ട്രംപ് ജയിക്കുമെന്ന് ഹിപ്പോ, കമലയെന്ന് അണ്ണാൻ: ഓരോ തവണയും പ്രവചിക്കാൻ ഓരോ ജീവി
Mail This Article
ലോകത്ത് നടക്കുന്ന പല തിരഞ്ഞെടുപ്പുകളുടെയും വിധി മുൻകൂട്ടി പ്രവചിക്കുന്ന ജീവികളുണ്ട്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഓരോ ജീവികളാണ് പ്രശസ്തരാകുന്നത്. മീൻ, ആമ, നീരാളി, പുഴു എന്നിവരെല്ലാം പ്രവചന പട്ടികയിലുണ്ട്. ഫുട്‌ബോൾ, ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ വിജയിയെ പ്രഖ്യാപിക്കാനും ഇവർ രംഗത്തെത്താറുണ്ട്. . ഇപ്പോഴത്തെ ചർച്ച യുഎസ് തിരഞ്ഞെടുപ്പ് ആണ്. ആര് ജയിക്കും? റിപബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപോ, ഡെമോക്രാറ്റിക് പാർട്ടി നേതാവ് കമല ഹാരിസോ? ട്രംപ് ജയിക്കുമെന്നാണ് തായ്‌ലൻഡ് മൃഗശാലയിലെ ഹിപ്പോയുടെ പ്രവചനം. എന്നാൽ സൗത്ത് കാരലിനയിലെ അണ്ണാന്റെ വോട്ട് കമല ഹാരിസിനാണ്.
രണ്ട് പാത്രത്തിന് മുകളിലായി സ്ഥാനാർഥികളുടെ പേര് എഴുതിവച്ചു. ശേഷം പാത്രത്തിൽ തീറ്റയിട്ടു. അണ്ണാൻ തിരഞ്ഞെടുത്തത് കമലയുടെ പേരുള്ള പാത്രമാണ്. തായ്‌ലൻഡിലെ സി റാച്ചയിലുള്ള ഖാവോ ഖിയോ എന്ന മൃഗശാലയിലെ ഒരു കുഞ്ഞൻ ഹിപ്പോയാണ് മൂ ഡെങ്. നാല് മാസം മാത്രം പ്രായമുള്ള ഹിപ്പോയ്ക്ക് തണ്ണിമത്തൻ നൽകിയാണ് വിജയിയെ കണ്ടെത്തിയത്.
സ്ഥാനാർഥികളുടെ പേര് തണ്ണിമത്തനിൽ എഴുതിവയ്ക്കുകയും ഹിപ്പോയെ തിരഞ്ഞെടുക്കാൻ വിളിക്കുകയുമായിരുന്നു. വെള്ളത്തിൽ വിശ്രമിക്കുകയായിരുന്ന മൂ ഡെങ് കരയിലേക്ക് എത്തുകയും ട്രംപ് എന്ന് എഴുതിവച്ചിരുന്ന തണ്ണിമത്തൻ കഴിക്കാനായി തിരഞ്ഞെടുക്കുകയുമായിരുന്നു. ഹിപ്പോയുടെ വിഡിയോ വൈറലായതോടെ മൃഗശാലയിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണം കൂടുകയും വരുമാനം 4 മടങ്ങ് വര്‍ധിക്കുകയും ചെയ്തതായി മൃഗശാല അധികൃതർ വ്യക്തമാക്കി.
2024 ജൂലൈയിലാണ് മൂ ഡെങ് ജനിക്കുന്നത്. നാല് മാസം കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആരാധകരെ പിഗ്‌മി ഇനത്തിൽപ്പെട്ട കുഞ്ഞൻ ഹിപ്പോ സ്വന്തമാക്കി. ഹിപ്പോയ്ക്ക് പേരിടാനായി മൃഗശാലയുടെ വെബ്സൈറ്റിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. മൂ ഡെങ് എന്ന പേരാണ് ആളുകൾ തിരഞ്ഞെടുത്തത്. തായ് വിഭവമായ ബൗൺസി പോർക്ക് എന്നർഥം വരുന്ന പേരാണിത്. പടിഞ്ഞാറൻ ആഫ്രിക്കയിലെ ചതുപ്പുകളിലും മഴക്കാടുകളിലുമാണ് പിഗ്‌മി ഹിപ്പോകൾ വസിക്കുന്നത്. വംശനാശം നേരിടുന്ന ഇവ ലോകത്ത് 2000–2500 എണ്ണം മാത്രമേയുള്ളൂ.
2016ൽ ട്രംപും ഹിലരി ക്ലിന്റണും മത്സരിച്ച സമയത്ത് നിരവധി ജീവികൾ വിജയിയെ പ്രഖ്യാപിച്ചിരുന്നു. ഒരു ആട് ഹിലരിയെയാണ് തിരഞ്ഞെടുത്തതെങ്കിലും വിജയം ട്രംപിനായിരുന്നു.