പൈപ്‌ലൈൻ പൊട്ടി; വെള്ളം വീടിനുള്ളിലേക്ക് ഇരച്ചുകയറി: ഉദ്യോഗസ്ഥർ എത്തിയത് 2 മണിക്കൂർ വൈകി
Mail This Article
മലയിൻകീഴ് ∙ ജലഅതോറിറ്റിയുടെ പൈപ്‌ലൈൻ പൊട്ടിയതിനെ തുടർന്ന് വെള്ളം സമീപത്തെ വീടിനുള്ളിലേക്ക് ഇരച്ചുകയറി. വിവരം അറിയിച്ചിട്ടും വാൽവ് അടയ്ക്കാൻ ജലഅതോറിറ്റി 2 മണിക്കൂർ വൈകിയത് ദുരിതത്തിന്റെ വ്യാപ്തി കൂട്ടി. മലയിൻകീഴ് അണപ്പാട് അശ്വതി ഭവനിൽ ആർ.ബാബുവിന്റെ വീട്ടിലേക്കാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വെള്ളം കുത്തിയൊലിച്ച് എത്തിയത്. സമീപത്തെ അണപ്പാട് – ചീനിവിള റോഡിലെ പൈപ്‌ലൈൻ ആണ് പൊട്ടിയത്. അശ്വതിയും ആറാം ക്ലാസുകാരൻ മകൻ അഖിലും മാത്രമാണ് സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. 2 മണിയോടെ കാട്ടാക്കട ഫയർഫോഴ്സ് എത്തി മോട്ടർ ഉപയോഗിച്ച് വെള്ളം സമീപത്തെ തോട്ടിലേക്ക് കളയാൻ ശ്രമം തുടങ്ങി. എന്നാൽ വാൽവ് അടയ്ക്കാതത്തിനെ തുടർന്ന് വെള്ളത്തിന്റെ ഒഴുക്ക് തുടർന്നു. മണിക്കൂറുകളോളം പരിശ്രമിച്ചാണ് വീട്ടിനുള്ളിലും പരിസരത്തും കെട്ടിനിന്ന വെള്ളം പുറത്തേക്ക് കളഞ്ഞത്. മൂന്നരയോടെയാണ് വാൽവ് അടയ്ക്കാൻ ജലഅതോറിറ്റി തയാറായത്. വീടിന്റെ താഴത്തെ നിലയിൽ ഉണ്ടായിരുന്ന ഫർണിച്ചർ, ഫ്രിജ് ഉൾപ്പെടെയുള്ള സാധനങ്ങൾ നശിച്ചു
ജലഅതോറിറ്റിയുടെ വീഴ്ച
മലയിൻകീഴ് ∙ വീട്ടുകാരും ജനപ്രതിനിധികളും പൊലീസും ഫയർഫോഴ്സും നാട്ടുകാരും വിളിച്ചിട്ടും നെയ്യാറ്റിൻകര സെക്‌ഷനിലെ ജലഅതോറിറ്റി ഉദ്യോഗസ്ഥർ ഫോൺ എടുക്കാൻ തയാറായില്ല. മണിക്കൂറുകൾ കഴിഞ്ഞാണ് ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞത്. ദൗത്യം കഴിഞ്ഞ് ഫയർഫോഴ്സ് മടങ്ങിയ ശേഷമാണ് ജലഅതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത്. മലയിൻകീഴ് – ഊരൂട്ടമ്പലം റോഡിൽ വെള്ളിയാഴ്ച പൈപ്‌ലൈനിൽ ചോർച്ച ഉണ്ടായി.ഇതു പരിഹരിക്കുന്നതിനായി വാൽവ് അടച്ചിരുന്നു. ഇതിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് ശുദ്ധജല വിതരണം ആരംഭിച്ചപ്പോൾ ഉണ്ടായ മർദം കാരണമാകും പൈപ്‌ലൈൻ പൊട്ടിയതെന്നു ജലഅതോറിറ്റിയുടെ വിശദീകരണം.