നിർവൃതിയോടെ മടക്കം: നഗരം തിരക്കിൽ മുങ്ങി

Mail This Article
തിരുവനന്തപുരം∙ റെയിൽവേ സ്റ്റേഷനിലും കെഎസ്ആർടിസിയിലും മടങ്ങിപ്പോകുന്ന തീർഥാടകരുടെ അഭൂതപൂർവമായ തിരക്കാണു ഉച്ചയോടെ അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലത്തേക്കു പ്രത്യേക ട്രെയിൻ ഓടിച്ചതു തീർഥാടകർക്ക് ആശ്വാസമായി. നാഗർകോവിലിലേക്കും കൊല്ലത്തേക്കും മെമു ട്രെയിനുകൾക്കു പുറമേ കണ്ണൂർ ജനശതാബ്ദി, ചെന്നൈ മെയിൽ, എറണാകുളം സ്പെഷൽ തുടങ്ങിയ ട്രെയിനുകൾ യാത്രക്കാരുടെ തിരക്കുമൂലം വൈകിയാണു പുറപ്പെട്ടത്. ആർപിഎഫും റെയിൽവേ പൊലീസും വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. തിരക്ക് നിയന്ത്രിക്കാനായി പവർ ഹൗസ് റോഡിൽ നിന്നു വടം കെട്ടി നിയന്ത്രിച്ചാണു യാത്രക്കാരെ അകത്തേക്കു കടത്തി വിട്ടത്.
ഡിആർഎം ഡോ.മനീഷ് ധപ്‌ല്യാൽ, സീനിയർ കൊമേഴ്ഷ്യൽ മാനേജർ വൈ.സെൽവിൻ, ഓപ്പറേഷൻ മാനേജർ എ.വിജ്‌വിൻ തുടങ്ങിയവർ സ്റ്റേഷനിൽ ക്യാംപ് ചെയ്തു നിർദേശങ്ങൾ നൽകി. യാത്രക്കാരുടെ സൗകര്യത്തിനായി ഒട്ടേറെ ടിക്കറ്റ് കൗണ്ടറുകളും ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിരുന്നു. ഒരു ലക്ഷത്തോളം തീർഥാടകർ ട്രെയിനുകളിൽ യാത്ര ചെയ്തുവെന്നാണ് കണക്ക്.
തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉച്ചയോടെയാണു ബസ് സർവീസുകൾ പുനരാരംഭിച്ചത്. പല സ്ഥലങ്ങളിലായി കുടുങ്ങി കിടന്ന ബസുകൾ ഒരുമിച്ച് എത്തിയതോടെ കോൺവോയ് പോലെയാണു ബസുകൾ ഏറെ നേരം സർവീസ് നടത്തിയത്.
വൈകാതെ സ്റ്റാൻഡിനുള്ളിൽ നിശ്ചിത സ്ഥലങ്ങളിൽ ബസുകൾ നിർത്തി. ഇതോടെ ബസുകളുടെ നിര പാളയം വരെ നീണ്ടു. പൊലീസും െകഎസ്ആർടിസി ജീവനക്കാരും ഏറെ പണിപ്പെട്ടാണു ഗതാഗതം നിയന്ത്രിച്ചു ബസുകൾ കടത്തിവിട്ടത്. 2 മണിക്കൂറോളം വേണ്ടി വന്നു ബസുകളുടെ റോഡിലെ നിര തീരാൻ. തിരക്ക് കൂടിയതോടെ ഡിടിഒ സുരേഷ് കുമാർ തന്നെ മൈക്ക് കയ്യിലെടുത്തു യാത്രക്കാർക്കു വേണ്ട നിർദേശങ്ങൾ നൽകി.
എംസി റോഡിലൂടെയുള്ള ഏതാനും ബസുകൾ ആദ്യം പോയതോടെ കൊല്ലം, ആലപ്പുഴ ഭാഗത്തേക്കും നെടുമങ്ങാട് മേഖലയിലേക്കുള്ള ബസുകളിലായി തിരക്ക്. കഴിഞ്ഞ വർഷം യാത്രക്കാർ മണിക്കൂറുകളോളം തമ്പാനൂരിൽ കുടുങ്ങിയെങ്കിൽ ഇത്തവണ അതുണ്ടായില്ല. പൊലീസിന്റെ വലിയ സഹായം ലഭിച്ചുവെന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു.