മഞ്ജുളാലിൽ പുതിയ ഗരുഡ ശിൽപം, തൊട്ടു മുന്നിൽ അലങ്കാര ഗോപുരം: രണ്ടാഴ്ചയ്ക്കകം പണി തുടങ്ങും

Mail This Article
ഗുരുവായൂർ ∙ മഞ്ജുളാലിനു മുന്നിൽ ഗുരുവായൂരിന്റെ മുഖമുദ്രയായി അര നൂറ്റാണ്ടിലേറെയായി ചിറകു വരിച്ചു നിൽക്കുന്ന ഗരുഡ ശിൽപം മാറ്റി പുതിയത് സ്ഥാപിക്കും. ഇപ്പോഴുള്ള സിമന്റ് ശിൽപത്തിനു പകരം അതേ വലുപ്പത്തിലുള്ള വെങ്കല ശിൽപമാണ് സ്ഥാപിക്കുന്നത്. ഇതിനായി ആലിനു ചുറ്റും കരിങ്കൽതറ കെട്ടി ബലപ്പെടുത്തും. മഞ്ജുളാലിനു മുന്നിൽ പുതുതായി അലങ്കാര ഗോപുരവും നിർമിക്കും. ഇതിനു നിർമാണ അനുമതിയും കെഎസ്ഇബിയുടെ എൻഒസിയും ലഭിച്ചു. ഭക്തരുടെ വഴിപാടാണ് രണ്ടു നിർമാണങ്ങളും. മഞ്ജുളാലിലെ ഗരുഡ ശിൽപം പായൽ പിടിച്ചു നിറം മങ്ങിയതിനെ കുറിച്ചു ‘മനോരമ’ കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യം ദേവസ്വം ഭരണസമിതി ചർച്ച ചെയ്തു.
വെങ്കലത്തിൽ പുതിയ ഗരുഡ ശിൽപം സ്ഥാപിക്കാൻ തയാറായവരെ ദേവസ്വം ബന്ധപ്പെട്ടു. ഒരു വർഷം മുൻപ് ആരംഭിച്ചെങ്കിലും വെങ്കലത്തിൽ ശിൽപം വാർക്കുന്നത് ഇപ്പോഴാണ് പൂർത്തിയായത്. ഫിനിഷിങ് ജോലികൾ മൂന്നാഴ്ചയ്ക്കകം കഴിയുമെന്ന് ശിൽപി ഉണ്ണി കാനായി ദേവസ്വത്തെ അറിയിച്ചു.ശിൽപം സ്ഥാപിക്കാനുള്ള കരിങ്കൽതറയുടെ നിർമാണം രണ്ടാഴ്ചയ്ക്കകം ആരംഭിക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അറിയിച്ചു. പഴയ ശിൽപം ഉചിതമായ സ്ഥലത്ത് മാറ്റി സ്ഥാപിക്കും.