കാറ്റിലും മഴയിലും വ്യാപക നാശം

Mail This Article
ചുങ്കപ്പാറ ∙ കാറ്റിലും മഴയിലും മേഖലയിൽ വ്യാപക നാശം, കെട്ടിടങ്ങളുടെ മേൽക്കൂരയിലെ സംരക്ഷണമറകൾ നിലം പതിച്ചു. ചാലാപ്പള്ളി റോഡിൽ ഹൈസ്കൂൾപ്പടിക്ക് സമീപം വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര ഇന്നലെ വൈകിട്ട് മൂന്നുമണിയോടുണ്ടായ കാറ്റിലും മഴയിലും പറന്നുപൊങ്ങി നിലംപതിച്ചു. പൊതുവിതരണ കേന്ദ്രത്തിന്റെ മുകളിലെ നിലയുടെ ഓടുകൾ ഭാഗികമായി നിലംപതിച്ചു. സർബത്ത് വിൽപനശാലയുടെ മേൽക്കൂരയുടെ ആസ്ബസ്റ്റോസ് ഷീറ്റുകൾ ചുഴലിക്കാറ്റിൽ പറന്നുപോയി, വൈദ്യുതോപകരണങ്ങൾ തകരാറിലായി. വ്യാപാരസ്ഥാപനത്തിൽ ജീവനക്കാരില്ലാത്തതിനാൽ അപകടം വഴിമാറി. പള്ളിപ്പടി റോഡിലും മരങ്ങൾ കടപുഴകി. കോട്ടാങ്ങൽ– പാടിമൺ, വായ്പൂര് ഊട്ടുകുളം റോഡിൽ മരങ്ങൾ കടപുഴകിവീണു വൈദ്യുതത്തൂണുകൾ തകർന്നു.

വിളവ് എത്താറായ ഏത്തവാഴകൾ ശക്തമായ മഴയിലും കാറ്റിലും ഒടിഞ്ഞുവീണു.പെരുമന കടയന്ത്ര ഈപ്പൻ മാത്യുവിന്റെ കൃഷിയിടത്തിലെ 350 ഏത്തവാഴകളാണ് നശിച്ചത്. ജൂൺ മാസത്തിൽ വിളവെടുക്കാൻ പാകത്തിലെത്തിയവയാണ് കഴിഞ്ഞദിവസത്തെ കാറ്റിൽ ഒടിഞ്ഞുവീണത്. പാട്ടത്തിനെടുത്ത പുരയിടത്തിൽ രണ്ടായിരത്തോളം ഏത്തവാഴകളാണ് ഈപ്പൻ മാത്യു കൃഷി ചെയ്തത്. ഓണത്തിന് വിളവെടുക്കാൻ പാകത്തിലുള്ളവയുമുണ്ട്.