ് സർക്കാർ വഹിക്കുമെന്ന ഉറപ്പും നൽകിയിട്ടുണ്ട്.