അഖിലേന്ത്യാ മെഡിക്കൽ പിജി: സ്ട്രേ റജിസ്ട്രേഷൻ 22 വരെ
Mail This Article
ന്യൂഡൽഹി ∙ ഒട്ടേറെ മെഡിക്കൽ പിജി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പ്രത്യേക സ്ട്രേ വെക്കൻസി റൗണ്ട് പ്രഖ്യാപിച്ചു. അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലേക്ക് ഇന്നു മുതൽ 22 വരെ റജിസ്റ്റർ ചെയ്യാം. ചോയ്സ് ഫില്ലിങ്ങിനും ലോക്കിങ്ങിനും 18 മുതൽ 22 വരെ സമയുമുണ്ട്. സീറ്റ് അലോട്മെന്റ് നടപടികൾ 23,24 തീയതികളിൽ പൂർത്തിയാക്കും.
24നു ഫലം പ്രഖ്യാപിക്കും. 25 മുതൽ 30 വരെ കോളജുകളിൽ ചേരാം. സംസ്ഥാന ക്വോട്ട കൗൺസലിങ് നടപടികൾ 25 മുതൽ അടുത്തമാസം 2 വരെയായി നടക്കും.നീറ്റ് പിജി പ്രവേശനത്തിനുള്ള കട്ട് ഓഫ് പെർസന്റൈൽ പൂജ്യമാക്കി കുറച്ചിട്ടും 1700 സീറ്റുകളിലേറെ ഒഴിഞ്ഞുകിടക്കുകയാണ്. 3 റൗണ്ട് കൗൺസലിങ്ങും അതിനു ശേഷം സ്ട്രേ വെക്കൻസി റൗണ്ടും പൂർത്തിയായിട്ടും അഖിലേന്ത്യാ ക്വോട്ടയിലെ 105 സീറ്റുകളിൽ ആളില്ല. എംബിബിഎസ് സീറ്റുകളിൽ പ്രത്യേക സ്ട്രേ വേക്കൻസി റൗണ്ട് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പിജി സീറ്റുകളിലേക്കും സമാനരീതി തീരുമാനിച്ചതെന്ന് എംസിസി പറയുന്നു.