പാത്രിയർക്കീസ് ബാവായ്ക്ക് വൻ വരവേൽപ്

Mail This Article
പഴഞ്ഞി ∙ ആഗോള സിറിയൻ ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്കു പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ ഉൗഷ്മള വരവേൽപ്. കേരള സന്ദർശനത്തിന്റെ ഭാഗമായി തൃശൂരിലെത്തിയ പാത്രിയർക്കീസ് ബാവായ്ക്കു ജില്ലയിലെ ആദ്യ സ്വീകരണമാണു പെങ്ങാമുക്കിൽ യാക്കോബായ സഭാ നേതൃത്വം ഒരുക്കിയത്.
വൈകിട്ട് തൃശൂരിലെത്തിയ പാത്രിയർക്കീസ് ബാവായെ യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്, തൃശൂർ ഭദ്രാസനാധിപൻ ഡോ.കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഡൽഹി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ യൗസേബിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ്, ഗീവർഗീസ് മാർ സ്തേഫാനോസ് എന്നിവർ ചേർന്നു സ്വീകരിച്ചു. തുടർന്നു വാഹനങ്ങളുടെ അകമ്പടിയോടെ പെങ്ങാമുക്കിലേക്ക്. രാത്രി ഏഴരയോടെ ഒട്ടേറെ വിശ്വാസികൾ ചേർന്നൊരുക്കിയ സ്നേഹത്തണിലേക്കാണു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ എത്തിയത്.
അന്തോഖ്യാ–മലങ്കര ബന്ധം നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യത്തോടെ മാലിയിട്ട് അദ്ദേഹത്തെ സ്വീകരിച്ചു. പള്ളിയുടെ പ്രവേശന കവാടം മുതൽ പൂക്കൾ, ബലൂണുകൾ, പാത്രിയർക്ക പതാക എന്നിവയുമായി വിശ്വാസികൾ അണിനിരന്നിരുന്നു. തുടർന്നു സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയും തിരികെ വിശ്വാസികളെ ആശീർവദിച്ചും അദ്ദേഹം പള്ളിയിലെത്തി.
ശേഷം ധൂപപ്രാർഥന നടത്തുകയും ശ്ലൈഹിക വാഴ്‌വു നൽകുകയും ചെയ്തു. തൃശൂർ ഭദ്രാസന ഭാരവാഹികൾ, വൈദികർ, ആത്മീയ സംഘടനാ ഭാരവാഹികൾ, ശുശ്രൂഷകർ തുടങ്ങിയവർ പാത്രിയർക്കീസ് ബാവായ്ക്കൊപ്പം ഫോട്ടോകളെടുത്തു. തുടർന്ന് അലങ്കരിച്ച അടയ്ക്കാക്കുല പാത്രിയർക്കീസ് ബാവായ്ക്കു സമ്മാനിച്ചു.
സ്വീകരണച്ചടങ്ങുകൾക്കു പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി വികാരിമാരായ ഫാ.ബേസിൽ കൊല്ലാർമാലി, ഫാ.ഏലിയാസ് കീരിമുളയിൽ, ട്രസ്റ്റി കെ.ജെ. സോജൻ, സെക്രട്ടറി രാജീവ് പി.ഡേവിസ് എന്നിവരടങ്ങിയ മാനേജിങ് കമ്മിറ്റി നേതൃത്വം നൽകി. പാത്രിയർക്കീസ് ബാവായുടെ രണ്ടാം തൃശൂർ സന്ദർശനമാണിത്. 2015–ൽ കണ്ണാറ സെന്റ് മേരീസ് യാക്കോബായ പള്ളി അദ്ദേഹം സന്ദർശിച്ചിരുന്നു.
വളരെ സന്തോഷം: പാത്രിയർക്കീസ് ബാവാ
പഴഞ്ഞി ∙ തൃശൂരിലും പെങ്ങാമുക്ക് പള്ളിയിലുമെത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും പള്ളിയുടെ വികസന പ്രവർത്തനങ്ങൾ ഭംഗിയായി നടക്കട്ടെ എന്നും പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ അഭിസംബോധന പ്രസംഗത്തിൽ പറഞ്ഞു.പള്ളി തർക്കങ്ങളിൽ പ്രതീക്ഷ കൈവിടരുതെന്നും നീതി നിറവേറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലിഷിലാണ് പാത്രിയർക്കീസ് ബാവാ പ്രസംഗിച്ചത്.മലങ്കര യാക്കോബായ സഭയുടെ ആരാധന ഭാഷയായ സുറിയാനിയോടൊപ്പം മലയാളത്തിലും ബാവാ പ്രാർഥന ചൊല്ലി. ‘ദൈവമേ നീ പരിശുദ്ധനാകുന്നു’, ‘സ്വർഗസ്ഥനായ പിതാവേ’ എന്നീ പ്രാർഥനകളുടെ ആദ്യ ഭാഗമാണ് ബാവാ മലയാളത്തിൽ ചൊല്ലിയത്.
ഭദ്രാസന സ്വീകരണം ഇന്ന്
തൃശൂർ ∙ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ഇന്നു രാവിലെ 8ന് ആര്യംപാടം ഒലിവ് മൗണ്ടൻ സെന്ററിലെ പുതിയ സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ കൂദാശ നിർവഹിക്കും. വിശുദ്ധ മൂറോൻ അഭിഷേക കൂദാശയ്ക്കും കുർബാനയ്ക്കും മുഖ്യകാർമികത്വം വഹിക്കും.
തുടർന്നു 10ന് പൊതുസമ്മേളനം നടക്കും. ഉച്ചകഴിഞ്ഞു 3ന് യാക്കോബായ സഭയുടെ തൃശൂർ ഭദ്രാസനാസ്ഥാനമായ ചുവന്നമണ്ണ് ഗലീലിയൻ സെന്ററിൽ പാത്രിയർക്കീസ് ബാവയ്ക്കു സ്വീകരണം നൽകും. ഇതോടൊപ്പം ഇവിടെ നിർമിക്കുന്ന സെന്റ് ജോസഫ്സ് യാക്കോബായ പള്ളിയുടെ ശിലാസ്ഥാപനം ബാവാ നിർവഹിക്കും. തുടർന്നു നടക്കുന്ന സ്വീകരണ സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.