ലുങ്കി ഉടുത്ത് ചലച്ചിത്ര മേളകളിലെത്തുന്ന പ്രേക്ഷകരെ വേറെ എവിടെ കാണും: അനുരാഗ് കശ്യപ്
Mail This Article
തിരുവനന്തപുരം∙ ‘രാജ്യത്തെ ഏറ്റവും മികച്ച സിനിമാ ആസ്വാദകരാണ് തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്ര മേളയിലെത്തുന്നത്. ലുങ്കി ഒക്കെ ഉടുത്ത് ചലച്ചിത്ര മേളകളിലെത്തുന്ന പ്രേക്ഷകരെ വേറെ എവിടെ കാണും’– പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപിന്റെ വാക്കുകൾ. സിനിമകളും ആസ്വാദനവും മാത്രമല്ല, ഫിലിം ഫെസ്റ്റിവലിന് എത്തുന്നവരുടെ ലുക്ക് പോലും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചു കഴിഞ്ഞു. രാവിലെ മുതലുള്ള കനത്ത വെയിലിനെയും രാത്രിയിലെ തണുത്ത കാലാവസ്ഥയെയും സിനിമ പ്രേമികൾ ഒരുപോലെ പ്രതിരോധിച്ചതോടെ ചലച്ചിത്ര മേള ഇന്നലെയും ബംപർ ഹിറ്റ്. 49 ചിത്രങ്ങളും ഓടിയത് ഹൗസ്ഫുളായി. എങ്കിലും എവിടെയെങ്കിലും ഒരു സീറ്റ് കിട്ടുമോ എന്ന് കാത്തിരുന്നത് ഒട്ടേറെ പേർ.
നിയോ നോയർ വിഭാഗത്തിൽ പെട്ട കെന്നഡി എന്ന അനുരാഗ് കശ്യപിന്റെ ചിത്രത്തിനെ തിയറ്റർ മുഴുവൻ എഴുന്നേറ്റ് നിന്ന് കയ്യടികളോടെയാണ് അഭിനന്ദിച്ചത്. ഉടൻ തന്നെ താൻ മലയാള സിനിമയിലേക്ക് എത്തുമെന്ന അനുരാഗിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി കാണികളുടെ വൻ ആരവവും. മുംബൈ പൊലീസിന്റെ ഭാഗമായിരുന്ന ഉദയ് ഷെട്ടിയെന്ന ഉദ്യോഗസ്ഥന്റെ കഥ പറയുന്ന ചിത്രം ഇതുവരെയും തിയറ്ററിൽ റിലീസ് ചെയ്തിട്ടില്ല. കോവിഡിന് ഇടയ്ക്കാണ് താൻ ഈ സിനിമയെപ്പറ്റി ചിന്തിച്ചു തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. അനുരാഗ് കശ്യപിനോട് ചോദ്യങ്ങൾ ചോദിക്കാനും യുവാക്കളുടെ വലിയ നിര ഉണ്ടായിരുന്നു.
ഞായറാഴ്ച അർധ രാത്രി നിശാഗന്ധിയിൽ നടന്ന ഓപ്പൺ സ്ക്രീനിങ്ങിനും എത്തി വൻ ജനക്കൂട്ടം. ഹൊറർ ചിത്രമായ ദി എക്സോർസിസ്റ്റിന്റെ പ്രദർശനത്തിന് ജനം തിങ്ങി നിറഞ്ഞു. പുലർച്ചെ രണ്ട് വരെ നഗരപ്രദേശം സിനിമാസ്വാദകരാൽ നിറഞ്ഞു. ഇന്ന് രാത്രി 12ന് മലേഷ്യൻ ഹൊറർ ചിത്രം ടൈഗർ സ്ട്രൈപ്സ് പ്രദർശിപ്പിക്കും. പതിനൊന്നുകാരിയായ സഫാൻ നേരിടുന്ന ഭയാനകമായ ശാരീരിക മാനസിക മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് സംവിധായിക അമാൻഡ നെല്ലിയു ചിത്രം ഒരുക്കിയിരിക്കുന്നത്.