‘വാൽസല്യപൂർവം' നടത്താം; വീട്ടമ്മമാർക്കൊരു സംരംഭം
Mail This Article
ഇപ്പോൾ സാഹചര്യം അനുകൂലമല്ലെങ്കിലും, ഗ്രാമ–നഗര വ്യത്യാസമില്ലാതെ സ്ത്രീകൾക്ക് ആരംഭിക്കാവുന്ന ലഘുസംരംഭമാണു കുട്ടികളുടെ ഡേ കെയർ സെന്റർ. ആറു മാസം മുതൽ 5 വയസ്സുവരെ പ്രായമുള്ള കുട്ടികളെ ഡേ കെയർ സെന്ററിൽ വിടാറുണ്ട്. 25 കുഞ്ഞുങ്ങൾ വരെയുള്ള ഇത്തരം സെന്ററുകൾ ഒരാൾക്ക് ഒറ്റയ്ക്കു നടത്തിക്കൊണ്ടുപോകാൻ സാധിക്കും.
മിക്ക വീടുകളിലും ഭാര്യാഭർത്താക്കൻമാർ ജോലിക്കു പോകുന്ന ഇക്കാലത്ത് ഇത്തരം സ്ഥാപനങ്ങളുടെ പ്രസക്തി ഏറിവരികയാണ്. ജോലിക്കു പോകുന്ന സമയത്തെ കുട്ടികളുടെ പരിചരണം മാതാപിതാക്കളുടെ ഏറ്റവും വലിയ ആശങ്കയാണ്. വാത്സല്യപൂർവം കുട്ടികളെ പരിചരിക്കാനും അവരുടെ സംരക്ഷണം ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്തത്തോടെ വേണം ഇത്തരം സ്ഥാപനങ്ങൾ ഒരു സംരംഭമായി നടത്തിക്കൊണ്ടുപോകാൻ. താൽപര്യമുള്ളവർക്ക് ആസ്വാദ്യകരമായി നടത്തിക്കൊണ്ടുപോകാവുന്ന സംരംഭമാണു ഡേ കെയർ സെന്റർ.
കുട്ടികളുടെ പ്രായമനുസരിച്ചാണു നിരക്ക് നിശ്ചയിക്കാറുള്ളത്. ഉത്തരവാദിത്തം കൂടുതലാണെങ്കിലും, വീടിനോടു ചേർന്നുതന്നെ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വീട്ടമ്മമാർക്കു മോശമല്ലാത്ത മാസവരുമാനം ലഭ്യമാക്കുന്ന സംരംഭമാണു ഡേ കെയർ സെന്റർ.
ആവശ്യമായ സ്ഥിരനിക്ഷേപം
∙വൃത്തിയുള്ള 500 ചതുരശ്ര അടി കെട്ടിടം (വാടകയ്ക്കോ സ്വന്തം വീടിന്റെ ഭാഗമായോ കണ്ടെത്താം)
∙കുട്ടികൾക്കുള്ള കസേരകൾ, പായകൾ, കളിക്കോപ്പുകൾ, ഫീഡിങ് ഉപകരണങ്ങൾ തുടങ്ങിയവ: 25,000.00
ആവർത്തനച്ചെലവുകൾ
∙ഒരു മാസത്തെ ശമ്പളം: 15,000.00
∙കറന്റ്, വെള്ളം, ഗ്യാസ്, ഓഫിസ് ചെലവുകൾ, വാടക തുടങ്ങിയവ: 5,000.00
ആകെ: 20,000.00
ആകെ നിക്ഷേപം: 25,000+20,000=45,000.00
ഒരു മാസത്തെ ആകെ വരുമാനം (ശരാശരി കുട്ടിയിൽനിന്നു 2,500 രൂപ നിരക്കിൽ ലഭിച്ചാൽ): 75,000.00
ഒരു മാസത്തെ നീക്കിയിരിപ്പുതുക: 75,000–20,000=55,000.00
(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)
English Summary : Business Idea - How to start a daycare