കരുതലും കരുത്തുമേകി ഇമ്മാനുവൽ മേഴ്സി ഹോം

Mail This Article
പൻവേൽ∙ പൻവേലിലെ ഇമ്മാനുവൽ മേഴ്സി ഹോം ഇന്ന് വാർഷികം ആഘോഷിക്കും. അനാഥരായ മൂന്നു കുട്ടികളുമായി ഒന്നര പതിറ്റാണ്ട് മുൻപ് ഓൾഡ് പൻവേലിലെ വാടകക്കെട്ടിടത്തിൽ ആരംഭിച്ച മേഴ്സി ഹോമിൽ ഇപ്പോൾ 150 അന്തേവാസികളുണ്ട്. ഖൈർവാടി ഗ്രാമത്തിൽ മലയാളിയായ സിനു മാത്യുവിന്റെയും ഭാര്യ മല്ലികയുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആശ്രമത്തിൽ കഴിയുന്നവരിൽ ഭൂരിഭാഗം പേരെയും എത്തിച്ചത് പൊലീസാണ്. ഏറെയും അനാഥരും മാറാരോഗികളും. ഹൃദ്രോഗികളും എച്ച്ഐവി ബാധിതരും കാൽ മുറിച്ചു മാറ്റപ്പെട്ടവരും കാഴ്ചശക്തി ഇല്ലാത്തവരുമെല്ലാം ഒത്തൊരുമയോടെ കഴിയുന്നു.
തെരുവിൽ അലഞ്ഞിരുന്ന 780 പേരെ ഏറ്റെടുത്ത് പരിപാലിച്ചെന്നും ഇവരിൽ 387 പേരെ രോഗം മാറിയപ്പോൾ പൊലീസ് സഹായത്തോടെ ബന്ധുക്കളെ കണ്ടെത്തി മടക്കി അയച്ചെന്നും ആശ്രമം അധികൃതർ പറഞ്ഞു. ഗുരുതര രോഗബാധിതരായിരുന്ന 77 പേർ മരിച്ചു. പൊലീസ് എത്തിച്ചവരിൽ 5 ഗർഭിണികളുമുണ്ടായിരുന്നു. ഇവർ പ്രസവാനന്തരവും ആശ്രമത്തിൽ കഴിയുന്നു.
അനാഥരായവരിൽ 30 കുട്ടികളെ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പഠിപ്പിച്ചതായും ഹോട്ടൽ മാനേജ്മെന്റ്, ഐടി കോഴ്സുകൾ പഠിക്കുന്ന കുട്ടികളുമുണ്ടെന്നും അധികൃതർ പറഞ്ഞു. സമീപകാലത്ത് ഉദാരമതികളുടെ സഹായത്താൽ രണ്ടര ഏക്കർ ഭൂമി പാട്ടത്തിന് എടുത്ത് അന്തേവാസികളുടെ സഹകരണത്തോടെ പല തരം കൃഷികൾ ആരംഭിച്ചു. കോഴി, കാട, കന്നുകാലി വളർത്തലും സജീവമാക്കി. ഇന്നു വാർഷിക ആഘോഷ പരിപാടിയിൽ മലയാളികളടക്കം സാമൂഹിക സേവന രംഗത്തുള്ളവർ പങ്കെടുക്കും.