ADVERTISEMENT

മനുഷ്യന്റെ അന്ധവിശ്വാസങ്ങളിലേക്ക് ഏറെയെളുപ്പം പറന്നെത്തുകയും കൂടുകൂട്ടിക്കഴിയുകയും ചെയ്യുന്ന ജീവിയാണ് വവ്വാൽ. കാഴ്‌ചയിലെ ഭീകരതയും രാത്രികാലങ്ങളിലെ സഞ്ചാരവും കഥയിലെ ഡ്രാക്കുളയുമായുള്ള ‘രക്‌തബന്ധ’വുമൊക്കെയാണ് ഇതിനു പിന്നിൽ. എന്നാൽ കഥ കടന്ന് കാര്യത്തിലേക്കു വന്നാൽ ശുദ്ധപാവങ്ങളാണ് വവ്വാലുകൾ എന്ന പറക്കും സസ്‌തനികൾ. ലോകത്തിലെ നൂറുകണക്കിന് വവ്വാലിന ങ്ങളിൽ ഒരേയൊരിനം മാത്രമേ രക്‌തം കുടിക്കുന്നവയായുള്ളൂ. അവയുടെ പേരാണ് വാംപയർ ബാറ്റ് .

മനുഷ്യനടക്കമുള്ള ജീവികളുടെ രക്‌തം ഊറ്റിക്കുടിക്കുന്ന കണ്ണിൽച്ചോരയില്ലാത്തവരാണ് വാംപയർ ബാറ്റുകൾ എന്നാരും പറഞ്ഞേക്കരുത്. കാരണം, മനുഷ്യരല്ല, കന്നു കാലികളും മറ്റുമാണ് ഇവയുടെ പ്രധാന ഇരകൾ. രക്‌തം ഊറ്റിക്കുടിക്കുകയല്ല, ഇരയുടെ ശരീരത്തിൽ ഇരപോലുമറിയാതെയുണ്ടാക്കുന്ന കൊച്ചുമുറിവുകളിൽ നിന്ന് ചോരനക്കിക്കുടിക്കുകയാണ് വാംപയർ ബാറ്റുകളുടെ രീതി. ജീവനു ഭീഷണി പോയിട്ട് ചെറിയൊരു ചൊറിച്ചിൽ പോലും ഇതുമൂലം ഇരയ്‌ക്കുണ്ടാവുന്നില്ല! ചിറക് മാറ്റിനിർത്തിയാൽ ഒരു മനുഷ്യന്റെറ തള്ളവിരലിനോളം വലുപ്പമേ വാംപയർ ബാറ്റുകൾക്കുള്ളൂ.

തങ്ങളേക്കാൾ 10,000 ഇരട്ടി വലുപ്പമുള്ളവരുടെ വരെ ചോര ഇവ കുടിക്കും. ഇരയുടെ രക്‌തം കട്ടപിടിക്കാതിരിക്കാനുള്ള സൂത്രം ഇവയുടെ ഉമിനീരിലുണ്ട്. ഇര എത്ര വലുതായാലും ഒരു ടീസ്‌പൂണോളം ചോരയേ വാംപയർ ബാറ്റുകൾക്കു വേണ്ടൂ. അത്രയും കുടിക്കുമ്പോഴേക്കും ഇവയുടെ ശരീരഭാരം ഇരട്ടിയാകും. പിന്നെ സ്വന്തം താവളങ്ങളിലേക്ക് ബദ്ധപ്പെട്ടു പറന്നു പോകും. പകൽ മുഴുവൻ മരത്തിനു മുകളിലും ഗുഹകളിലും മറ്റും തലകീഴായി മയക്കം. രാത്രി വീണ്ടും ഇരതേടി സഞ്ചാരം. ഇങ്ങനെ പോകുന്നു വാംപയർ ബാറ്റുകളുടെ ജീവിതം.

ചോര കുടിച്ചുമാത്രം ജീവിക്കുന്ന ലോകത്തിലെ ഒരേയൊരിനം സസ്‌തനികളായ വാംപയർ ബാറ്റുകൾ തെക്കേ അമേരിക്കയിലും മധ്യഅമേരിക്കയിലും മാത്രമേയുള്ളൂ. മൂന്നിനങ്ങളാണ് ആകെയുള്ളത്. ഇരതേടിയിറങ്ങുന്നത് ഒറ്റയ്‌ക്കാണെങ്കിലും നൂറോളം അംഗങ്ങളുള്ള കോളനികളായാണ് ഇവയുടെ താമസം. ഇരപിടിയിൻ പക്ഷികളും പാമ്പുകളുമാണ് പ്രധാന ശത്രുക്കൾ. കാലികളിൽ അണുബാധയുണ്ടാക്കുന്നു എന്ന പേരു പറഞ്ഞ് വിഷം വച്ചും ഡൈനാമിറ്റ് പൊട്ടിച്ചുമൊക്കെ മനുഷ്യൻ ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com