ഇന്റർവ്യൂവിന് മറിച്ചും തിരിച്ചും ചോദിക്കും; തന്ത്രപൂർവം പറഞ്ഞാൽ ജോലി ഉറപ്പാക്കും 12 ഉത്തരങ്ങൾ

Mail This Article
ജോലിക്കായുളള നമ്മുടെ പരിശ്രമത്തിലെ പ്രധാന കടമ്പയാണ് ഇന്റര്‍വ്യൂ അഥവാ വ്യക്തിഗത അഭിമുഖപരീക്ഷ. മറ്റ് കടമ്പകളെല്ലാം ധൈര്യത്തോടെ ചാടിക്കടന്ന് വന്നവര്‍ പോലും അഭിമുഖത്തിന്റെ ഘട്ടത്തില്‍ ഒന്നു പതറാറുണ്ട്. കുഴപ്പിക്കുന്ന ചില ചോദ്യങ്ങളാണ് അഭിമുഖങ്ങളെ പലപ്പോഴും ബുദ്ധിമുട്ടേറിയതാക്കുന്നത്. ഇവിടെ പ്രശ്‌നം അഭിമുഖത്തിന്റെയല്ല, അതിനായുള്ള നമ്മുടെ തയാറെടുപ്പിന്റെയാണ്. അഭിമുഖത്തില്‍ ചോദിക്കാറുള്ള ചില ബുദ്ധിമുട്ടേറിയ ചോദ്യങ്ങളും അവയ്‌ക്ക് ഉത്തരം നല്‍കേണ്ട രീതിയും അറിയാം
1. നിങ്ങളുടെ ദൗര്‍ബല്യങ്ങള്‍ എന്തെല്ലാം ?
സ്വയം നെഗറ്റീവായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണോ എന്നെല്ലാം ഈ ചോദ്യം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കു തോന്നാം. എന്നാല്‍, ഇതിലൂടെ അവര്‍ അറിയാന്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ക്ക് സ്വയമുള്ള അവബോധവും മെച്ചപ്പെടാനുള്ള നിങ്ങളുടെ സന്നദ്ധതയുമാണ്. നിങ്ങള്‍ മെച്ചപ്പെടുത്താനായി ശ്രമിച്ചു കൊണ്ടിരിക്കുന്ന ഏതെങ്കിലും മേഖലയെക്കുറിച്ചു പറയാം. നിങ്ങള്‍ ആ ദൗര്‍ബല്യത്തെ മറികടക്കാന്‍ സ്വീകരിച്ച നടപടികളും വിശദീകരിക്കാം.
2. തലവേദന പിടിച്ച ഒരു ഉപഭോക്താവിനെ കൈകാര്യം ചെയ്‌ത വിധം പറയുക
നിങ്ങളുടെ ഉപഭോക്തൃ സേവന നൈപുണ്യശേഷികളും സമ്മർദവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളും നേരിടാനുള്ള കഴിവും അളക്കാനുള്ള ചോദ്യമാണിത്. ഒരു സാഹചര്യത്തെ നിങ്ങള്‍ പ്രഫഷനലിസത്തിലൂടെ നല്ലവണ്ണം കൈകാര്യം ചെയ്‌ത ഒരു സാഹചര്യം പറയുക.
3. മറ്റ് ഉദ്യോഗാർഥികളില്‍നിന്ന് നിങ്ങളെ വ്യത്യസ്‌തനാക്കുന്ന ഘടകം
കമ്പനിയിലേക്ക് നിങ്ങള്‍ക്കു കൊണ്ടുവരാനാകുന്ന തനത് മൂല്യമെന്താണെന്നു തിരിച്ചറിയാനുള്ള ചോദ്യമാണിത്. നിങ്ങളുടെ തനതായ ശേഷികള്‍, അനുഭവപരിചയം, അപേക്ഷിച്ചിരിക്കുന്ന തൊഴിലിന് പ്രയോജനപ്രദമാകുന്ന നിങ്ങളുടെ വീക്ഷണങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം സംസാരിക്കാം.
4. ശമ്പളത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍
നിങ്ങളുടെ പ്രതീക്ഷകള്‍ കമ്പനിയുടെ ബജറ്റിൽ ഒതുങ്ങുമോ എന്നതാണ് അവര്‍ക്കറിയേണ്ടത്. നിങ്ങള്‍ അപേക്ഷിച്ചിരിക്കുന്ന ജോലിക്ക് നിലവില്‍ മറ്റിടങ്ങളില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന തുകയും നിങ്ങളുടെ അനുഭവപരിചയവും എല്ലാം വിലയിരുത്തി മാത്രമേ ശമ്പളപ്രതീക്ഷ പങ്കുവയ്‌ക്കാവുള്ളൂ. ഇതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാനും നീക്കു പോക്കുകള്‍ നടത്താനും നിങ്ങള്‍ സന്നദ്ധനാണെന്നും അവരെ അറിയിക്കണം.
5. ഒരു തീരുമാനത്തെ പ്രതിരോധിക്കേണ്ടിവന്ന അവസ്ഥയെക്കുറിച്ച് ഒരു ഉദാഹരണം
തീരുമാനങ്ങള്‍ എടുക്കുന്നതിലെയും നടപ്പാക്കുന്നതിലെയും നിങ്ങളുടെ ആത്മവിശ്വാസമാണ് അവര്‍ക്ക് അറിയേണ്ടത്. മുന്‍ ജോലിയില്‍ ചില തീരുമാനങ്ങളില്‍ നിങ്ങള്‍ ഉറച്ചുനിന്നതിന്റെയും അതിനു പിന്നിലെ നിങ്ങളുടെ യുക്തികളെയുംകുറിച്ച് സംസാരിക്കാവുന്നതാണ്.
6. ഒരു ഡെഡ്‌ലൈനിനുള്ളില്‍ ജോലി പൂര്‍ത്തീകരിക്കാന്‍ കഴിയാതെവന്ന സന്ദര്‍ഭം പറയൂ
നിങ്ങളുടെ സമയനിര്‍വഹണശേഷിയും തിരിച്ചടികളെ നേരിടാനുള്ള കഴിവുകളെയുമാണ് ഇതിലൂടെ അവര്‍ വിലയിരുത്താന്‍ ശ്രമിക്കുന്നത്. സാഹചര്യങ്ങളെക്കുറിച്ച് സത്യസന്ധത പുലര്‍ത്തുക എന്നതാണ് ഇതില്‍ പ്രധാനമായും ചെയ്യേണ്ടത്. എല്ലാ ഡെഡ്‌ലൈനുകളുമൊന്നും ആരെക്കൊണ്ടും പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ക്കും നല്ല ബോധ്യമുണ്ടാകും. അതിനാല്‍, നിങ്ങള്‍ക്ക് ഡെഡ്‌ലൈനിനുളളില്‍ ജോലി തീര്‍ക്കാന്‍ സാധിക്കാതിരുന്ന സാഹചര്യം സത്യസന്ധമായി വിശദീകരിച്ചിട്ട് അതില്‍നിന്ന് നിങ്ങള്‍ പഠിച്ച പാഠങ്ങളും ഭാവിയില്‍ അത്തരം സാഹചര്യം ഒഴിവാക്കാന്‍ ചെയ്‌ത നടപടികളും പറയുക.
7. ക്ലയന്റിനോടോ മാനേജരോടോ നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്ത എങ്ങനെ അവതരിപ്പിക്കും
നിങ്ങളുടെ ആശയവിനിമയശേഷി, ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലെ തന്മയീഭാവശേഷി എന്നിവയെല്ലാമാണ് അവര്‍ക്കറിയേണ്ടത്. പ്രശ്‌നപരിഹാരത്തിലൂന്നി നിന്നുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്‌തു എന്നുവിശദീകരിക്കുക.
8. സമ്മര്‍ദം എങ്ങനെ കൈകാര്യം ചെയ്യുന്നു
സമ്മര്‍ദം നിയന്ത്രിക്കാനായി നിങ്ങള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളും അതുമൂലം നിങ്ങളുടെ പ്രകടനത്തില്‍ ഉണ്ടായി ഗുണങ്ങളുമൊക്കെ വിശദീകരിക്കാം.
9. ധാര്‍മികമായ ഒരു ആശയക്കുഴപ്പം ജോലിയില്‍ നേരിട്ട സന്ദര്‍ഭം
നിങ്ങളുടെ നൈതികത, തീരുമാനങ്ങള്‍ എടുക്കാനുളള ശേഷി എന്നിവയാണ് ഇവിടെ വിലയിരുത്തുന്നത്. ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനായി ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ നിങ്ങള്‍ എടുത്ത നടപടിക്രമങ്ങള്‍ വിശദീകരിക്കാം.
10. നിലവിലെ ജോലി വിടാനുണ്ടായ സാഹചര്യം
നിങ്ങളുടെ ജോലി മാറാനുള്ള പ്രചോദനത്തെയും അത് എത്രമാത്രം പുതിയ കമ്പനിക്ക് ഇണങ്ങുന്നതാണെന്നും അറിയാനുള്ള ചോദ്യമാണിത്. പഴയ സ്ഥാപനത്തെ കുറ്റം പറയാതിരിക്കാന്‍ ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പകരം വളര്‍ച്ചയ്‌ക്കും പുതിയ വെല്ലുവിളികള്‍ക്കുമായുള്ള നിങ്ങളുടെ പ്രചോദനം പങ്കുവയ്‌ക്കാം. പുതിയ കമ്പനി നിങ്ങളുടെ കരിയര്‍ ലക്ഷ്യങ്ങളുമായി എത്രമാത്രം ചേര്‍ന്നു കിടക്കുന്നു എന്നും വിശദീകരിക്കേണ്ടതാണ്.
11. ഒരു ജോലി ആരെ ഏല്‍പിക്കണമെന്ന് എങ്ങനെ തീരുമാനിക്കുന്നു
നിങ്ങളുടെ നേതൃത്വപരമായ ശേഷികളെ അളക്കാനുള്ള ചോദ്യമാണിത്. നിങ്ങള്‍ സഹപ്രവര്‍ത്തകരുടെ ശേഷികളെയും ജോലിഭാരത്തെയും വളര്‍ച്ച താൽപര്യങ്ങളെയും എങ്ങനെ വിലയിരുത്തി, പ്രത്യേക ജോലികള്‍ അവരെ ഏല്‍പിക്കുന്നു എന്ന് വിശദീകരിക്കുക.
12. സഹപ്രവര്‍ത്തകരുമായുള്ള വഴക്കുകള്‍ എങ്ങനെ കൈകാര്യം ചെയ്യും
നിങ്ങളുടെ വ്യക്തികളെ മാനേജ് ചെയ്യാനുള്ള ശേഷികളെയും പ്രഫഷനലിസത്തെയും സൗഹാര്‍ദപരമായ തൊഴിലിടം സാധ്യമാക്കാനുള്ള ശേഷിയെയും ഈ ചോദ്യത്തിലൂടെ അഭിമുഖകര്‍ത്താക്കള്‍ വിലയിരുത്തുന്നു. തുറന്ന സമീപനത്തോടെയും സുതാര്യമായ ആശയവിനിമയത്തിലൂടെയും കൂടിയാലോചനകളിലൂടെയും തൊഴിലിടത്തിലെ പ്രശ്‌നങ്ങളും വഴക്കുകളും തീര്‍ക്കാനുള്ള നിങ്ങളുടെ കഴിവുകള്‍ വിശദീകരിക്കുക.