തൂവെള്ള നിറത്തിൽ കടൽ; ‘മിൽക്ക് സീ’ എന്ന നിഗൂഢ പ്രതിഭാസത്തിനു പിന്നിൽ?
Mail This Article
ഒന്നര നൂറ്റാണ്ടിലേറെയായി സമുദ്രഗവേഷകര്‍ കേട്ടിരുന്ന ഒരു പ്രതിഭാസമായിരുന്നു മില്‍ക്ക് സീ അഥവാ പാല് നിറമുള്ള സമുദ്രമെന്നത്. എന്നാല്‍ സമുദ്രത്തിലെ ഒട്ടനവധി പ്രതിഭാസങ്ങളെ പോലെ ഇതും സ്ഥിരീകരിക്കാന്‍ ഏറെ കാലതാമസമെടുത്തു. കേട്ടുകേള്‍വികള്‍ ഒരുപാടുണ്ടായിരുന്നു എങ്കിലും 2005 ല്‍ ക്യാമറയില്‍ പകര്‍ത്തിയ ഒരു ചിത്രത്തിലൂടെയാണ് ഈ പ്രതിഭാസം സ്ഥിരീകരിക്കപ്പെടുന്നത്. സാറ്റ്ലെറ്റ് ക്യാമറകളിലൂടെയാണ് ഈ സമുദ്രപ്രതിഭാസത്തിന്റെ ചിത്രം ആദ്യമായി ഗവേഷകരുടെ കയ്യിലേക്കെത്തുന്നത്.
മില്‍ക്ക് സീ എന്ന പ്രതിഭാസത്തിനു പിന്നില്‍?
2005 ല്‍ ഈ പ്രതിഭാസം സ്ഥിരീകരിക്കപ്പെട്ടതോടെ തുടര്‍ന്ന് ഏതാണ്ട് ഒരു പതിറ്റാണ്ടിലേറെ സമാനമായ പ്രതിഭാസങ്ങളെ ഗവേഷകര്‍ സാറ്റ്ലെറ്റ് ദൃശ്യങ്ങളിലൂടെ നിരീക്ഷിച്ചു. ഈ പഠനത്തിലൂടെയാണ് ഗവേഷകര്‍ മില്‍ക്ക് സീയ്ക്കു പിന്നിലെ ശാസ്ത്രീയ രഹസ്യം ചോര്ത്തിയെടുത്തുന്നത്. ഒരു പക്ഷേ ഭൂമിയില്‍ തന്നെ സംഭവിക്കുന്ന ഏറ്റവും വലിയ ബയോലൂമിനസെന്‍സ് മില്‍ക്ക് സീക്ക് കാരണമാകുന്നുവെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. അതേസമയം ഈ ബയോലൂമിനസെന്‍സ് എങ്ങനെ കടലില്‍ കിലോമീറ്ററുകള്‍ ദൂരത്തില്‍ വെള്ളനിറം വിതയ്ക്കുന്നു എന്നത് മനസ്സിലാക്കാന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ വിശദീരിക്കുന്നു.
1915 മുതല്‍ 1993 വരെയുള്ള കാലളവില്‍ ഏതാണ്ട് 235 തവണ ഈ പ്രതിഭാസം സമുദ്രയാത്രികര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതായത് വര്‍ഷത്തില്‍ ശരാശരി 3 തവണ മില്‍ക്ക് സീ കാണപ്പെടാറുണ്ട്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വച്ചുള്ള ഏറ്റവും വലിയ മില്‍ക്ക് സീ പ്രതിഭാസത്തിന് ഏതാണ്ട് ഒരു ലക്ഷം ചതുരശ്രകിലോമീറ്റര്‍ വലുപ്പമുണ്ടായിരുന്നുവെന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു. അതേസമയം ഈ പ്രതിഭാസം നേരിട്ട് കണ്ട ഒരു ഗവേഷക സംഘം പഠന വിധേയമാക്കിയത് ഒരു തവണ മാത്രമാണ്. 1985 ല്‍ മാത്രമാണ് ഒരു ഗവേഷക സംഘത്തിന് മില്‍ക്ക് സീ എന്ന പ്രതിഭാസം സംഭവിക്കുമ്പോൾ കടലിലൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ അക്കാലത്ത് ഈ പ്രതിഭാസം സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.
എറീ ബയോലൂമിനസെന്‍സ്
1985 ല്‍ മില്‍ക്ക് സീയിലൂടെ സഞ്ചരിച്ച ഗവേഷക സംഘം പക്ഷേ അന്ന് ആ മേഖലയിലെ സമുദ്രജലം ശേഖരിച്ചിരുന്നു. ആ ജലത്തില്‍ മറ്റനേകം സൂക്ഷ്മജീവികള്ക്കൊപ്പം വിബ്രിയോ ഹാര്വയ് എന്ന മറൈന്‍ ബക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. ബയോലൂമിനന്സ് അഥവാ പ്രകാശം ശേഖരിച്ച് വച്ച് പ്രതിഫലിപ്പിക്കാനുള്ള ശേഷിയുള്ളവയായിരുന്നു ഈ ബാക്ടീരിയികള്‍. അന്ന് തന്നെ മില്‍ക്ക് സീ എന്ന് പറയുന്ന പ്രതിഭാസത്തിന് പിന്നില്‍ ഈ ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടാകാമെന്ന് ഗവേഷഷകര് കണക്കുകൂട്ടുകയും ചെയ്തു. പക്ഷേ പതിനായിരക്കണക്കിന് ചതുരശ്രകിലോമീറ്റര്‍ നീളത്തില്‍ മണിക്കൂറുകള്‍ നീണ്ടു നില്ക്കുന്ന രീതിയില്‍ ഇവ പ്രകാശം എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്നത് അന്നും ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു.
ബാക്ടീരിയകളും പ്രകാശ പ്രതിഫലനവും തമ്മിലുള്ള ബന്ധം കണ്ടെത്താനുള്ള പഠനങ്ങള്‍ ഈ കാലഘട്ടത്തിലും പൂര്‍ത്തിയാകാത്തതിന് നിരവധി കാരണങ്ങളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം ഈ മില്‍ക്ക് സീയുടെ പ്രത്യക്ഷപ്പെടല്‍ വളരെ അപ്രതീക്ഷിതമാണ് എന്നതാണ്. കൂടാതെ മിക്കപ്പോഴും വളരെ ഒറ്റപ്പെട്ട മേഖലകളിലാണ് ഈ ബയോലൂമിനസെന്‍സ് പ്രതിഭാസം കണ്ടുവരുന്നതും. മനുഷ്യരുടെ സാന്നിധ്യമുള്ള മേഖലകളില്‍ ഈ പ്രതിഭാസമുണ്ടായാലും കൃത്രിമ പ്രകാശങ്ങളുടെ സാന്ദ്രത നിമിത്തം കടലില്‍ നിന്നുള്ള ഈ പ്രകാശം സ്വാഭാവികമായും പുറത്തേക്ക് പ്രതിഫലിക്കില്ല എന്നതാണ് മറ്റൊരു വസ്തുത.
സാറ്റ്ലെറ്റ് പഠനങ്ങള്‍
സാറ്റ്ലെറ്റുകളില് തന്നെ ലോ ഓര്‍ബിറ്റ് സാറ്റ്ലെറ്റുകള്‍ക്ക് മാത്രമാണ് ഈ മില്‍ക്ക് സീയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുക. ഈ ദൃശ്യങ്ങളില്‍ നേര്‍ത്ത പാട പോലെ കിലോമീറ്ററുകള്‍ നീളത്തില്‍ മില്‍ക്ക് സീയുടെ സാന്നിധ്യം തിരിച്ചറിയാനാകും. സാറ്റ്ലെറ്റ് ദൃശ്യങ്ങള്‍ പഠനത്തിനായി ഉപയോഗിച്ച് തുടങ്ങിയതോടെയാണ് മില്‍ക്ക് സീ പ്രതിഭാസം ഉടലെടുക്കുന്ന സാഹചര്യങ്ങളും ഗവേഷകര്‍ മനസ്സിലാക്കിയത്. പത്ത് വര്‍ഷത്തിലേറെ ശേഖരിച്ച സാറ്റ്ലെറ്റ് ദൃശ്യങ്ങളിലെ സാഹചര്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഇന്ത്യന്‍ മണ്‍സൂണ്‍ കാലഘട്ടത്തിലാണ് ഈ ബയോലൂമിനസെന്‍സ് പ്രതിഭാസം ഏറ്റവും ശക്തമായി ഉടലെടുക്കുന്നതെന്ന് ഗവേഷകര്‍ ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്.
പക്ഷേ ഇത് ഇന്ത്യന്‍ മഹാസാമുദ്രത്തിലെ ബയോലൂമിനസെന്‍സ് പ്രതിഭാസത്തിന്റെ സാഹചര്യം മാത്രമാണ്. മറ്റ് മേഖലകളിലും സമാനമായ സാഹചര്യങ്ങളുണ്ടോ എന്നതാണ് ഗവേഷകര്‍ ഇപ്പോള്‍ നിരീക്ഷിച്ചു വരുന്നത്. അതേസമയം തന്നെ ഇന്ത്യന്‍ മഹാസാമുദ്രത്തിലെ സാഹചര്യങ്ങള്‍ മനസ്സിലായതോടെ ബയോലൂമിനസെന്‍സ് സാധ്യത മുന്‍കൂട്ടി കണ്ട് നേരിട്ട് ഈ മേഖലയില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കാനാകുമോയെന്നും ഗവേഷകര്‍ ശ്രമിച്ചു വരികയാണ്.
English Summary: Eerie Bioluminescence That Creates 'Milky Sea' Revealed in New Satellite Study