കടിയുടെ പാടിലും ഇവർ തെളിവു കണ്ടെത്തും; കുറ്റവാളികളെ കുടുക്കും ഫൊറൻസിക് ഡെന്റിസ്ട്രി

Mail This Article
സാഹചര്യത്തെളിവുകൾ ശേഷിപ്പിക്കാതെയൊരു കൊലപാതകം. പ്രതിയിലേക്കു വിരൽചൂണ്ടാവുന്ന ഒന്നും ക്രൈം സീനിലില്ല. പക്ഷേ, മൂന്നാംദിവസം കേസ് തെളിഞ്ഞു. എങ്ങനെയെന്ന ചോദ്യത്തിന്റെ ഉത്തരം കൊല്ലപ്പെട്ടയാളുടെ കൈത്തണ്ടയിലൊരു കടിയുടെ പാടായി (ബൈറ്റ്മാർക്ക്) ശേഷിച്ചിരുന്നു. അതു പരിശോധിച്ചപ്പോൾ പല്ലിൽ നടത്തിയ ചികിത്സയിലേക്കും പ്രതിയുടെ പ്രായത്തിലേക്കും വെളിച്ചംവീശി. ഈ സൂചനകളിൽനിന്നു പ്രതിയെ കണ്ടെത്താനായി. ഇതെങ്ങനെ സാധ്യമാകുമെന്നു സംശയമുണ്ടെങ്കിൽ ഫൊറൻസിക് ഡെന്റിസ്ട്രിയെക്കുറിച്ചറിയണം. അധികം പരിചിതമല്ലാത്ത ഈ മേഖലയെപ്പറ്റി ഗുജറാത്തിലെ ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിൽനിന്ന് എംഎസ്‌സി ഫൊറൻസിക് ഡെന്റിസ്ട്രിയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടിയ ഡോ. ഏയ്ഞ്ചല മാത്യു പറയുന്നതു കേൾക്കൂ.
ബിഡിഎസ് വഴി
കോട്ടയം വാഴൂർ ഈസ്റ്റ് പായിക്കാട്ട് ഇടകുളഞ്ഞിയിൽ ജോർജുകുട്ടിയുടെയും ഷൈനി തോമസിന്റെയും മകളായ ഏയ്ഞ്ചല ബിഡിഎസ് കഴിഞ്ഞാണു ഫൊറൻസിക് ഡെന്റിസ്ട്രിയിൽ എത്തിയത്. മംഗളൂരുവിലെ ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിൽ നിന്നാണു ബിഡിഎസ് ചെയ്തത്. ക്ലിനിക്കൽ വർക്കിനോടു താൽപര്യം ഉണ്ടായിരുന്നില്ല. ഫൊറൻസിക്, ക്രൈം വിഷയങ്ങളിലായിരുന്നു ഇഷ്ടം. പിജിക്ക് ഇത്തരത്തിലൊരു മേഖലയിലേക്കു തിരിഞ്ഞാലോ എന്നു തോന്നി. പലയിടത്തും ഫൊറൻസിക് ഡെന്റിസ്ട്രിയിൽ ഡിപ്ലോമ കോഴ്സുകൾ ഉണ്ടെങ്കിലും പിജി പഠനാവസരം നന്നേകുറവാണ്. ഗുജറാത്തിലെ ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിലെ ഫൊറൻസിക് ഡെന്റിസ്ട്രി പിജി പ്രോഗ്രാമിന്റെ പരസ്യം പത്രത്തിൽക്കണ്ടതു വഴിത്തിരിവായി. ബിഡിഎസാണു യോഗ്യത. 2022 ഡിസംബറിൽ ഗാന്ധിനഗർ ക്യാംപസിൽ പ്രവേശനം നേടി.
പല്ല് മാത്രമല്ല
ആദ്യ സെമസ്റ്ററിൽ ഫൊറൻസിക് സയൻസ്, ഫിസിയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി തുടങ്ങിയവ പഠിക്കണം. മൃഗങ്ങളുടെ പല്ല്, എല്ല് എന്നിവയെപ്പറ്റിയും പഠിക്കാനുണ്ട്. ലഭിക്കുന്ന സ്പെസിമെൻ മനുഷ്യന്റെയോ മൃഗങ്ങളുടെയോ എന്നു മനസ്സിലാക്കാനാണിത്. ആദ്യ സെമസ്റ്ററിലെ മറ്റൊരു പ്രധാന വിഷയം ക്രൈം സീൻ മാനേജ്മെന്റാണ്. രണ്ടാം സെമസ്റ്ററിൽ നിയമം, ഡെന്റിസ്ട്രിയിലെ നിയമവശങ്ങൾ, പ്രാക്ടിസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട മര്യാദകൾ, ജനറ്റിക്സ് ആൻഡ് ബയോസ്റ്റാറ്റിസ്റ്റിക്സ്, ഫൊറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി എന്നിവ പഠിക്കണം. ഹ്യുമൻ ഐഡന്റിഫിക്കേഷൻ ആൻഡ് ഡിസാസ്റ്റർ വിക്ടിംസ് ഐഡന്റിഫിക്കേഷൻ എന്ന ഭാഗവുമുണ്ട്. വലിയ ദുരന്തങ്ങളിൽ ആന്റിമോർട്ടം– പോസ്റ്റ്മോർട്ടം ഡേറ്റ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയുക, ഡെന്റൽ രേഖകൾ വച്ച് ആളുകളെ കണ്ടെത്തുക എന്നിവയാണ് ഇതിൽ പഠിക്കുന്നത്. റേഡിയോഗ്രഫ്, പല്ല് അടയ്ക്കുന്നതുപോലുള്ള വിവരങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയുന്നതിനെക്കുറിച്ച് ഇതിൽ പഠിക്കുന്നു. പ്രായോഗിക പഠനത്തിന് ഊന്നൽ നൽകുന്ന സിലബസാണ്. മൂന്നാം സെമസ്റ്ററിൽ ഇഷ്ടമുള്ള വിഷയം ഇലക്ടീവ് കോഴ്സായി തിരഞ്ഞെടുക്കാം. നാലാം സെമസ്റ്ററിൽ ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുത്ത് അതിൽ റിസർച്ചും ചെയ്യാം.

സാധ്യതകൾ
ഫൊറൻസിക് സയൻസ് പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ അധ്യാപന സാധ്യതകളുണ്ട്. ഫൊറൻസിക് ക്രൈം ഇൻവെസ്റ്റിഗേറ്റർ ആയും ജോലി നോക്കാം. പൊലീസ്, വിവിധ കുറ്റാന്വേഷണ ഏജൻസികൾ എന്നിവയിൽ അവസരം പ്രതീക്ഷിക്കാം. ബൈറ്റ്മാർക്ക്, പല്ലിൽനിന്നു പ്രായം കണ്ടെത്തുക തുടങ്ങി എല്ലോ പല്ലോ തെളിവുകളായി വരുന്ന കേസുകളിലാണ് ഇവരുടെ സേവനം വേണ്ടിവരിക. പാത്തോളജി, റേഡിയോളജി, ഫൊറൻസിക് ഒഡന്റോളജി, ആന്ത്രപ്പോളജി എന്നിവയെല്ലാം പഠിക്കാനുള്ളതിനാൽ വിദേശത്തും സാധ്യതകളുണ്ട്.