കാട്ടാനക്കൂട്ടം നശിപ്പിച്ചത് ലക്ഷങ്ങളുടെ കാർഷിക വിളകൾ

Mail This Article
അതിരപ്പിള്ളി ∙ കൃഷിയിടത്തിൽ കയറിയ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കാർഷിക വിളകൾ നശിച്ച് ലക്ഷങ്ങളുടെ നഷ്ടം. വെട്ടിക്കുഴി മൽപ്പാൻ ജോസിന്റെ പുരയിടത്തോടു ചേർന്നുള്ള തോട്ടത്തിലാണ് ഇന്നലെ പുലർച്ചെ കാട്ടാനകൾ കയറി കൃഷി നാശം വരുത്തിയത്. നാല് മണിയോടെ എത്തിയ ആനകൾ വെട്ടം വീണ ശേഷമാണ് കാടു കയറിയത്. അഞ്ച് വലിയ തെങ്ങുകളും 18 ചെറുതും കാട്ടാനകൾ മറിച്ചു. അൻപത് കവുങ്ങും, 35 വാഴകളും നിലംപരിശാക്കി. വീട്ടുകാർ പാട്ട കൊട്ടി ശബ്ദമുണ്ടാക്കി ആനകളെ തുരത്തി.
വനാതിർത്തിയിൽ സ്ഥാപിച്ച സോളർ വേലി മറികടന്നാണ് ആനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങിയത്. ഒറ്റരാത്രിയിൽ ഒരേക്കർ ഭൂമിയിലെ കാർഷിക വിളകൾ പൂർണമായും നശിച്ചു. വീടിനു സമീപം വച്ചിരുന്ന ശുദ്ധജല ടാങ്കും ആനകൾ തകർത്തു. തോട്ടം നനയ്ക്കുന്ന പൈപ്പുകളും ആനക്കൂട്ടത്തിന്റെ ചവിട്ടേറ്റ് ഉപയോഗശൂന്യമായി. കഴിഞ്ഞ വർഷം ഇദ്ദേഹത്തിന്റെ നൂറിലധികം കരിങ്കോഴികളെ പുലി പിടികൂടിയിരുന്നു. അയൽവാസി ജോണി കോലാനിക്കലിന്റെ വീടിനു മുൻപിലെ ഗേറ്റും ആനകൾ തകർത്തു.ഇന്നലെ രാവിലെ കൊന്നക്കുഴി സ്റ്റേഷനിലെ വനപാലകർ കൃഷിനാശം സംഭവിച്ച പുരയിടത്തിൽ സന്ദർശനം നടത്തി.
സൗരോർജ സുരക്ഷാവേലി അറ്റകുറ്റപ്പണിയില്ലാതെ നശിക്കുന്നു
വെറ്റിലപ്പാറ ∙ വനാതിർത്തിയിൽ സ്ഥാപിച്ച സൗരോർജ സുരക്ഷാ വേലി അറ്റകുറ്റപ്പണികൾ മുടങ്ങി നശിക്കുന്നു. ചിക്ളായി മുതൽ വൈശേരി വരെയുളള രണ്ടര കിലോമീറ്റർ ദൂരത്തിൽ സംരക്ഷണ വേലിയുടെ കമ്പികൾ പൊട്ടിയ നിലയിലാണ്. കാലപ്പഴക്കത്തിൽ ബാറ്ററികൾ പ്രവർത്തനം ഇടയ്ക്കിടെ തടസ്സപ്പെടുന്നതായി ആരോപണമുണ്ട്. കോട്ടാമല– പീലാർമുഴി ഭാഗങ്ങളിലും വന്യജീവി ആക്രമണം പ്രതിരോധിക്കുന്ന സുരക്ഷാ സംവിധാനം ശരിയായ വിധത്തിൽ പ്രവർത്തിക്കുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വൈദ്യുത വേലി തകരാറിലായതോടെ കൃഷിയിടങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. വനാതിർത്തിയിൽ വൈദ്യുത വേലിയുടെ ലൈൻ വലിക്കുന്നതിനായി സ്ഥാപിച്ച തൂണുകൾ പലതും നിലംപൊത്തി.