മണ്ഡലകാലം എത്തി; ശബരിമല ദർശനം 15ന് വൈകിട്ടു മുതൽ
Mail This Article
ശബരിമല ∙ സ്വാമിഭക്തർക്ക് ദർശനത്തിന്റെ പുണ്യനാളുകൾ സമ്മാനിച്ച് മണ്ഡലകാല തീർഥാടനത്തിന് 15ന് വൈകിട്ട് 5ന് നട തുറക്കും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണു നട തുറക്കുക. മാളികപ്പുറം മേൽശാന്തി പി.എം.മുരളിക്കു താക്കോലും ഭസ്മവും നൽകി യാത്രയാക്കിയ ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി തെളിക്കും. നിയുക്ത മേൽശാന്തിമാരാണ് ആദ്യം പടി കയറുന്നത്.
ഭക്തർക്ക് 15ന് ഉച്ചയ്ക്ക് ഒന്നു മുതൽ പമ്പയിൽനിന്ന് സന്നിധാനത്തേക്കു പ്രവേശനം അനുവദിക്കും. വൈകിട്ട് 6ന് പുതിയ മേൽശാന്തിമാരായ എസ്.അരുൺകുമാർ നമ്പൂതിരി (ശബരിമല), വാസുദേവൻ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണം നടക്കും. ദിവസവും പുലർച്ചെ 3ന് നട തുറക്കും. ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. വൈകിട്ട് 3ന് വീണ്ടും തുറക്കും. രാത്രി 11 വരെയാണ് ദർശനം.
പന്തളത്ത് തിരുവാഭരണ ദർശനം 16 മുതൽ
പന്തളം ∙ മണ്ഡല ഉത്സവത്തിന് തുടക്കം കുറിക്കുന്നതോടെ പന്തളം കൊട്ടാരത്തിലെ സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണ ദർശനവും 16 തുടങ്ങും. പുലർച്ചെ 5 മുതൽ രാത്രി 8 വരെയാണ് ദർശനം. വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലും പന്തളം കൊട്ടാരത്തിലും ഒരുക്കങ്ങൾ പൂർത്തിയാകുന്നു. 16ന് ഉച്ചയ്ക്ക് ആലുംമൂട്ടിൽ ഫ്രണ്ട്സ് ക്ലബ്ബിന്റെ വകയായി അന്നദാനമുണ്ടാകും. തുടർന്നുള്ള ദിവസങ്ങളിൽ ദേവസ്വം ബോർഡിന്റെയും ഉപദേശകസമിതിയുടെയും നേതൃത്വത്തിൽ പ്രഭാതഭക്ഷണവും ഉച്ചയ്ക്കും വൈകിട്ടും അന്നദാനവുമുണ്ടാകും. ക്ഷേത്രമുറ്റത്ത് അലങ്കാരപ്പന്തലൊരുക്കുന്നുണ്ട്. ക്ഷേത്രത്തിന് സമീപത്തെ തുറന്ന ഹാളിൽ തയാറാക്കിയ വേദിയിലാണ് ഇക്കുറി കലാപരിപാടികൾ നടത്തുക.
വെർച്വൽ ക്യു ബുക്കിങ് 29 വരെ പൂർത്തിയായി
ശബരിമല ∙ ദർശനത്തിനുള്ള വെർച്വൽ ക്യു ബുക്കിങ് ഈ മാസം 29 വരെ പൂർത്തിയായി. ഈ ദിവസങ്ങളിൽ ഇനി തത്സമയ ബുക്കിങ്ങിലൂടെ ഒരു ദിവസം 10,000 പേർക്കും വെർച്വൽ ക്യു ബുക്കിങ് റദ്ദാക്കുന്ന ഒഴിവുകളുടെ എണ്ണമനുസരിച്ചും ഭക്തർക്ക് അവസരം ലഭിക്കും. വെർച്വൽ ക്യു ബുക്കിങ്ങിലൂടെ ഒരു ദിവസം 70,000 ഭക്തർക്കാണു ദർശന സൗകര്യം ക്രമീകരിച്ചത്. നട തുറക്കുന്ന ഇന്നു വൈകിട്ട് 30,000 പേർക്കാണു പ്രവേശനം. ഇതിന്റെ ബുക്കിങ്ങും പൂർത്തിയായി. അധികമായി ഭക്തരെത്തിയാൽ ദർശന സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. വിശേഷ ദിവസങ്ങളായ മണ്ഡലപൂജയുടെ ദിവസവും മകരവിളക്കിനോടനുബന്ധിച്ചും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതിനാൽ വെർച്വൽ ബുക്കിങ്ങിനായി തുറന്നിട്ടില്ല.