റഷ്യ മറന്നിട്ടും കേരളത്തിലെ കമ്യൂണിസ്റ്റുകാർ ലെനിനെ തേടി പോവുന്നു: ശ്രീ ശ്രീ രവിശങ്കർ

Mail This Article
തൃശൂർ∙ റഷ്യ മറന്നിട്ടും കേരളത്തിലെ കമ്യൂണിസ്റ്റുകാർ ലെനിനെ അന്വേഷിച്ചു റഷ്യയിൽ പോകുകയാണെന്നു ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു. ഒരു സിദ്ധാന്തത്തിന്റെ ഭാഗമായി മാത്രം നിൽക്കുമ്പോൾ ലോകത്തെ അറിയാതെ പോകുന്നു. അതാണ് ഇവിടെയും സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചൈനയിൽ കമ്യൂണിസവും മാവോയിസവും ഇല്ലാതായി. റഷ്യയിൽ ലെനിന്റെ പ്രതിമപോലും നീക്കം ചെയ്തു. അവിടെ പലയിടത്തും ലെനിൻ ആരാണെന്നുപോലും അറിയില്ല. കേരളത്തിൽ കമ്യൂണിസ്റ്റുകാരും വർഗീയവാദികളും കൊല നടത്തുന്നതും ഇതുകൊണ്ടുതന്നെയാണ്.
ഒന്നിനു പിറകെ നിൽക്കുമ്പോൾ ലോകത്തിന്റെ വിശാലത അറിയുന്നില്ലെന്നു ശ്രീ ശ്രീ പറഞ്ഞു. ആർട് ഓഫ് ലിവിങ് സംഘടിപ്പിച്ച ശിവസൂത്രയുടെ സമാപന ദിനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മനസ്സിനെ പറയുന്നതു അന്തരംഗം എന്നാണ്. രംഗമെന്നാൽ വേദിയാണ്. അവിടെ നമ്മുടെ ആഗ്രഹങ്ങൾ നൃത്തം ചെയ്യുന്നു. ആഗ്രഹങ്ങളെ അടിച്ചമർത്തരുത്. അത് അകത്തെ ഊർജത്തിൽ നിന്നു വരുന്നതാണ്.
മനസ്സിനകത്തേക്കു നോക്കിയാൽ നമ്മുടെ ആത്മാവു സന്തോഷത്തോടെ നൃത്തം ചെയ്യുന്നതു തിരിച്ചറിയാനാകും. നമ്മുടെ വികാരങ്ങളാണ് അവിടെ കാഴ്ചക്കാരാകുന്നതെന്നും അദ്ദേഹം പറഞ്ഞു.ശിവസൂത്ര പരിശീലനത്തിനു ശേഷം അദ്ദേഹം ആർട് ഓഫ് ലിവിങ് അധ്യാപകരോടു സംസാരിച്ചു. 10,000 പേരാണു ശിവസൂത്ര പരിശീലനത്തിന് എത്തിയത്. ആദ്യമായാണു ആശ്രമത്തിനു പുറത്ത് ഈ പരിശീലനം നടത്തുന്നത്.