കാട്ടുപോത്തിന് കലിയിളകി; പരുക്കു മാറ്റാൻ ശസ്ത്രക്രിയ

Mail This Article
തിരുവനന്തപുരം∙ മൃഗശാലയിൽ കാട്ടുപോത്ത് ഇനത്തിലെ രണ്ടു മൃഗങ്ങളുടെ ഏറ്റുമുട്ടലിൽ സാരമായി പരുക്കേറ്റ പെൺ മൃഗത്തിന് ചുണ്ടുകളിൽ റീകൺസ്ട്രക്റ്റീവ് സർജറി നടത്തി. ഇന്നലെ രാവിലെ നടന്ന സംഭവത്തിലാണ് ഇതിന്റെ മേൽച്ചുണ്ട് കീറി പോകുകയും കീഴ്ചുണ്ട് മോണയിൽ നിന്ന് പൂർണമായും വേർപെടുകയും ചെയ്തത്. ക്രമാതീതമായി എണ്ണം പെരുകുന്നത് തടയാനായി ആൺ പെൺ മൃഗങ്ങളെ ഏറെക്കാലമായി പ്രത്യേകം കൂടുകളിലായാണ് പാർപ്പിച്ചിരുന്നത്.
എന്നാൽ തൃശൂരിൽ വനം വകുപ്പിന്റെ കീഴിൽ പുതുതായി ആരംഭിക്കുന്ന മൃഗശാലയിലേക്ക് ജോഡിയെ ഇവിടെ നിന്ന് നൽകിയതിനെ തുടർന്ന് ആണിനെ പ്രജനനത്തിനായി പെൺ കൂട്ടിലേക്ക് മാറ്റിയ ശേഷം നിരീക്ഷിച്ച് വരികയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിലാണ് കൂട്ടത്തിലെ ഒരു പെൺമൃഗത്തിനു പരുക്കേറ്റത്.
മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിൽ അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി ചുണ്ടുകളുടെ ഘടന വീണ്ടെടുത്തു. ഹൗസ് സർജന്മാരായ ഡോ. ആൽബി ബി. ബ്രൂസ്, ഡോ. കീർത്തന, ഡോ. അന്ന മാമച്ചൻ, ഡോ. ആനി ക്രൂസ്, ഡോ. ഭദ്ര പി., ഡോ. ലിയ ബാബു, ഡോ. അപർണ ഉത്തമൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.