സിന്തറ്റിക് ട്രാക്കിൽ പവലിയൻ നിർമാണത്തിനു തുടക്കം

Mail This Article
പാലക്കാട് ∙ ഗവ.മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിനോടു ചേർന്ന് അടിസ്ഥാന വികസന നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. രണ്ടു നിലകളോടുകൂടിയ പവലിയൻ അടങ്ങുന്ന കെട്ടിടത്തിന്റെ നിർമാണമാണു തുടങ്ങിയത്. ഷാഫി പറമ്പിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2.12 കോടി രൂപ ചെലവഴിച്ചാണു നിർമാണം.
ഓഫിസ് മുറികൾ, താരങ്ങൾക്കായി ഡോർമിറ്ററി, ഗാലറി, ശുചിമുറികൾ, കളിക്കാർക്കു വസ്ത്രം മാറുന്നതിനും വിശ്രമിക്കുന്നതിനുമുള്ള മുറികൾ തുടങ്ങി എല്ലാവിധ അനുബന്ധ സൗകര്യങ്ങളും എട്ടു മാസത്തിനുള്ളിൽ ഒരുക്കുമെന്നു കരാർ കമ്പനിയായ ഹാബിറ്റാറ്റ് ടെക്നോ ഗ്രൂപ്പ് അധികൃതർ പറഞ്ഞു. വെള്ളത്തിനായി കുഴൽക്കിണറുകളും സ്ഥാപിക്കും. കൂടാതെ പാർക്കിങ് സ്ഥലവും ഒരുക്കും.
നിർമാണത്തിനു മുന്നോടിയായി ദിവസങ്ങൾക്കു മുൻപു ഷാഫി പറമ്പിൽ എംഎൽഎ, കലക്ടർ മൃൺമയി ജോഷി ശശാങ്ക്, സ്പോർട്സ് കൗൺസിൽ, ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രതിനിധികളും കരാർ കമ്പനി അധികൃതരും സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്നാണു നിർമാണ പ്രവൃത്തികൾക്കു വേഗമേറിയത്. 2018ലാണ് ട്രാക്കിൽ അടിസ്ഥാന സൗകര്യ വികസനം കൊണ്ടുവരാൻ എംഎൽഎ പദ്ധതി ഒരുക്കിയത്. കിറ്റ്കോയെ ഏൽപിച്ചെങ്കിലും പിന്നീട് മന്ദഗതിയിലായി. ഒടുക്കം കിറ്റ്കോ പദ്ധതിയിൽനിന്നു പിൻമാറി. ഇതോടെ ഹാബിറ്റാറ്റുമായി കരാർ പുതുക്കുകയും നിർമാണം തുടങ്ങുകയും ചെയ്തു.