തിരുവനന്തപുരത്തേക്ക് പ്രതിവാര സ്പെഷൽ; വേനലവധി നാട്ടിലാക്കാം

Mail This Article
മുംബൈ∙ വേനലവധിക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് കുർള എൽടിടിയിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് (കൊച്ചുവേളി) റെയിൽവേ പ്രതിവാര സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. ഏപ്രിൽ മൂന്നിനും മേയ് 31നും മധ്യേ കൊങ്കൺ പാതയിലൂടെ കോട്ടയം വഴി ഓരോ വശത്തേക്കും 9 വീതം ട്രിപ്പുകളാണ് അനുവദിച്ചിരിക്കുന്നത്.
എൽടിടി–തിരുവനന്തപുരം നോർത്ത് (01063)
ഏപ്രിൽ 3 മുതൽ മേയ് 29 വരെ വ്യാഴാഴ്ചകളിൽ വൈകിട്ട് 4ന് എൽടിടിയിൽനിന്നു പുറപ്പെടുന്ന ട്രെയിൻ വെള്ളി രാത്രി 10.45ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിലെത്തും.
തിരുവനന്തപുരം നോർത്ത്–എൽടിടി (01064)
ഏപ്രിൽ അഞ്ചു മുതൽ മേയ് 31 വരെ ശനിയാഴ്ചകളിൽ വൈകിട്ട് 4.20ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽനിന്നു പുറപ്പെടുന്ന ട്രെയിൻ തിങ്കൾ പുലർച്ചെ 12.45ന് എൽടിടിയിലെത്തും.
22 എൽഎച്ച്ബി കോച്ചുകൾ
ഒൻപത് സ്ലീപ്പർ, ആറ് തേഡ് എസി, ഒരു സെക്കൻഡ് എസി, നാല് ജനറൽ കോച്ചുകൾ എന്നിവയടക്കം 22 എൽഎച്ച്ബി കോച്ചുകൾ അടങ്ങിയതാണ് ട്രെയിൻ. പാൻട്രി കാർ ഇല്ല.
സ്റ്റോപ്പുകൾ
എൽടിടി, താനെ, പൻവേൽ, പെൺ, റോഹ, ഖേഡ്, ചിപ്ലുൺ, സംഗമേശ്വർ റോഡ്, രത്നാഗിരി, കങ്കാവ്‌ലി, കുഡാൽ, സാവന്ത്‌വാഡി റോഡ്, തിവിം, കർമലി, മഡ്ഗാവ് എന്നിവയാണ് കൊങ്കൺ പാതയിൽ ഗോവ വരെയുള്ള സ്റ്റോപ്പുകൾ.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി).
പ്രതിദിന ട്രെയിൻ: സമ്മർദം ശക്തമാക്കണം
എൽടിടി–തിരുവനന്തപുരം നോർത്ത് പാതയിൽ നേരത്തേ ഹോളി സ്പെഷൽ ആയി പ്രഖ്യാപിച്ച ട്രെയിനാണ് അവധിക്കാല സ്പെഷൽ ട്രെയിനായി അനുവദിച്ചിരിക്കുന്നത്. ഹോളി സ്െപഷൽ ട്രെയിനിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. റെയിൽവേയ്ക്കും മികച്ച വരുമാനമാണ് നേടിക്കൊടുത്തത്. സ്ഥിരമായി പ്രതിദിന ട്രെയിൻ അനുവദിച്ചാൽ അത് വിജയിക്കുമെന്നതിന്റെ തെളിവാണ് കേരളത്തിലേക്ക് അധികം യാത്രക്കാർ ഇല്ലാത്ത ഹോളിക്കാലത്തു ലഭിച്ച മികച്ച പ്രതികരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പുതിയ പ്രതിദിന ട്രെയിനിന് മലയാളി സമാജം, സംഘടനാ പ്രവർത്തകർ എന്നിവർ റെയിൽവേയിൽ സമ്മർദം ശക്തമാക്കിയാൽ അനുകൂല നടപടി ലഭിച്ചേക്കും.