ADVERTISEMENT

സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ മലയാളിയായി വടകര കീഴരിയൂർ സ്വദേശിനി. എ. കെ. ശാരിക ഇനി റെയിൽവേ മാനേജ്മെന്റ് സർവീസിലേക്ക്. ഇതുമായി ബന്ധപ്പെട്ട നിയമന ഉത്തരവ് കേന്ദ്ര സർക്കാരിന്റെ പഴ്സണൽ മന്ത്രാലയത്തിൽ നിന്നും ശാരികയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ചു. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയായ ശാരിക വീൽ ചെയറിൽ ഇരുന്നാണ് ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയത്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സൊല്യൂട്ട് ഐഎഎസ് അക്കാദമിയുടെ സ്ഥാപകൻ ഡോ. ജോബിൻ എസ് കൊട്ടാരം ആരംഭിച്ച ‘പ്രൊജക്റ്റ്‌ ചിത്രശലഭം’ എന്ന പരിശീലന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ്  ശാരികയുടെ ജീവിതത്തിൽ വഴിത്തിരിവായത്. കഴിഞ്ഞ വർഷം വീൽ ചെയറിൽ നിന്നും സിവിൽ സർവീസ് ലഭിച്ച ഷെറിൻ ഷഹാനയും അബ്സൊല്യൂട്ട് അക്കാദമിയുടെ 'ചിത്ര ശലഭം 'പദ്ധതിയുടെ ഭാഗമായിരുന്നു.

ശാരികയുടെ ഇടതു കയ്യുടെ മൂന്ന് വിരലുകൾക്ക് മാത്രമേ ചലനശേഷിയുള്ളൂ. ഈ പരിമിതികളൊക്കെ മറികടന്നാണ് ശാരിക ഇപ്പോൾ സിവിൽ സർവീസ് എന്ന ലക്ഷ്യം കീഴടക്കിയിരിക്കുന്നത്. കീഴരിയൂർ എരേമ്മൻ കണ്ടി ശശിയുടേയും രാഖിയുടെയും മകളാണ് ശാരിക. പ്ലസ്ടു വിദ്യാർഥിയായ ദേവിക സഹോദരിയാണ്. 2024ല്‍ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി. തുടർന്ന്  ജനുവരി 30ന് ഡൽഹിയിൽ വച്ച് നടന്ന ഇന്റർവ്യൂവിൽ മികവ് തെളിയിച്ചു. ഓൺലൈനായും തിരുവനന്തപുരത്ത് നേരിട്ടുമായിരുന്നു പരിശീലനം. ഭിന്ന ശേഷിക്കാരായ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനാണ് മൂന്നു വർഷം മുൻപ് ഡോ. ജോബിൻ എസ് കൊട്ടാരം ‘പ്രൊജക്റ്റ്‌ ചിത്രശലഭം’ ആരംഭിച്ചത്. 922-ാം റാങ്ക് നേടിയാണ് ശാരിക സിവിൽ സർവീസ് എന്ന ലക്ഷ്യം സ്വന്തമാക്കിയത്.

English Summary:

Breaking Barriers: Kerala Woman with Cerebral Palsy Joins Indian Civil Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com