വയനാട് ജില്ലാ പഞ്ചായത്ത് ബജറ്റിൽ ഭവന നിർമാണത്തിന് 10 കോടി; വിദ്യാഭ്യാസ മേഖലയ്ക്ക് 5.21 കോടി
Mail This Article
കൽപറ്റ ∙ വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം, ഭവന നിർമാണം, സ്ത്രീകളുടെ ഉന്നമനം തുടങ്ങിയവ ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ബജറ്റ്. 70.57 കോടി രൂപ വരവും 70.11 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അവതരിപ്പിച്ചു. 46.05 ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയത് ഭവനനിർമാണത്തിനാണ്–10.36 കോടി രൂപ. വിദ്യാഭ്യാസ മേഖലയ്ക്ക് 5.21 കോടി രൂപയും സ്ത്രീകൾക്കായുള്ള വിവിധ പദ്ധതികൾക്ക് 3.33 കോടി രൂപയും വകയിരുത്തി. കുട്ടികൾ, ഭിന്നശേഷിക്കാർ, വയോധികർ, പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി 3.33 കോടി രൂപ വകയിരുത്തി.
കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്കായി 2.5 കോടി രൂപയും സാമൂഹികക്ഷേമത്തിനായി 2.43 കോടി രൂപയും കുടിവെള്ള പദ്ധതികൾക്കായി 2.18 കോടി രൂപയും ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികൾക്കായി 2.18 കോടി രൂപയും വകയിരുത്തി. മൃഗസംരക്ഷണം, ക്ഷീര വികസനം എന്നിവയ്ക്കായി 2.65 കോടി രൂപ വകയിരുത്തി. അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും ബജറ്റിൽ ഊന്നൽ നൽകി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സ്ഥിരസമിതി അധ്യക്ഷന്മാർ, അംഗങ്ങൾ, സെക്രട്ടറി ബെന്നി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന ബജറ്റ് നിർദേശങ്ങൾ
∙ ജില്ലയിലെ നെൽക്കൃഷി വികസനത്തിനും കൂടുതൽ ആളുകളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും സ്ഥിരം കൃഷിക്ക് സബ്‌സിഡിക്കുമായി 2.5 കോടി രൂപ
∙ ക്ഷീര കർഷകർക്ക് പാലിന് സബ്‌സിഡി നൽകുന്നതിന് 2.31 കോടി രൂപ ക്ഷീര സഹകരണ സംഘങ്ങൾക്ക് റിവോൾവിങ് ഫണ്ട് ഇനത്തിൽ 10 ലക്ഷം രൂപ
∙ സാക്ഷരത ഡിഗ്രി തുല്യത പഠന പ്രോത്സാഹനം പദ്ധതിക്കായി 10 ലക്ഷം രൂപ
∙ അരിവാൾ രോഗ നിർണയത്തിനായി ടിഎസ്പി ഫണ്ടിൽ 10 ലക്ഷം രൂപ
∙ കുട്ടികളുടെ വളർച്ചാ വൈകല്യ ചികിത്സാ പദ്ധതിയായ ആയുർ സ്പർശത്തിന് 30 ലക്ഷം രൂപ
∙ വയോജനങ്ങളുടെ ക്ഷേമത്തിനായി 20 ലക്ഷം രൂപ
∙ ജില്ലയിലെ ഭിന്നശേഷി വിഭാഗക്കാരെ മുഖ്യധാരയോട് ചേർത്തു നിർത്തുന്നതിനായി മോട്ടോറൈസ്ഡ് വീൽചെയർ നൽകുന്ന 'ശുഭയാത്ര' പദ്ധതിക്ക് 50 ലക്ഷം രൂപ
∙ ഭിന്നശേഷിക്കാർക്ക് സ്‌കോളർഷിപ് ധനസഹായം നൽകുന്നതിന് 42 ലക്ഷം രൂപ
∙ നവജാത ശിശുക്കളുടെ അരിവാൾരോഗ നിർണയം നടത്തുന്നതിന് 11 ലക്ഷം രൂപ
∙ എച്ച്ഐവി രോഗികൾക്ക് പോഷകാഹാര കിറ്റ് നൽകുന്നതിനായി 20 ലക്ഷം രൂപ
∙ അതിദാരിദ്ര്യ നിർമാർജന പദ്ധതിക്ക് 10 ലക്ഷം രൂപ
∙ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുമായി ചേർന്ന് നടത്തുന്ന എബിസി പദ്ധതിക്ക് 10 ലക്ഷം രൂപ
∙ സർക്കാർ സ്‌കൂളുകളിലെ എസ്പിസി യൂണിറ്റുകൾക്ക് ബാൻഡ് സെറ്റ് നൽകൽ പദ്ധതിക്ക് 15 ലക്ഷം രൂപ
∙ പട്ടികജാതി വിദ്യാർഥികൾക്ക് പഠനമുറി പദ്ധതിക്കായി 10 ലക്ഷം രൂപ പട്ടികവർഗ വിദ്യാർഥികൾക്ക് പഠന മുറിക്കായി 21 ലക്ഷം രൂപ