അടിച്ച് ഫിറ്റായി 'സ്വർണാഭരണ വിഭൂഷിതനായി' വഴിയിൽ കിടന്നു; ‘ശവംതൂപ്പ്’ വീരന്മാരെ പേടിച്ച് ലോഡ്ജിലാക്കി പൊലീസ്

Mail This Article
തൃശൂർ∙ നേരം വെളുത്തതിനൊപ്പം വെളിവു വീണപ്പോൾ ആ മദ്യപന് കിടന്നുറങ്ങിയ സ്ഥലം മനസ്സിലായില്ല. തൃശൂർ നഗരത്തിലെ ഒരു ലോഡ്ജ് മുറി ആണെന്നു തിരിച്ചറിഞ്ഞു. തലേ ദിവസം പൊലീസാണ് ഇവിടെ കൊണ്ടുവന്നാക്കിയതെന്ന് ലോഡ്ജുകാർ പറഞ്ഞപ്പോൾ മദ്യപന്റെ ചോദ്യം: ‘ ങേ, ഞാൻ കുഴപ്പം വല്ലതുമുണ്ടാക്കിയോ?’ കുഴപ്പമുണ്ടാക്കിയതിനല്ല കഴിഞ്ഞദിവസം രാത്രി ആ മദ്യപനെ പൊലീസ് ‘ കസ്റ്റഡിയി’ലെടുത്തത്. സ്വർണാഭരണം ധരിച്ചിരുന്നതിനാലാണ്.
അടിച്ചു ഫിറ്റായി ജയ്ഹിന്ദ് മാർക്കറ്റിൽ ബോധരഹിതനായി കിടന്ന ഇദ്ദേഹത്തിനു ബ്രേസ്‌ലെറ്റ്, മാല, മോതിരങ്ങൾ എന്നിവയുണ്ടായിരുന്നു. രാത്രി ഇവിടെ കിടന്നാൽ സ്വർണം ആരെങ്കിലും കൊണ്ടുപോകുമെന്നു തിരിച്ചറിഞ്ഞു ട്രാഫിക് പൊലീസാണ് ഈസ്റ്റ് പൊലീസിനെ വിളിച്ചത്. അവർ ഇദ്ദേഹത്തെ സമീപത്തെ കെആർപി ലോഡ്ജിൽ എത്തിക്കുകയായിരുന്നു. പേരും വിവരങ്ങളും പറയാൻ ആവാത്ത സ്ഥിതിയിലായിരുന്നു ആൾ. രാവിലെ 2 തവണ ലോഡ്ജിലെ ജീവനക്കാരൻ പോയി നോക്കിയപ്പോൾ ചുരുണ്ടുകൂടി നല്ല ഉറക്കം.
ഉറക്കമെണീറ്റു വന്നപ്പോഴാണു കഥകളൊക്കെ അറിഞ്ഞത്. പോകാൻ തിടുക്കം കൂട്ടിയ അദ്ദേഹത്തെ തിരികെ ഈസ്റ്റ് സ്റ്റേഷനിലെത്തിച്ച് വിലാസവും വിവരങ്ങളും രേഖപ്പെടുത്തിയശേഷമാണു വിട്ടയച്ചത്.സർക്കാർ സർവീസിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ഈ ഗുരുവായൂരുകാരൻ ഇപ്പോൾ കോഴിക്കോട് ഒരു ആശ്രയകേന്ദ്രത്തിലാണത്രേ താമസം. പൊലീസിനും ലോഡ്ജ് ഉടമയ്ക്കും നന്ദി പറഞ്ഞ് മടങ്ങിയ അദ്ദേഹം ലോഡ്ജിൽ മുറിവാടക നൽകാനും മറന്നില്ല.
കാത്തിരിപ്പുണ്ട് ‘ശവംതൂപ്പ്’ വീരന്മാർ
തൃശൂർ∙ രാത്രിയിൽ നഗരത്തിൽ മദ്യപിച്ചു ബോധമില്ലാതെ കിടക്കുന്നവരുടെ ദേഹത്തു നിന്നു പണവും ആഭരണങ്ങളും മോഷ്ടിക്കുന്നവർക്കു കള്ളന്മാർക്കിടയിലുള്ള ഓമനപ്പേരാണ് ‘ശവംതൂപ്പ്’ വീരന്മാർ. മരിച്ചതിനൊക്കും വിധം റോഡരികിൽ കിടക്കുന്നരുടെ സ്വത്ത് തൂത്തെടുക്കുന്നവൻ എന്നർഥം. ബാറിൽ നിന്നു കാലുറയ്ക്കാതെ പോകുന്നവരെ പിന്തുടരും.
അവർ എവിടെയെങ്കിലും വീണുറങ്ങിയാൽ അടുത്തുവന്നുകിടക്കും. കയ്യിലും മറ്റും പതുക്കെ തലോടി നോക്കും. ഇങ്ങനെ ആരുമറിയാതെ ആഭരണവും പഴ്സും പൊക്കി സ്ഥലംവിടും. ഇത്തരക്കാരെ പലരെയും പണ്ട് പിടികൂടിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു. വീടുകയറി മോഷ്ടിക്കുന്നവന് ‘മത്തിക്കാരൻ’ എന്നാണത്രേ ഇരട്ടപ്പേര്. പോക്കറ്റടിക്ക് ‘കച്ചോടം’ എന്നും