ട്രാഫിക് നിയന്ത്രിക്കില്ല, അപകടങ്ങളുണ്ടായാൽ തിരിഞ്ഞുനോക്കില്ല; പക്ഷേ റോഡിന് നടുവിൽ ഹെൽമെറ്റ് വേട്ട, പരാതി
Mail This Article
ബാലരാമപുരം∙ കരമന–കളിയിക്കാവിള ദേശീയ പാതയിൽ തിരക്കേറിയ ബാലരാമപുരം ജംക്‌ഷനിൽ കൊടിനടയ്ക്ക് സമീപം റോഡിന് നടുവിൽ പൊലീസ് ജീപ്പ് നിർത്തിയിട്ട് ഹൈവേ പൊലീസിന്റെ ഹെൽമെറ്റ് പരിശോധന. അപകടം വിളിച്ചുവരുത്തുന്ന തരത്തിൽ കഴിഞ്ഞദിവസം ഒരു മണിക്കൂറോളം ഇത്തരത്തിൽ പരിശോധന നടന്നു. കഴിഞ്ഞ ആഴ്ചയും ഇതുപോലെ ഹെൽമറ്റ് പരിശോധന നടന്നിരുന്നു. തിരക്കേറിയ കൊടിനട ജംക്‌ഷനിൽ സിഗ്നൽ ലൈറ്റും ട്രാഫിക് പൊലീസും ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നതായി മനോരമ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അതേ അപകട മുനമ്പിലാണ് ഹൈവേ പൊലീസിന്റെ അപകടകരമായ പരിശോധനയും.
രാത്രിയും പകലും ആറാലുംമൂട്ടിൽ രണ്ടിടത്ത് ഇരുവശങ്ങളിലെയും വാഹനങ്ങൾ തടഞ്ഞുനിർത്തി ഡ്രൈവർമാരിൽ നിന്ന് മൂന്നംഗ സംഘം പണം ഈടാക്കുന്നതായും പരാതി ഉയർന്നിരുന്നു. അതിനിടെയാണ് തിരക്കേറിയ ബാലരാമപുരം ജംക്‌ഷനിലേക്ക് താവളം മാറ്റിയിരിക്കുന്നത്. നേരത്തേ അഞ്ചുപേർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയിരുന്നത്. ട്രാഫിക് നിയന്ത്രിക്കാനോ, ദേശീയപാതയിൽ അപകടങ്ങളോ മറ്റോ ഉണ്ടായാൽ തിരിഞ്ഞുനോക്കാനോ ശ്രമിക്കാത്ത സംഘമാണ് ജീപ്പ് റോഡിനു നടുവിൽ നിർത്തി ഇരുചക്രവാഹന യാത്രക്കാരെ വേട്ടയാടുന്നതെന്ന് പരാതിയുണ്ട്. ഇതിനെതിരെ മേലുദ്യോഗസ്ഥർ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ഇത് ആവർത്തിച്ചാൽ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും നാട്ടുകാർ അറിയിച്ചു.