വാൻ കത്തി 4 പേർ മരിച്ച അപകടം ആസൂത്രിതം: വാഹനത്തിന് തീയിട്ടതെന്ന് ഡ്രൈവറുടെ കുറ്റസമ്മതം
Mail This Article
മുംബൈ∙ പുണെയിൽ സ്വകാര്യ കമ്പനിയുടെ ജീവനക്കാർ ഉപയോഗിക്കുന്ന വാൻ കത്തി 4 പേർ മരിച്ച അപകടം ആസൂത്രിതമാണെന്നും ഡ്രൈവർ തന്നെ തീയിട്ടതാണെന്നും പൊലീസ് കണ്ടെത്തി. കമ്പനി ശമ്പളം വർധിപ്പിക്കാത്തതും ബോണസ് നൽകാത്തതും അമിതമായി ജോലി ചെയ്യിക്കുന്നതും മൂലമുള്ള പകയാണ് ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിൽ തീയിട്ട ശേഷം ചാടി രക്ഷപ്പെട്ട ഡ്രൈവർ ജനാർദനൻ ഹംബാർഡികറാണ് പ്രതി.പുണെയിലെ ഹിൻജേവാഡി ഐടി ഹബ്ബിലുള്ള വ്യോമ ഗ്രാഫിക്സ്–പ്രിന്റിങ് കമ്പനി ജീവനക്കാരെ എത്തിക്കാനായി ഉപയോഗിച്ചിരുന്ന ട്രാവലറിന് തീപിടിച്ച് നാല് ജീവനക്കാർ ബുധനാഴ്ചയാണ് പൊള്ളലേറ്റും ശ്വാസം മുട്ടിയും മരിച്ചത്.
പ്രിന്റിങ് ആവശ്യത്തിന് ഉപയോഗിക്കുന്ന ബെൻസീൻ എന്ന രാസപദാർഥം ഡ്രൈവർ വാഹനത്തിൽ കരുതിയിരുന്നു. അതിനടുത്ത് തുണി വച്ച ശേഷം തീകൊളുത്തുകയായിരുന്നു. തീ പടരും മുൻപേ ഇയാൾ പുറത്തേക്ക് ചാടി. 16 ജീവനക്കാരാണ് സംഭവസമയത്ത് വാനിലുണ്ടായിരുന്നത്. 4 പേർ തൽക്ഷണം മരിച്ചു. ആറു പേർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. തീ പടർന്നയുടൻ മുന്നിലെ വാതിലിലൂടെ ചാടിയവർ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തിന്റെ പിന്നിൽ ഇരുന്നവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എമർജൻസി വാതിൽ തുറക്കാൻ കഴിഞ്ഞില്ല. 2006 മുതൽ കമ്പനിയിലെ ജീവനക്കാരനാണ് ജനാർദനൻ.