‘അധ്യാപകർക്ക് ചൂരൽ വടി തിരിച്ചു കൊടുക്കൂ, അധ്യാപക അവകാശങ്ങൾ സംരക്ഷിക്കൂ’ !

Mail This Article
‘അധ്യാപനം ഒരു അപകടകരമായ ജോലി?’ – കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും അധ്യാപകരുടെ ഗ്രൂപ്പുകളിലും ഇങ്ങനെയുള്ള തലക്കെട്ടിലും സമാനമായ ശീർഷകങ്ങളിലും വ്യാപകമായി പ്രചരിക്കുന്ന വിഷയമാണിത്. ഇതിന്റെ അടിസ്ഥാനമെന്താണ്? കേരളത്തിലെ അധ്യാപകർ (അതിൽ തന്നെ ബഹുഭൂരിഭാഗവും ഹയർ സെക്കൻഡറി) ഇത്തരത്തിൽ ചില ഉദാഹരണങ്ങൾ സഹിതം പോസ്റ്റുകൾ ഷെയർ ചെയ്യുന്നുണ്ട്. ‘അധ്യാപകർക്ക് ചൂരൽ വടി തിരിച്ചു കൊടുക്കൂ, അധ്യാപക അവകാശങ്ങൾ സംരക്ഷിക്കൂ’ തുടങ്ങിയ അഭിപ്രായങ്ങളും സജീവമായി ഉയരുന്നു. വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന വേറൊരു പോസ്റ്റ് ഇങ്ങനെ ‘‘അധികാരങ്ങളും അവകാശങ്ങളും ഇല്ലാത്ത, ഉത്തരവാദിത്തങ്ങൾ മാത്രം പേറേണ്ട കോമാളിവേഷമാണ് അധ്യാപകന്റേത്. കുട്ടികൾ തമ്മിൽത്തല്ലുന്നതു കണ്ടാലും വഴിതെറ്റിപ്പോകുന്നത് കണ്ടാലും പഠിച്ചാലും പഠിച്ചില്ലെങ്കിലും കോപ്പിയടിച്ചാലും സ്കൂൾ തല്ലിപ്പൊളിച്ചാലും കഞ്ചാവ് വലിച്ചാലും കരണംകുത്തി മറിഞ്ഞാലും... കണ്ണും കാതും അടച്ച് ഒരു ഗൂഢസ്മിതത്തോടെ ശമ്പളം എണ്ണിനോക്കി വീട്ടിൽ പോയാൽ മതി.’’
കുട്ടികളുമായി ബന്ധപ്പട്ട് അച്ചടക്കനടപടികൾ സ്വീകരിക്കുമ്പോൾ ഒട്ടേറെ സാമൂഹികവും നിയമപരവുമായ പ്രതിസന്ധികൾ അധ്യാപകർ നേരിടുന്നുണ്ട്. കേരളത്തിലെ സ്കൂളുകളിൽനിന്നു വരുന്ന വാർത്തകൾ ചിലതെങ്കിലും ആശങ്ക ജനിപ്പിക്കുന്നുണ്ട്. ഇവിടെ ആരാണ് തിരുത്തേണ്ടത്, കുട്ടികളോ അധ്യാപകരോ? അധ്യാപകർ ഇതിലൊന്നും ഇടപെടാതെ ഒഴിഞ്ഞു മാറുന്നതല്ലേ നല്ലത് തുടങ്ങിയ ചോദ്യങ്ങളെ വളരെ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ട്. രണ്ടാഴ്ച മുൻപ് പുറത്തിറങ്ങിയ ‘ദ് യങ് മൈൻഡ്: റൈസിങ് അഗ്രഷൻ ആൻഡ് ആങ്കർ ബൈ സാപിയൻ ലാബ്, ജനുവരി 2025 (The Youth Mind:Rising Aggression and Anger by Sapien Lab, January 2025) പഠന റിപ്പോർട്ട് ഈ പശ്ചാത്തലത്തിൽ പരിശോധിക്കുന്നത് ഉചിതമായിരിക്കും. അമേരിക്കയിലേയും ഇന്ത്യയിലേയും പതിമൂന്നിനും പതിനേഴിനും ഇടയിലുള്ള പതിനായിരം വിദ്യാർഥികളെ ഉൾപ്പെടുത്തിയ ഈ പഠനത്തിൽ കുട്ടികളുടെ മാനസിക നിലയും സ്മാർട് ഫോണുകളും തമ്മിലുള്ള ബന്ധമാണ് പ്രധാനമായും അന്വേഷിച്ചിട്ടുള്ളത്. ഈ റിപ്പോർട്ടിലെ വളരെ പ്രധാനപ്പെട്ട നിരീക്ഷണങ്ങളിലൊന്ന് സ്മാർട് ഫോണുകൾ വന്നതിന് ശേഷം നമ്മുടെ സമൂഹത്തിൽ പ്രത്യേകിച്ച് കുട്ടികളുടെ മാനസികനിലയിൽ വലിയ മാറ്റങ്ങൾ വന്നിരിക്കുന്നുവെന്നതാണ്.
പതിനെട്ടിനും ഇരുപത്തിനാലിനും മധ്യേ പ്രായക്കാരുടെ ഗ്രൂപ്പും ഇരുപത്തിയഞ്ചിനും മുപ്പത്തിനാലിനും മധ്യേ പ്രായക്കാരുടെ ഗ്രൂപ്പും താരതമ്യ പഠനം നടത്തിയപ്പോൾ പതിമൂന്നിനും പതിനേഴിനും മധ്യേ വയസ്സുള്ള കൗമാരക്കാർ വളരെ മോശമായ മാനസികാരോഗ്യ നിലയിലാണെന്നു പഠനം ചൂണ്ടിക്കാണിക്കുന്നു. അജ്ഞാതമായ കാരണങ്ങളാലുള്ള ദുഃഖം, ആശങ്ക, അനാവശ്യവും വിചിത്രവുമായ ചിന്തകൾ, യാഥാർഥ്യത്തിൽനിന്നും അകന്നു നിൽക്കുന്ന പ്രവണത, പെട്ടെന്ന് പൊട്ടിത്തെറിക്കുകയും അക്രമാസക്തരാകുകയും ചെയ്യുന്ന രീതി, കോപം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ, കുറ്റബോധത്താൽ ഉൾവലിയുക തുടങ്ങിയ അതിസങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

വീട്ടിലെ തിരക്കുകൾക്കിടയിൽ മൊബൈൽ ഫോൺ കൊടുത്ത് അടക്കിയിരുത്തുന്ന ശൈലിയാണ് ഭൂരിപക്ഷം രക്ഷിതാക്കളും പിന്തുടരുന്നത്. ലോകത്തെ അടുത്തറിയാൻ തുടങ്ങന്ന നാളുകളിൽ തന്നെ കളിപ്പാട്ടങ്ങൾക്ക് പകരം മൊബൈൽ ഫോൺ നൽകുന്ന ശീലം ഇനിയെങ്കിലും ഒഴിവാക്കിയേ തീരു. ഏത് പ്രായം മുതലാണ് കുട്ടികൾക്ക് സ്മാർട് ഫോണുകൾ നൽകേണ്ടത് എന്ന കാര്യത്തിൽ നിയമപരമായ ഇടപെടലുകൾ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. യുഎസിലെ ‘Wait Until 8th’, യുകെയിലെ ‘Smartphone Free Childhood’ തുടങ്ങിയ ക്യാംപെയ്നുകളും 16 വയസ്സു വരെയുള്ളവർക്ക് ഓസ്ട്രേലിയ സോഷ്യൽ മീഡിയ വിലക്കേർപ്പെടുത്തിയതും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. ഗൗരവമേറിയ പഠനങ്ങളും നിയമപരമായ ഇടപെടലുകളും നമ്മുടെ രാജ്യത്തും അനിവാര്യമായിരിക്കുന്നു. കുഞ്ഞുനാളിലെ മൊബൈൽ ഫോൺ നൽകി സ്ക്രീനു അടിമയാക്കുന്നതു മോശം പേരന്റിങ്ങാണെന്ന് രക്ഷിതാക്കളും തിരിച്ചറിയണം.
തലമുറകൾ തമ്മിലുള്ള ഡിജിറ്റൽ വിടവിൽ മാത്രമൊതുക്കേണ്ട വിഷയമല്ലിത്. കുഞ്ഞുനാളിൽ തന്നെ സ്മാർട് ഫോണിനോട് സംവദിച്ചു വളർന്ന തലമുറയുടെ സാമൂഹികവീക്ഷണം, അഭിരുചികൾ, മൂല്യബോധം, മാനസിക വ്യാപാരങ്ങൾ തുടങ്ങിയവയെക്കുറിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടത്ര ധാരണയുണ്ടായിട്ടില്ലെന്നത് യാഥാർഥ്യമാണ്. സ്മാർട് ഫോൺ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് അധ്യാപകരെക്കാളും അറിവുള്ള വിദ്യാർഥികളാണ് കേരളത്തിലെ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്നത്.
അധ്യാപകർ അവർ പഠിച്ചകാലത്തെ അളവുകോലുകളുമായി ‘ജെൻ സി’ കുട്ടികളെ സമീപിക്കുന്നിടത്താണ് പ്രശ്നങ്ങൾക്ക് തുടക്കമിടുന്നത്. കൗമാരക്കാരുടെയിടയിൽ വർധിക്കുന്ന ലഹരിമരുന്നുകളുടെ ഉപയോഗം, സമൂഹമാധ്യമങ്ങൾ സമ്മാനിക്കുന്ന അതിവൈകാരികതയിലൂന്നിയ വെർച്വൽ ലോകങ്ങൾ, അതിസങ്കീർണ്ണമായ മാനസിക വ്യാപാരങ്ങൾ തുടങ്ങി പുതിയ തലമുറയെ പരുവപ്പെടുത്തുന്ന ഘടകങ്ങളെ തിരിച്ചറിയാതെ കേവലമായ അച്ചടക്കപരിപാലനത്തിന് ശ്രമിക്കുന്നിടത്താണ് സംഘർഷങ്ങളുണ്ടാകുന്നത്. സത്യത്തിൽ നമ്മൾ ഇപ്പോഴും ഒരു ജനാധിപത്യ ബോധത്തിൽ ജീവിക്കുന്ന സമൂഹമല്ല. എല്ലാം മുതിർന്നവർക്കാകാം എന്ന നിലപാടാണ് ഇതിന് ഒരുദാഹരണം. ഒരു സിനിമയിൽ മോഹൻലാൽ പറഞ്ഞ ഡയലോഗുണ്ടല്ലോ ‘നീ ഒരു കുട്ടിയാണ്, നിനക്കൊന്നുമറിയില്ല’ എന്നത് ബഹുഭൂരിപക്ഷത്തിന്റെയും നിലപാട് തന്നെയാണല്ലോ?
അധ്യാപകർ ഉന്നയിക്കുന്ന പ്രശ്നങ്ങളും നിസ്സാരമായി കാണേണ്ടതില്ല. എന്തിനും ഏതിനും കുട്ടികളുടെ അവകാശങ്ങളെ മറയാക്കുന്ന പ്രവണത അഥവാ ഒരു നിർമിത ബോധം കുറെയെങ്കിലും അധ്യാപകരെ വിഷമത്തിലാക്കുന്നുണ്ട്. എല്ലാ കാര്യത്തിലും ഇരയേയും വേട്ടക്കാരനേയും ബ്രാൻഡ് ചെയ്യുന്ന അതീവ അപകടകരമായ മാധ്യമപ്രചരണവും തിരിച്ചറിയേണ്ടതുണ്ട്. സ്കൂളിന്റെ അച്ചടക്കത്തിന് വിരുദ്ധമായി വസ്ത്രധാരണം, മുടി നീട്ടി വളർത്തൽ, അധ്യാപകരോടുള്ള ബഹുമാനമില്ലാത്ത പെരുമാറ്റം, ലഹരിയുടെ അതീവ രഹസ്യമായ വിതരണവും ഉപയോഗവും വനിതാ അധ്യാപകർക്ക് മുതിർന്ന ആൺകുട്ടികളോടുള്ള ഭയം, ഏതെങ്കിലും വിഷയത്തിൽ കുട്ടികളെ ശാസിക്കുകയോ ശിക്ഷകൾ നൽകുകയോ കുറച്ചു ദിവസത്തേക്ക് സ്കൂളിൽ നിന്നും പുറത്താക്കുകയോ ചെയ്താൽ പ്രിൻസിപ്പലും അധ്യാപകരും നേരിടേണ്ടി വരുന്ന നിയമ നടപടികൾ, രക്ഷിതാക്കൾ, പിടിഎ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, രാഷ്ട്രീയ നേതാക്കന്മാർ തുടങ്ങിയവരുടെ നിസ്സഹരണം, കുറ്റപ്പെടുത്തൽ, കുട്ടികൾ എന്ത് തെറ്റുകൾ ചെയ്താലും 'മൈൻഡ് ചെയ്യണ്ട' എന്ന അപകടകരമായ ചിന്ത തുടങ്ങിയവയാണ് ഇത്തരം പ്രശ്നങ്ങളുടെ കാതൽ.
പാഠഭാഗങ്ങൾ ചിട്ടയായി പഠിപ്പിക്കുക മാത്രമല്ലല്ലോ അധ്യാപകരുടെ കർത്തവ്യം. കൂട്ടികളെ തിരുത്താനും ചേർത്തു നിർത്താനും ഇവരിൽ പലരും ശ്രമിക്കുന്നില്ല. അധ്യാപകർക്ക് ഇതിൽ ഉത്തരവാദിത്തവുമുണ്ടെന്നത് വിസ്മരിക്കരുത്. കുട്ടികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഗുരതരമായ അനാരോഗ്യ പ്രവണതകൾ ആരാണ് തിരുത്തേണ്ടത്? അവർക്ക് ശരിയുടെ പാത കാട്ടിക്കൊടുക്കേണ്ടത് അധ്യാപകരല്ലാതെ വേറെയാരാണ്? കുട്ടികളുടെ അക്രമ വാസന കണ്ടില്ലെന്ന് അധ്യാപകർക്കു നടിക്കാനാവുമോ? അവരെ തിരുത്തി അവരുടെ ഉള്ളിൽ നന്മയുടെ സർഗ്ഗാത്മകതയുടെ, മാനവികതാബോധത്തിന്റെ, സാഹോദര്യത്തിന്റെ, സ്നേഹത്തിന്റെ വിത്തു മുളപ്പിക്കേണ്ടത് അധ്യാപകരല്ലേ. അതിനാവശ്യമായ മനഃശാസ്ത്രപരമായ ഇടപെടലുകൾ നടത്തേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്വമല്ലേ?

സാമൂഹികവും അക്കാദമികവുമായ ഘടകങ്ങളെ കൂട്ടിയിണക്കി കുട്ടികളെ കഴുകൻകാലുകളിൽനിന്നു തിരിച്ചുപിടിക്കാനുള്ള വലിയ വെല്ലുവിളി അധ്യാപകർ ഏറ്റെടുക്കുന്നില്ലെങ്കിൽ എന്തായിരിക്കും സംഭവിക്കുക? ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് അതിവൈകാരികമായി സമീപിക്കുന്നത് ഗുണകരമാവില്ല എന്ന തിരിച്ചറിവാണ് ഈ ഘട്ടത്തിൽ സൃഷ്ടിച്ചെടുക്കേണ്ടത്. ഈ മൗലികമായ ഉത്തരവാദിത്തത്തിൽ നിന്ന്, എന്തെങ്കിലും തിരിച്ചടികളേറ്റെന്ന് കരുതി ഒളിച്ചോടാനാവുമോ? കുട്ടികളെ ശാസിക്കാം, തെറ്റു തിരുത്താം പക്ഷേ ഈ തിരുത്തൽ പ്രക്രിയയുടെ രീതിശാസ്ത്രമാണ് ഉടച്ചുവാർക്കേണ്ടത്. പരസ്യമായ ശാസനകളും അധിക്ഷേപങ്ങളും ക്ലാസ്സിന് പുറത്താക്കലും ഗുണം ചെയ്യില്ലെന്നു മാത്രമല്ല, അത്തരം നിഷേധാത്മക പ്രവണതകൾ വർദ്ധിക്കുകയേ ഉള്ളൂ എന്ന് ഇനിയെങ്കിലും തിരിച്ചറിഞ്ഞേ മതിയാകൂ. Spare the road and spoil the child എന്ന വികലമായ അച്ചടക്കബോധത്തിൽ നിന്ന് അധ്യാപകർ പുറത്തു വരേണ്ടതുണ്ട്.
ക്ഷുഭിത കൗമാരങ്ങളെ സ്നേഹ വാൽസല്യത്താൽ പ്രകാശം പരത്തുന്നവരായി മാറ്റിയെടുത്ത എത്രയോ അധ്യാപകർ നമ്മുടെയിടയിലുണ്ട്. നമുക്ക് കുട്ടികളെയാണ് മനസ്സിലാവാത്തത്. അവർ നമ്മളെ വേഗത്തിൽ തിരിച്ചറിയുന്നുണ്ട് എന്നതും ഒരു തിരിച്ചറിവാകേണ്ടതുണ്ട്. കുട്ടികളുടെ ലോകം നമുക്ക് മനസിലാക്കാൻ കഴിയാത്ത വിധം വേഗതയാർന്നതും ഭ്രമാത്മകവുമായിരിക്കുന്നു. ഈ ഡിജിറ്റൽ അയഥാർഥ ഭൂമികയിൽ നിലം തൊടാതെ, ദിക്കറിയാതെ കുഴങ്ങുന്ന കുട്ടികൾക്ക് നന്മയിലേക്കുള്ള സ്നേഹപാതകൾ വളരെ ബോധപൂർവ്വം തെളിയിച്ചു കൊടുക്കുന്നിടത്താണ് വർത്തമാനകാലത്തെ അധ്യാപനത്തിന്റെ ഉദാത്തമായ മാനങ്ങൾ കാണാൻ കഴിയുക.
(ലേഖകൻ ബാലാവകാശ കമ്മിഷൻ മുൻ അംഗവും സമഗ്ര ശിക്ഷാ കേരള പത്തനംതിട്ട ജില്ലാ കോ–ഓർഡിനേറ്ററുമാണ്. അഭിപ്രായം വ്യക്തിപരം)