ട്രെയിൻ യാത്ര: ആപ്പ് വഴി ടിക്കറ്റെടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയെന്നു റെയിൽവേ
Mail This Article
ഷൊർണൂർ ∙ റെയിൽവേ സ്റ്റേഷൻ കൗണ്ടറിൽ പോകാതെ ടിക്കറ്റെടുക്കുന്ന മൊബൈൽ ആപ്പ് അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം (യുടിഎസ്) വഴി ടിക്കറ്റ് എടുക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ജനറൽ ടിക്കറ്റുകൾ, സീസൺ ടിക്കറ്റ്, പ്ലാറ്റ്‌ഫോം ടിക്കറ്റ് എന്നിവയെല്ലാം ആപ്പിലൂടെ എടുക്കാൻ സൗകര്യം ലഭിച്ചതോടെയാണ് യുടിഎസ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചത് എന്നാണ് റെയിൽവേ പറയുന്നത്. 2024 ഓഗസ്റ്റ് ഒന്നുമുതൽ 18 വരെയുള്ള തീയതികളിൽ മൊത്തം ജനറൽ യാത്രക്കാരിൽ പാലക്കാട് ഡിവിഷനിൽ 10.5 ശതമാനം പേരും ആപ്പ് വഴി ടിക്കറ്റ് എടുത്താണ് യാത്ര ചെയ്തിരിക്കുന്നത്. ഇക്കാലയളവിൽ കൗണ്ടറിൽ നിന്ന് വിറ്റ് പോയത് 60.5 ശതമാനം ടിക്കറ്റുകൾ മാത്രമാണ്.
പ്രധാന സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന വെൻഡിങ് മെഷീനുകളിൽ നിന്ന് ടിക്കറ്റ് എടുത്തവരുടെ എണ്ണത്തിലും ഒരു വർഷത്തിൽ 4 ശതമാനത്തിലധികം വർധനയുണ്ട്. ആപ്പിൽ ടിക്കറ്റ് എടുക്കുന്നതു കൂടിയതോടെ കൗണ്ടറിൽ നിന്നുളള ടിക്കറ്റ് വിൽപന 30 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ പറയുന്നത്.
പാലക്കാട് ഉൾപ്പെടെയുള്ള പ്രധാന ജനത്തിരക്കുള്ള സ്റ്റേഷനുകളിൽ വെൻഡിങ് മെഷീനുകളുടെ എണ്ണവും നിലവിൽ വർധിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ സീസൺ ടിക്കറ്റുകളും ആപ്പ് വഴിയാണ് യാത്രക്കാർ തിരഞ്ഞെടുക്കുന്നത്. റെയിൽവേ സ്റ്റേഷന്റെ 25 കിലോമീറ്റർ പരിധിക്കകത്ത് നിന്ന് ടിക്കറ്റ് എടുക്കണം എന്നത് ആപ്പിൽ നിന്ന് ഒഴിവാക്കിയതോടെയാണു കൂടുതൽ യാത്രക്കാർ ആപ്പുകളെ ഉപയോഗപ്പെടുത്തിയത്.
ദീർഘദൂര യാത്ര നടത്തുന്നവരിൽ 70 ശതമാനം പേരും ആപ്പുകൾ വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് എടുക്കാനുള്ള സംവിധാനവും ഇപ്പോൾ നിലവിലുണ്ട്.ഐആർസിടിസിക്ക് പുറമേ മറ്റ് ടിക്കറ്റ് ബുക്കിങ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്.