ADVERTISEMENT

പട്ടാമ്പി ∙ പട്ടാമ്പിക്കു മറക്കാൻ കഴിയാത്ത മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടി. അര നൂറ്റാണ്ടിലേറെയുള്ള കാത്തിരിപ്പിനൊടുവിൽ 2013ൽ പട്ടാമ്പിക്കു താലൂക്ക് പദവി അനുവദിച്ചത് ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്. അന്ന് എംഎൽഎ ആയിരുന്ന സിപി.മുഹമ്മദിന്റെ ആവശ്യം അംഗീകരിക്കാൻ ഉമ്മൻചാണ്ടി തയാറായതോടെ പട്ടാമ്പി അടക്കം സംസ്ഥാനത്തു 12 പുതിയ താലൂക്കുകൾ നിലവിൽ വന്നു. തനിക്കു നടപ്പാക്കാൻ കഴിയാതെ പോയ ആഗ്രഹങ്ങളിൽ ഒന്നാണ് പട്ടാമ്പി താലൂക്കെന്നു പട്ടാമ്പിയിൽ നിന്നു വിജയിച്ചു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ഇഎംഎസ് നമ്പൂതിരിപ്പാട് മുൻപു പറഞ്ഞിട്ടുണ്ട്. വള്ളുവനാടിന്റെ ഇതിഹാസമെന്നറിയപ്പട്ടിരുന്ന ഇ.പി.ഗോപാലൻ പട്ടാമ്പി എംഎൽഎ ആയിരിക്കുമ്പോൾ പട്ടാമ്പി താലൂക്കിനായി ഏറെ ശ്രമം നടത്തിയിട്ടുണ്ട്. തുടർന്നു പട്ടാമ്പിയിൽ നിന്നു വിജയിച്ച് റവന്യു മന്ത്രിയായ കെ.ഇ.ഇസ്മായിലും താലൂക്ക് രൂപീകരണത്തിനായി ഏറെ ശ്രമിച്ചു.

1969നു ശേഷമാണു പട്ടാമ്പി താലൂക്കിനു വേണ്ടിയുള്ള പോരാട്ടം ശക്തമാകുന്നത്. അര നൂറ്റാണ്ട് പട്ടാമ്പിക്കാർ താലൂക്കിനു വേണ്ടിയുള്ള ശ്രമങ്ങൾക്കു പിറകെയായിരുന്നു. പിക്കറ്റിങ്, വഴി തടയൽ, ജീപ്പ് ജാഥ, കൂട്ട നിവേദനം, ഒപ്പുശേഖരണം, സർവകക്ഷി നിവേദകസംഘം, 72 മണിക്കൂർ നിരാഹാരസമരം, സർവീസ് സംഘടനകൾ, സന്നദ്ധ സംഘടനകൾ, അംസഘടിത, സംഘടിത മേഖലയിലെ തെ‍ാഴിലാളി സംഘടനകൾ അവരുടെ സമ്മേളനങ്ങളിലും യോഗങ്ങളിലും പ്രമേയം പാസാക്കൽ തുടങ്ങി വിവിധ തരത്തിലുള്ള പ്രതിഷേധ സമരങ്ങളാണു ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ അരനൂറ്റാണ്ട് നാട് നടത്തിയത്. 1981 മുതൽ താലൂക്കിനു വേണ്ടിയുള്ള പട്ടാമ്പിയുടെ പോരാട്ടം കൂടുതൽ ശക്തമായി. അന്നു മുതൽ പട്ടാമ്പിയെ പ്രതിനിധീകരിച്ച എംഎൽഎമാർ പ്രതിപക്ഷത്തായതു താലൂക്കിനു തടസ്സമായി.

1980ൽ പട്ടാമ്പിയിൽ നിന്നു വിജയിച്ച എം.പി.ഗംഗാധരനും 1987ൽ വിജയിച്ച ലീലാ ദാമോദരമേനോനും താലൂക്കിനു വേണ്ടി ശ്രമം നടത്തിയവരാണ്. പിന്നീട് പട്ടാമ്പിയിൽ നിന്ന് 1982ലും 1996ലും  വിജയിച്ചു റവന്യു മന്ത്രിയായ കെ.ഇ.ഇസ്മായിലും താലൂക്ക് വാഗ്ദാനം നൽകി പ്രാവർത്തികമാക്കാൻ വലിയ ശ്രമം നടത്തിയെങ്കിലും നടന്നില്ല. താലൂക്ക് രൂപീകരിക്കണമെന്നാവശ്യപ്പെട്ടു സി.പി.മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും താലൂക്ക് രൂപീകരണം സർക്കാരിന്റെ നയപരമായ കാര്യമാണെന്നും ഇടപെടാനാകില്ലെന്നും പറ‍ഞ്ഞു കോടതിയും കയ്യൊഴിഞ്ഞു. 1995ൽ എ.കെ.ആന്റണി മന്ത്രിസഭ പിന്നീട് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, നിലമ്പൂർ താലൂക്കുകൾ നൽകിയപ്പോഴും പട്ടാമ്പി പരിഗണിച്ചില്ല. 2001ൽ പട്ടാമ്പിയിൽ നിന്നു വിജയിച്ച് എംഎൽഎ ആയ സി.പി.മുഹമ്മദ് പിന്നീട് താലൂക്ക് കാര്യം ഏറ്റെടുക്കുകയായിരുന്നു. നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ, സബ്മിഷൻ, പ്രസംഗം, ചോദ്യോത്തര പരിപാടി, താലൂക്കിനു വേണ്ടി സിപി പോരാട്ടം തുടരുകയായിരുന്നു.

2016 ജനുവരി 2നു പട്ടാമ്പി ഗവ.കോളജ് സയൻസ് ബ്ലോക്ക് ശിലാസ്ഥാപനം ഉമ്മൻചാണ്ടി നിർവഹിക്കുന്നു. (ഫയൽചിത്രം).

പട്ടാമ്പി, തൃത്താല നിയോജകമണ്ഡലങ്ങളിലെ 16 പഞ്ചായത്തുകളും 18 വില്ലേജുകളും ഉൾപ്പെടുത്തി പട്ടാമ്പി താലൂക്ക് അനുവദിക്കുമെന്ന് ഉമ്മൻചാണ്ടി ഉറപ്പു നൽകിയെങ്കിലും പ്രഖ്യാപനത്തിനു പിന്നെയും കാത്തിരിക്കേണ്ടി വന്നു. 2013ൽ താലൂക്ക് അനുവദിച്ചതോടെ പട്ടാമ്പിക്കാർക്കു മറക്കാൻ കഴിയാത്ത മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടി. 2013 ഡിസംബർ 23ന് പട്ടാമ്പി താലൂക്ക് ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി എത്തിയപ്പോൾ വലിയ സ്വീകരണമാണു ലഭിച്ചത്. പട്ടാമ്പി കോളജിനു ജന്മശതാബ്ദി സമ്മാനമായി 35 കോടിയുടെ സയൻസ് ബ്ലോക്ക് അനുവദിച്ചതും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. ഓങ്ങല്ലൂർ ചെങ്ങണംകുന്ന് തടയണ അനുവദിച്ചതും നിയോജകമണ്ഡലത്തിൽ ആയിരക്കണക്കിനു ചികിത്സാ സഹായ അപേക്ഷകളിൽ ധനസഹായം അനുവദിച്ചതും പട്ടാമ്പി മണ്ഡലത്തിലെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്കു ഫണ്ട് അനുവദിച്ചതും പട്ടാമ്പിക്കു മറക്കാനാകില്ലെന്നു മുൻ എംഎൽഎ സി.പി.മുഹമ്മദ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com