യാത്രക്കാരെ വലച്ച് കനത്ത മഴ; നഗരം വീണ്ടും വെള്ളത്തിൽ: രണ്ട് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

Mail This Article
തിരുവനന്തപുരം∙ പെട്ടെന്നു പെയ്ത മഴ നഗരത്തിലിറങ്ങിയവരെ ബുദ്ധിമുട്ടിലാക്കി. ഇന്നലെ വൈകിട്ട് ആറരയോടെ തുടങ്ങിയ മഴയാണ് രണ്ടുമണിക്കൂറോളം നീണ്ട കനത്ത മഴയായത്. പലയിടങ്ങളിലും വെള്ളം കയറി. വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. തമ്പാനൂർ, വഞ്ചിയൂർ,പാറ്റൂർ ചാല, കുര്യാത്തി എന്നിവിടങ്ങളിൽ വെള്ളം പൊങ്ങി.
തമ്പാനൂർ, ബേക്കറി തുടങ്ങിയ സ്ഥലങ്ങളിൽ ഗതാഗതം താറുമാറായി. തമ്പാനൂർ ബസ് സ്റ്റാൻഡിനു മുൻവശം വെള്ളക്കെട്ടായതോടെ യാത്രക്കാർ വലഞ്ഞു. ഇരുചക്ര വാഹനങ്ങൾ ഓടിക്കാൻ കഴിയാത്ത വിധമാണ് തമ്പാനൂർ ഭാഗം ഒരു മണിക്കൂറോളം മുങ്ങിയത്. തമ്പാനൂർ എസ്എസ് കോവിൽ റോഡും വെള്ളത്തിലായി. മുളവനയിൽ ബണ്ട് റോഡ് കരകവിഞ്ഞൊഴുകി. പലയിടത്തും സുവിജ് ലൈനുകൾ പൊട്ടിയൊഴുകി. മാർച്ച് 22 വരെ സംസ്ഥാനത്ത് വേനൽമഴയും മിന്നലുമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മഴ നനഞ്ഞും സമരം തുടർന്ന് ആശമാർ
സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ കനത്ത മഴ നനഞ്ഞും സമരം തുടർന്നു. മഴ കനത്തിട്ടും അവിടെ നിന്നു മാറാൻ കൂട്ടാക്കിയില്ല. എംഎൽഎമാരായ കെ.കെ. രമയും രാഹൂൽ മാങ്കൂട്ടവും ഈ സമയം സമരപന്തലിലെത്തി.