കക്കാട്ടാറ്റിലെ മണൽതിട്ട നീക്കാൻ നടപടിയില്ല
Mail This Article
റാന്നി പെരുനാട് ∙ ആറിനും തീരങ്ങൾക്കും ഭീഷണിയായി കക്കാട്ടാറ്റിൽ മാമ്പാറ കണ്ടംകുളം ഭാഗത്ത് രൂപപ്പെട്ട മണൽ തിട്ട നീക്കം ചെയ്യാൻ നടപടിയില്ല. ആറ്റിൽ ജലനിരപ്പ് ഉയരുന്നതോടെ തീരങ്ങളിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. മഹാപ്രളയത്തിലും തുടർന്നുണ്ടായ വെള്ളപ്പൊക്കങ്ങളിലും ഒഴുകിയെത്തിയ മണലും ചെളിയുമാണ് ആറിന്റെ മധ്യ ഭാഗത്തോളം അടിഞ്ഞിരിക്കുന്നത്. തീരത്തിന്റെ ഉയരത്തിൽ അവ നിറഞ്ഞു കിടക്കുകയാണ്.
തിട്ട ആറ്റിൽ ഉറച്ചതിനാൽ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോകുന്നുമില്ല. മനുഷ്യ പ്രയത്നത്താൽ വാരി നീക്കാനും കഴിയില്ല. മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി ഇപ്പോൾ ആറിനില്ല. വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ നദികളിൽ അടിഞ്ഞിരിക്കുന്ന ചെളിയും മണലും മണൽ പുറ്റുകളും നീക്കം ചെയ്യുന്നതിന് ജലവിഭവ വകുപ്പ് വൻകിട ജലസേചന വിഭാഗത്തെ ചുമതല ഏൽപിച്ചിരുന്നു. പമ്പാനദിയിലെ കുറെ ചെളിയും മണലും കരാർ അടിസ്ഥാനത്തിൽ നീക്കിയിരുന്നു.
ഇതോടൊപ്പം കണ്ടംകുളം ഭാഗത്തെ ചെളിയും മണലും കൂടി നീക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ താലൂക്ക് വികസനസമിതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം പണി നടത്തിയില്ല. തുടർന്ന് വൻകിട ജലസേചന വിഭാഗം 51.62 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ജലവിഭവ വകുപ്പിൽ നൽകി. മാസങ്ങൾ പിന്നിട്ടിട്ടും ഫണ്ട് അനുവദിച്ചിട്ടില്ല. മഴക്കാലത്തിനു മുൻപു പണി നടത്തിയില്ലെങ്കിൽ ജനങ്ങളുടെ ദുരിതം വർധിക്കും. കൂടാതെ പണി നടത്താൻ അടുത്ത വേനൽക്കാലംവരെ കാത്തിരിക്കുകയും വേണം. സർക്കാർ ഇടപെട്ട് അടിയന്തരമായി ഇതിനു പരിഹാരം കാണണം.