ADVERTISEMENT

എല്ലാവർക്കും സുപരിചിതമായ കളിയാണ് പാമ്പും കോണിയും. ഭാഗ്യമുള്ളപ്പോൾ നമ്മൾ കരു നീക്കി നീക്കി കോണിക്കു കീഴിലെത്തുന്നു, കോണി കയറി, വിചാരിച്ചതിനേക്കാൾ വേഗത്തിൽ ഉയരത്തിലെത്തുന്നു. പിന്നെയും ഭാഗ്യം കടാക്ഷിച്ചാൽ ഇരുപതാം കളത്തിൽനിന്നു വളരെ പെട്ടെന്ന് അറുപതാം കളത്തിലെത്തുന്നു. സുരക്ഷിതമായ ഉയരത്തിലെത്തിയല്ലോ, ലക്ഷ്യം ഇങ്ങരികിലാണല്ലോ എന്നൊക്കെ വിചാരിച്ച് അടുത്ത നീക്കം നടത്തുന്നു. അതാ, വാ പൊളിച്ചു നിൽക്കുന്നു ഒരു നെടുങ്കൻ പാമ്പ്! അതു വിഴുങ്ങി ഇങ്ങു താഴെ പത്തിലോ പതിനഞ്ചിലോ ചെന്നു വീഴുന്നു.

 

Ramalinga Raju. Photo Credit: REUTERS
രാമലിംഗ രാജു. Photo Credit: REUTERS

ഈ കളി ജീവിതത്തിൽ സദാ നടന്നുകൊണ്ടിരിക്കുന്നതു നമ്മൾ പലപ്പോഴും തിരിച്ചറിയുന്നില്ല. പലരുടെയും പിടികിട്ടാത്ത വേഗത്തിലുള്ള ഉയർച്ചയിലും പെട്ടെന്നുള്ള പതനത്തിലും ജീവിതത്തിന്റെ പാമ്പും കോണിയും കളി നമ്മൾ കാണാതെ പോകുന്നു.

Chitra Ramkrishna
ചിത്ര രാമകൃഷ്ണ. Photo Credit: Umesh GOSWAMI / AFP

 

Chanda Kochhar
ചന്ദ കൊച്ചാർ. Photo Credit: AFP PHOTO

കുറേക്കാലം മുൻപു ‘സത്യം കംപ്യൂട്ടേഴ്സ്’ ഒരു വിജയഗാഥയായിരുന്നു. ഇന്നിപ്പോൾ അത് അസത്യത്തിന്റെ പര്യായമായി. പലരും ആരാധനയോടെ നോക്കിയിരുന്ന രാമലിംഗ രാജു ഇന്നു കുറ്റവാളിയാണ്. നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ ചിത്ര രാമകൃഷ്ണ ആ മേഖലയിലെ ഏറ്റവും ആധികാരിക വ്യക്തിയായിരുന്നു. ഇപ്പോൾ അന്വേഷണം നേരിടുന്നു. ഐസിഐസിഐ ബാങ്ക് മേധാവിയായിരുന്ന ചന്ദ കൊച്ചാർ സ്വജനപക്ഷപാതത്തിന്റെ പേരിൽ ഉയരങ്ങളിൽനിന്നു വീണതും നമ്മൾ കണ്ടു. ഇവരാരും ബുദ്ധിയില്ലാത്തവരോ കഴിവുകളില്ലാത്തവരോ സ്വാധീനമില്ലാത്തവരോ അല്ല. സ്വന്തം കഴിവുകൾകൊണ്ട് ഉയരങ്ങൾ കീഴടക്കിയവരാണവർ. എന്നിട്ടും പാമ്പുകളുടെ വായിൽ എങ്ങനെ അകപ്പെട്ടു?

career-vazhivilaku
Representative Image. Photo Credit: Christos Georghiou/Shutterstock

 

പ്രശസ്തരല്ലാത്തവരെയും സാധാരണ ജീവിതം നയിക്കുന്നവരെയും കാത്തിരിക്കുന്നുണ്ട് പാമ്പുകൾ. അമിതാഗ്രഹവും ആഡംബരാസക്തിയും എന്ന പാമ്പ് വിഴുങ്ങിയവരാണ് അഴിമതിക്കു കുപ്രസിദ്ധി നേടുന്നവർ. വിജിലൻസ് കോടതി വരാന്തകളിലോ ജയിലറയിലോ ശിഷ്ടജീവിതം നയിക്കുന്നവർ. പിടിക്കപ്പെട്ടെങ്കിലേ കുഴപ്പമുള്ളൂ, സൂക്ഷിച്ചു ചെയ്താൽ അഴിമതിയും കള്ളത്തരങ്ങളുംകൊണ്ടു കുഴപ്പമൊന്നുമില്ല എന്ന മൂഢവിശ്വാസം മറ്റൊരു പാമ്പാണ്. എല്ലാവരും നിയമം ലംഘിക്കുകയല്ലേ, പിന്നെ ഞാൻ മാത്രമെന്തിനു പുണ്യവാളനാകണം എന്ന വിചാരത്തിൽ തെറ്റുകളുടെ സഹയാത്രികരാവുന്നവർ വേറൊരു പാമ്പിന്റെ വായിലേക്കു പ്രവേശിക്കുകയാണ്. അതിരുവിട്ട സ്വാർഥതയും മറ്റുള്ളവരക്കുറിച്ചുള്ള പരിഗണനയില്ലായ്മയുമൊക്കെ പതനത്തിനു ഹേതുവാകുന്നു.

 

പ്രലോഭനങ്ങളെന്ന സാത്താൻ ഓരോ പ്രായത്തിൽ ഒരോ രൂപത്തിൽ പിന്നാലെ കൂടും. പഠിക്കുമ്പോൾ പരീക്ഷ എഴുതുന്നതിലെ കള്ളമായിട്ടാകും വരിക. പിന്നെയത് മാതാപിതാക്കളെ ഒളിപ്പിച്ചു ചെയ്യുന്ന വേണ്ടായ്മകളായിരിക്കും. പിടിക്കപ്പെടാത്തതിന്റെ ധൈര്യം യൗവനത്തിൽ വാസനാബദ്ധമായ മറ്റു പ്രലോഭനങ്ങളിലേക്കു ക്ഷണിക്കും. സ്ത്രീകളോടുള്ള പെരുമാറ്റത്തിലെ കൃത്യതയില്ലായ്മ കാരണം ജീവിതത്തിന്റെ ഗോപുരമുകളിൽനിന്നു വീണുപോയ എത്ര പ്രഗത്ഭരാണുള്ളത്!

 

ജോലിയിൽ പ്രവേശിക്കുമ്പോൾ അവിടെയുമെത്തും സാത്താനും അയാളുടെ പാമ്പും. അഴിമതിയും പക്ഷപാതവും മനപ്പൂർവമായ കെടുകാര്യസ്ഥതയും എത്ര ‘അഭിലഷണീയ’മെന്നു സാത്താൻ പറഞ്ഞുതരും! കുറുക്കുവഴികളിലൂടെയും അനർഹമായും നേടുന്ന വിജയങ്ങൾ വലിയ ആപത്തുകളിലേക്കു നയിക്കുന്ന മായാമൃഗമാണ്. ‘അധ്വാനിക്കാതെ നേടുന്നതും മറ്റൊരാളെ വേദനിപ്പിച്ചു നേടുന്നതുമൊന്നും എനിക്കു വേണ്ട’ എന്നു പറയാൻ ധൈര്യമുള്ളവരെ വിഴുങ്ങാൻ ഒരു പാമ്പിനും കഴിയില്ല. വഴിയിൽ പാമ്പുണ്ടോ എന്നു ശ്രദ്ധിച്ചു നടക്കണമെന്നു മാത്രം. ആ യാത്രയിൽ ജീവിതം നമുക്കു മുന്നിൽ ഉയരമുള്ള കോണികൾ കാണിച്ചുതന്നുകൊണ്ടേയിരിക്കും. ഓർക്കുക, പാമ്പും കോണിയും തീർച്ചയായും വെറും കളിയല്ല. 

 

Content Summary : Vazhivilakku K.Jayakumar Talks About 3 leaders who began well but lost their way

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com